തൊടുപുഴ: ജില്ലയില്‍ എവിടെയും ഭരണം നേടാനായെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ നേട്ടം കൊയ്ത് എന്‍.ഡി.എ. വോട്ട് ഭാഗധേയവും സീറ്റും വര്‍ധിപ്പിച്ച ബി.ജെ.പി. പല പഞ്ചായത്തിലും മറ്റ് മുന്നണി സ്ഥാനാര്‍ഥികളുടെ വിജയപരാജയങ്ങളില്‍ നിര്‍ണായക ഘടകമായി. ആദ്യമായി ഏഴ് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നു.

പല പഞ്ചായത്തുകളിലെയും ഭരണം തീരുമാനിക്കാനുള്ള ബലവുമുണ്ട്. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ കഴിഞ്ഞ തവണത്തെ വിജയം നിലനിര്‍ത്താന്‍ ബി.ജെ.പി.ക്കായി

കൂടുതല്‍ മികച്ച വിജയമാണ് മുന്നണി നോട്ടമിട്ടിരുന്നതെങ്കിലും ഇടതു തരംഗം പ്രതീക്ഷകളെ തെറ്റിച്ചു. എങ്കിലും ഈ മുന്നേറ്റത്തില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.

നഗരസഭകളില്‍

തൊടുപുഴ നഗരസഭയില്‍ കഴിഞ്ഞ തവണ ജയിച്ച എട്ടില്‍ ഏഴു വാര്‍ഡുകളും നിലനിര്‍ത്തിയപ്പോള്‍ 33-ാംവാര്‍ഡ് നഷ്ടപ്പെട്ടു. പക്ഷേ, ന്യൂമാന്‍ കോളേജ് വാര്‍ഡ് പിടിച്ചെടുത്തു. കട്ടപ്പനയില്‍ കഴിഞ്ഞതവണ 29, 30 വാര്‍ഡുകളില്‍ വിജയിച്ച എന്‍.ഡി.എ. ഇത്തവണ 23, 29 വാര്‍ഡുകളിലാണ് വെന്നിക്കൊടി നാട്ടിയത്.

ഏഴ് പഞ്ചായത്തുകളില്‍കൂടി സാന്നിധ്യമായി

ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍കൂടി എന്‍.ഡി.എ. ആദ്യമായി സീറ്റ് നേടി.

കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പുറപ്പുഴ, കരിങ്കുന്നം, ഹൈറേഞ്ചിലെ വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വണ്ണപ്പുറം, കരുണാപുരം, ഇടവെട്ടി, എന്നിവിടങ്ങളിലാണ് അക്കൗണ്ട് തുറന്നത്. വണ്ടന്‍മേട്-3, കുടയത്തൂര്‍-2, കുമാരമംഗലം-2, കാന്തല്ലൂര്‍-1, മണക്കാട്-1, കോടിക്കുളം-1, കഞ്ഞിക്കുഴി-1, അറക്കുളം-1, തൊടുപുഴ നഗരസഭ-8, കട്ടപ്പന-2 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റിടങ്ങളിലെ സാന്നിധ്യം. അറക്കുളം പഞ്ചായത്തില്‍നിന്ന് സംസ്ഥാന സമിതിയംഗം പി.എ.വേലുക്കുട്ടന്‍ വിജയിച്ചു.

ഇടമലക്കുടിയിലും വട്ടവടയിലും മുന്നേറ്റം

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ എന്‍.ഡി.എ.യ്ക്കായി.

13 സീറ്റുള്ള ഇവിടെ സീറ്റ് വിഹിതം മൂന്നില്‍നിന്ന് നാലായി ഉയര്‍ത്തി രണ്ടാമതെത്തി. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച എല്‍.ഡി.എഫ്. മൂന്നു സീറ്റുമായി മൂന്നാമതാണ്. ആറ് സീറ്റുള്ള യു.ഡി.എഫിനാണ് ഇവിടെ മുന്‍തൂക്കം.

തോട്ടംതൊഴിലാളി മേഖലയായ വട്ടവടയിലും മൂന്ന് സീറ്റ് ബി.ജെ.പി.ക്ക് ലഭിച്ചു. മൂന്നിടത്ത് രണ്ടാമതുമെത്തി. മഹാരാജാസിലെ രക്തസാക്ഷി അഭിമന്യുവിന്റെ വീടിരിക്കുന്ന കൊട്ടാക്കമ്പൂര്‍ വാര്‍ഡില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയെയാണ് തോല്‍പ്പിച്ചത്.

content highlights: idukki local self government election result and nda