election
പ്രതീകാത്മചിത്രം| Photo: Mathrubhumi

പീരുമേട്: സംസ്ഥാനത്ത് ആദ്യമായി എ.ഐ.ഡി.എം.കെ. പ്രതിനിധി പ്രസിഡന്റ്്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇടതിന്റെയും വലതിന്റെയും എ.ഐ.ഡി.എം.കെ.യുടെയും പ്രസിഡന്റുമാര്‍. ഒരു പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അയോഗ്യത.

ചടുലമായ രാഷ്ട്രീയനീക്കങ്ങള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടിയ പഞ്ചായത്താണ് പീരുമേട്. ഇത്തവണ സ്ഥിരതയോടെ ഭരിക്കാന്‍ വേണ്ടുന്ന സീറ്റുകളില്‍ വിജയിക്കാനായി മുന്നണികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

സ്ഥിരതയോ... എവിടുന്ന്

ആകെ 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒമ്പത് സീറ്റ് ജയിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത്. എല്‍.ഡി.എഫിന് ഏഴും എ.ഐ.ഡി.എം.കെ.യ്ക്ക് ഒന്നും സീറ്റ് ലഭിച്ചു.

2017-ല്‍ പ്രസിഡന്റ് ടി.എസ്.സുലേഖ, വൈസ് പ്രസിഡന്റ് രാജു വടുതല എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എല്‍.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിന് ഭരണം കിട്ടിയത്. ഭരണത്തില്‍ ഇരുവരും തല്‍സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് സുലേഖ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും സി.പി.എം. അംഗമായ രജനി വിനോദ് പ്രസിഡന്റാവുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം ടി.എസ്.സുലേഖ, രാജു വടുതല എന്നിവരെ അയോഗ്യരാക്കിയതോടെ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലെത്തി. എസ്.സി. വനിതാ സംവരണമായ പ്രസിഡന്റ് പദത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ എ.ഐ.ഡി.എം.കെ. അംഗമായ എസ്.പ്രവീണ പ്രസിഡന്റ് പദവിയിലേക്ക് എത്തുകയായിരുന്നു.

നിര്‍ണായകം തോട്ടം മേഖല

തോട്ടം തൊഴിലാളികള്‍ ഏറെയുള്ള മേഖലയാണിത്. അതില്‍ എ.ഐ.ഡി.എം.കെ.യ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇത്തവണ എ.ഐ.ഡി.എം.കെ. ബി.ജെ.പി.ക്ക് ഒപ്പമാണ്. അത് സീറ്റാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍ തോട്ടം മേഖലയില്‍ തങ്ങള്‍ വിജയം ഉറപ്പിക്കുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുന്നു.

സ്ഥാനാര്‍ഥി സംവരണപട്ടിക എത്തിയ നാള്‍ മുതല്‍ ഓരോ വാര്‍ഡിലും ശക്തരായ ആളുകളെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. ചര്‍ച്ചകള്‍ക്കും അഭിപ്രായശേഖരണങ്ങള്‍ക്കും ഒടുവില്‍ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്. യുവനിരയ്‌ക്കൊപ്പം മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി പത്തു വര്‍ഷത്തെ വികസനമുരടിപ്പ് ചര്‍ച്ചാവിഷയമാക്കി ഭരണം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇടതുപക്ഷം. എല്‍.ഡി.എഫ്. യോഗങ്ങള്‍ നടന്നുവരുകയാണ്. സ്ഥാനാര്‍ഥികളുടെ പട്ടിക വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

വികസനം യാഥാര്‍ത്ഥ്യമായി

തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തെ ഭരണം കിട്ടിയില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. പരുന്തുംപാറ വിനോദസഞ്ചാര വികസനം യാഥാര്‍ത്ഥ്യമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തുക വകയിരുത്തി. ഏറെ പരാതികള്‍ ഉയര്‍ന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമായി. പാമ്പനാറില്‍ മിനി സ്റ്റേഡിയം പണിതു. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കുട്ടിക്കാനത്ത് കേന്ദ്രം തുടങ്ങി.-തോമസുകുട്ടി പുള്ളോലിക്കല്‍, (കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് വൈസ് പ്രസിഡന്റ്)

പ്രഖ്യാപനങ്ങള്‍ മാത്രം

സ്ഥിരതയില്ലാത്ത ഭരണത്തില്‍ വികസനങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് നടന്നത്. വിനോദസഞ്ചാര മേഖലയില്‍ വികസനം കാത്തിരുന്ന പരുന്തുംപാറ, മദാമ്മക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളും ഇല്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടന്നത്. വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി ഇടതുപക്ഷ ഭരണസമിതികള്‍ നടത്തിവന്നിരുന്ന പരുന്തുംപാറ ഫെസ്റ്റ്, സാംസ്‌കാരികമേളകള്‍ തുടങ്ങിയവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ജനങ്ങളുടെ പ്രധാന പരാതിയായ മാലിന്യസംസ്‌കരണം പരിഹരിക്കാന്‍ പഞ്ചായത്തിന് ഇന്നും കഴിഞ്ഞിട്ടില്ല.- എസ്.സാബു, (സി.പി.എം.)

വികസനമില്ല

ഇടതു, വലതു മുന്നണികള്‍ മാറിമാറി ഭരിച്ച പീരുമേട് പഞ്ചായത്തില്‍ വേണ്ടത് സ്ഥിരതയാര്‍ന്ന ഭരണമാണ്. വികസനങ്ങള്‍ പേരിനുമാത്രമാണുണ്ടായത്. വിനോദസഞ്ചാരം, കുടിവെള്ള വിതരണം, ഗതാഗതം, മാലിന്യസംസ്‌കരണം എന്നിങ്ങനെ സമസ്ത മേഖലയിലും വികസനമുണ്ടായില്ല.-സി.സന്തോഷ് കുമാര്‍, (ബി.ജെ.പി.)

content highlights: idukki local self government election peermade panchayath