election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

രാജാക്കാട്, മന്ത്രി എം.എം.മണിയുടെ മകള്‍ എം.എസ്.സതി ഭരണചക്രം തിരിക്കുന്ന രാജാക്കാട് പഞ്ചായത്തിനും ഭരണത്തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫ്. രാഷ്ടീയ കരുനീക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ തുടങ്ങി. അതേസമയം, പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഉയര്‍ത്തിക്കാട്ടി ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.പക്ഷം.

കൃഷി ജീവിതമാര്‍ഗം

കുരുമുളക്, ഏലം, ഇഞ്ചി, വാഴ എന്നിവയാണ് പ്രധാന കൃഷികള്‍. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കള്ളിമാലി വ്യൂ പോയിന്റ്, പൊന്‍മുടി ടൂറിസം കേന്ദ്രം, കനകക്കുന്ന് വ്യൂ പോയിന്റ്, കുത്തുങ്കല്‍ വെള്ളച്ചാട്ടം, കുരങ്ങപാറ എന്നിവ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്.

പഞ്ചായത്ത് രൂപവത്കൃതമായശേഷം കൂടുതല്‍കാലം ഇടതുപക്ഷത്തോട് കൂറു പുലര്‍ത്തിയ ചരിത്രമാണുള്ളത് രാജാക്കാടിന്. നിലവിലെ 13 അംഗ ഭരണസമിതിയില്‍ സി.പി.എം.-അഞ്ച്, സി.പി.ഐ.-രണ്ട്, കോണ്‍ഗ്രസ്-നാല്, കേരള കോണ്‍ഗ്രസ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

31.03 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പഞ്ചായത്തില്‍ 6010 പുരുഷ വോട്ടര്‍ മാരും 6625 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഷോപ്പ് സൈറ്റുകളുടെ പട്ടയപ്രശ്‌നം കീറാമുട്ടിയായി തുടരുന്ന പഞ്ചായത്തില്‍ വ്യാപാരികളുടെ നിലപാടും ഇത്തവണത്തെ തിരഞെഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.

വികസനകാലമാണിത്

അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ എല്ലാ മേഖലകളിലും വികസനം നടപ്പാക്കിയ പഞ്ചായത്തിന്റെ സുവര്‍ണകാലഘട്ടമാണിത്. രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് സമുച്ചയനിര്‍മാണത്തിന് സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. പട്ടികജാതി വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് രാജാക്കാട് ആദിത്യപുരം കോളനിയില്‍ ലൈഫ് ഭവനപദ്ധതിപ്രകാരം പട്ടികജാതിക്കാര്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഗ്രാമീണറോഡുകളുടെയും മറ്റുറോഡുകളുടെയും നിര്‍മാണം 98 ശതമാനവും പൂര്‍ത്തിയാക്കി. മികവിന്റെ പുരസ്‌കാരമായി രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തുകളില്‍ രാജാക്കാട് പഞ്ചായത്തിന് 10-ാംറാങ്ക് ലഭിച്ചത് നേട്ടമാണ്. പൊന്‍മുടി ടൂറിസം കേന്ദ്രം യാഥാര്‍ഥ്യമാക്കി. മാലിന്യനിര്‍മാര്‍ജനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി-എം.എസ്.സതി, പഞ്ചായത്ത് പ്രസിഡന്റ്

എല്ലാം പ്രഖ്യാപനം

മാലിന്യസംസ്‌കരണരംഗത്ത് അനാസ്ഥയാണ് പഞ്ചായത്ത് കാണിച്ചത്. 27 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മിച്ച മാലിന്യസംസ്‌കരണ പ്ലാന്റ് രാജാക്കാട് ടൗണിലെ നോക്കുകുത്തിയാണ്. ടൗണിലെ 30 വഴിവിളക്ക് തെളിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. പഴയവിടുതിയിലെ ആധുനിക വാതകശ്മശാനം പ്രവര്‍ത്തനരഹിതമാണ്. പഞ്ചായത്തിലെ എല്ലാ റോഡുകളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യുകയും സംരക്ഷണഭിത്തി നിര്‍മിക്കുകയും ചെയ്യാമായിരുന്നു എങ്കിലും നടപ്പാക്കിയില്ല. 2016-2017 സാമ്പത്തികവര്‍ഷം മൂന്നുകോടി രൂപയുടെ ജോലികളാണ് പഞ്ചായത്തിന്റെ അനാസ്ഥകാരണം പാഴായത്.-ബെന്നി പാലക്കാട്, കോണ്‍ഗ്രസ്

ഒറ്റനോട്ടം

എഴ് വനിതാ വാര്‍ഡിലേക്കും അഞ്ച് ജനറല്‍ വാര്‍ഡിലേക്കും ഒരു പട്ടികജാതി സംവരണവാര്‍ഡിലേക്കുമായി 13 വാര്‍ഡിലേക്കാണ് ഇക്കുറി പോരാട്ടം നടക്കുക.

1. കൊച്ചുമുല്ലക്കാനം-വനിത

2. മുല്ലക്കാനം-വനിത

3. പുന്നസിറ്റി-വനിത

4. രാജാക്കാട്-ജനറല്‍

5. എന്‍.ആര്‍.സിറ്റി-ജനറല്‍

6. വാക്കാസിറ്റി-ജനറല്‍

7. അടിവാരം-വനിത

8. പഴയവിടുതി-വനിത

9 . കുരിശുംപടി-ജനറല്‍

10. ചെരുപുറം-വനിത

11. കള്ളിമാലി-വനിത

12. ആനപാറ-ജനറല്‍

13. പന്നിയാര്‍കുട്ടി-എസ്.സി.

content highlights: idukki local self government election rajakkad panchayath