തൊടുപുഴ: യു.ഡി.എഫ്. കോട്ടയായി കരുതിയിരുന്ന ഇടുക്കിയില്‍ രണ്ടിലയുടെ തണലില്‍ ഇടതുമുന്നേറ്റം. പത്തു വര്‍ഷത്തിനു ശേഷം ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍.ഡി.എഫ്. ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നേറ്റം നടത്തി. ആകെയുള്ള രണ്ട് നഗരസഭകളില്‍ കട്ടപ്പന യു.ഡി.എഫ്. നിലനിര്‍ത്തിയെങ്കിലും തൊടുപുഴയില്‍ യു.ഡി.എഫ്. വിമതന്‍മാര്‍ ഭരണം തീരുമാനിക്കുന്ന സ്ഥിതിയാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇഞ്ചോടിഞ്ചാണ് സീറ്റുനില.

57 പഞ്ചായത്തുകളില്‍ 27 ഇടത്ത് യു.ഡി.എഫും, 23 ഇടത്ത് എല്‍.ഡി.എഫുമാണ്. രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരുമുന്നണികള്‍ക്കും നാലു വീതം സീറ്റുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം എല്‍.ഡി.എഫ് ഇക്കുറി പിടിച്ചെടുക്കുകയായിരുന്നു. ഹൈറേഞ്ച് മേഖലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോള്‍ ലോ റേഞ്ചിലെ പഞ്ചായത്തുകളാണ് യു.ഡി.എഫിനെ തുണച്ചത്. എവിടെയും ഭരണം പിടിക്കാനായില്ലെങ്കിലും എന്‍.ഡി.എ. തൊടുപുഴ നഗരസഭയില്‍ എട്ടു സീറ്റുകള്‍ നിലനിര്‍ത്തി. പല പഞ്ചായത്തുകളിലും നിര്‍ണായക സ്വാധീനമായ ഇവര്‍ കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ വാര്‍ഡുകളിലും വിജയിച്ചു.

കോട്ടം തട്ടാതെ ജോസഫും, ജോസും

ഇരുകരകളിലായി പരസ്പരം പോരടിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് കാര്യമായ കോട്ടം തട്ടിയില്ല. എങ്കിലും ജോസഫിന് പലയിടത്തും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാന്‍ പറ്റിയില്ല.

ജോസിന്റെ വോട്ട് എല്‍.ഡി.എഫിന് പലയിടത്തും നേട്ടമാവുകയും ചെയ്തു. നേരിട്ട് മത്സരം നടന്ന മൂലമറ്റം, മുള്ളരിങ്ങാട് ഡിവിഷനുകളില്‍ ജോസഫ് പക്ഷം നേട്ടമുണ്ടാക്കി. പുറപ്പുഴ കരിങ്കുന്നം വാര്‍ഡിലും ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്നാല്‍ തൊടുപുഴ നഗരസഭയിലെ മത്സരിച്ച അഞ്ചില്‍ രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. ജോസ് വിഭാഗവും രണ്ടിടത്ത് വിജയിച്ച് പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍, കട്ടപ്പന നഗരസഭയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ ജോസിനുമായില്ല. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് നേടാനായത് അവര്‍ക്ക് നേട്ടമായി. ബ്ലോക്ക് പഞ്ചായത്തിലെ എല്‍.ഡി.എഫ്. വിജയത്തിലും അവര്‍ നിര്‍ണായക സ്വാധീനമായി.

തോട്ടം മേഖലയില്‍ എല്‍.ഡി.എഫ്.

കഴിഞ്ഞ തവണത്തെപ്പോലെ തോട്ടം മേഖലയില്‍ എല്‍.ഡി.എഫ്. വ്യക്തമായ നേട്ടമുണ്ടാക്കി. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, രാജകുമാരി അടക്കമുള്ള പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്. നേടി. മൂന്നാറും, മറയൂരും യു.ഡി.എഫ്. നിലനിര്‍ത്തി.

ഇടമലക്കുടിയില്‍ ത്രിശങ്കു

കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ തവണ ഭരണത്തിലിരുന്ന എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിന് ആറും, എന്‍.ഡി.എ.യ്ക്ക് നാലും സീറ്റുണ്ട്.