election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

പുറപ്പുഴ: ജോസഫ് വിഭാഗത്തിന് വലിയ മേല്‍ക്കൈയുള്ള പഞ്ചായത്താണ് പുറപ്പുഴ. അതുകൊണ്ടുതന്നെ യു.ഡി.എഫ്. ഉറച്ച ജയപ്രതീക്ഷയിലാണ്. എന്നാല്‍, ഇത്തവണ ശക്തി തെളിയിക്കാന്‍ ഉറച്ച് പ്രവര്‍ത്തിക്കുകയാണ് എല്‍.ഡി.എഫ്.

ഒത്തൊരുമിച്ച്

കഴിഞ്ഞ തവണ പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സൗഹൃദ മത്സരമാണ് നടത്തിയത്. കേരള കോണ്‍ഗ്രസിന് ഒന്‍പതും കോണ്‍ഗ്രസിന് രണ്ടും വാര്‍ഡുകള്‍ ലഭിച്ചു. ഇത്തവണ ജോസഫ് വിഭാഗവും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ 13 വാര്‍ഡുകളിലും വിജയിക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആദ്യം അല്‍പം അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍, പി.ജെ.ജോസഫ് എം.എല്‍.എ.യും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എട്ടിടത്ത് ജോസഫ് വിഭാഗവും അഞ്ചിടത്ത് കോണ്‍ഗ്രസും മത്സരിക്കും.

ആത്മവിശ്വാസത്തോടെ

കഴിഞ്ഞതവണ രണ്ട് സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. രണ്ടിലും വിജയിച്ചത് സി.പി.എമ്മാണ്. ഇത്തവണ മാണി വിഭാഗം കൂടെയുള്ള ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുന്നത്. ആറ് സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുന്നത്. മൂന്നിടത്ത് മാണി വിഭാഗം. രണ്ടിടത്ത് വീതം സി.പി.ഐ.യും ജനാധിപത്യ കേരള കോണ്‍ഗ്രസും.

ഏഴിടത്ത്

എന്‍.ഡി.എ. ഏഴിടത്താണ് പഞ്ചായത്തില്‍ മത്സരിക്കുന്നത്. ഏഴിടത്തും ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

content highlights: idukki local self government election purappuzha panchayath