election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

സേനാപതി: ഇടതുകോട്ടയായിരുന്നു സേനാപതി. എന്നാല്‍ കഴിഞ്ഞ തവണ യു.ഡി.എഫ്. ആ കോട്ട തകര്‍ത്തു. ഭരണം പിടിച്ചെടുത്തു. ഭരണം നിലനിര്‍ത്താനായി യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും തന്ത്രങ്ങള്‍ മെനഞ്ഞ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളും ചെങ്കുത്തായ ചെരിവുകളും നിറഞ്ഞ സേനാപതി പഞ്ചായത്ത് 1971-ലാണ് രൂപവത്കൃതമായത്. 40.948 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പഞ്ചായത്തില്‍ ടൂറിസം മാപ്പില്‍ ഇടംപിടിക്കാത്ത സ്വര്‍ഗംമേട് ഉള്‍പ്പെടെയുള്ള മനോഹരപ്രദേശങ്ങള്‍ നിരവധിയാണ്.

35 വര്‍ഷം ഇടതുഭരണമായിരുന്നു ഇവിടെ. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ യു.ഡി.എഫ്. അട്ടിമറിവിജയം നേടി.
13 വാര്‍ഡാണ് ഇവിടെയുള്ളത്. എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. യു.ഡി.എഫില്‍ ചര്‍ച്ച തുടരുന്നു. ഇരുകൂട്ടരും സജീവമായി പ്രചാരണരംഗത്തുണ്ട്.

നിര്‍ണായക വോട്ടുകള്‍

ഏലത്തോട്ടം മേഖലയെ ആശ്രയിച്ചുകഴിയുന്ന തമിഴ് ജനതയും പഞ്ചായത്തിലുണ്ട്. ഭാഷാ ന്യൂനപക്ഷ വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. സി.എസ്.ഡി.എസിന്റെ വേരോട്ടമുള്ള പഞ്ചായത്തില്‍ ഇവരുടെ നിലപാടും നിര്‍ണായകമാകും. എന്നാല്‍ ഇവിടെ സി.എസ്.ഡി.എസ്. ഇതുവരെ രാഷ്ട്രീയമായി നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സമഗ്രമായ വികസനം

എല്‍.ഡി.എഫിന്റെ 35 വര്‍ഷത്തെ ഭരണത്തിനുശേഷമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയും പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി. 50-തോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്തി. ഇവര്‍ വണ്ടിയില്‍ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കേണ്ട ഗതികേടിലായിരുന്നു. ജവഹര്‍ ഭവനപദ്ധതിയും ലൈഫ് ഭവനപദ്ധതിയും കാര്യക്ഷമമായി നടപ്പാക്കി. 200-ല്‍പരം വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. ആരോഗ്യമേഖലയില്‍ മങ്ങാത്തൊട്ടിയില്‍ സാമൂഹിക ആരോഗ്യകേന്ദ്രം സ്ഥാപിച്ചു. ആയുര്‍വേദ ആശുപത്രിയുടെ ഉപകേന്ദ്രവും പഞ്ചായത്തില്‍ ആരംഭിച്ചു. എല്ലാ മേഖലകളിലും വികസനം നടപ്പാക്കിയ യു.ഡി.എഫ്. തുടര്‍ഭരണം പ്രതീക്ഷിച്ചാണ് ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്.- ജോര്‍ജ് കുര്യന്‍,(കോണ്‍ഗ്രസ്)

പിന്നാക്കം പോയി

വികസനകാര്യങ്ങളില്‍ പൂര്‍ണമായും പിന്നാക്കം പോയി. ഇത്രയും മോശപ്പെട്ട ഭരണം ഇടുക്കി ജില്ലയില്‍ മറ്റൊരു പഞ്ചായത്തിലും ഉണ്ടായിട്ടില്ല. അഴിമതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനം കണ്ടത്. വികസനം വാര്‍ഡ് മെമ്പര്‍മാരുടെ വീടുകളിലേക്ക് മാത്രമാണ് പോയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥലത്താണ് ജലസേചനവകുപ്പിന്റെ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. 29 ലക്ഷത്തിന്റെ ജലനിധി പദ്ധതിയുടെ രണ്ടു കുളവും പ്രസിഡന്റിന്റെ പറമ്പില്‍തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. സേനാപതി പഞ്ചായത്ത് വികസനകാര്യങ്ങളില്‍ പൂര്‍ണമായും പിന്നാക്കം പോയി- പി.പി.എല്‍ദോസ്, സി.പി.എം.

content highlights: idukki local self government election senapathy panchayath