election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

മൂന്നാര്‍: രണ്ട് തിരഞ്ഞെടുപ്പുകള്‍. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുകള്‍. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ. അപ്രതീക്ഷിതം എന്ന് അക്ഷരാര്‍ഥത്തില്‍ പറയാവുന്ന രാഷ്ട്രീയസാഹചര്യമാണ് പള്ളിവാസലില്‍.

തമിഴ് വംശജരായ തോട്ടം തൊഴിലാളികളും കര്‍ഷകരും കൂടുതലായുള്ള പഞ്ചായത്ത് 1953-ലാണ് രൂപവത്കരിച്ചത്. അന്നുമുതല്‍ ഇടതു-വലതു മുന്നണികളാണ് മാറിമാറി ഭരിക്കുന്നത്. 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 2010 മുതലുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും സീറ്റുനിലകള്‍ തുല്യമായി വന്നതോടെ നറുക്കെടുപ്പില്‍ കൂടിയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തത്. 2010-ല്‍ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്. 2015-ല്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ തുളസീദായി കൃഷ്ണനും വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.ഐ.യിലെ കെ.രാമറും നറുക്കെടുപ്പുവഴി തിരഞ്ഞെടുക്കപ്പെട്ടു.

പരിഹരിക്കേണ്ടത് ഭൂപ്രശ്‌നം

കര്‍ഷകരും തോട്ടം തൊഴിലാളികളും അധിവസിക്കുന്ന പഞ്ചായത്തില്‍ റവന്യൂ, വനം വകുപ്പുകളുടെ അനാവശ്യമായ കര്‍ശന നിയമങ്ങള്‍മൂലം വളരെയധികം ദുരിതങ്ങളാണ് അനുഭവിക്കുന്നത്. പട്ടയമുള്ള ഭൂമിയില്‍പോലും വീട് നിര്‍മിക്കാനുള്ള റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. നിര്‍ബന്ധമുള്ള പഞ്ചായത്താണ് പള്ളിവാസല്‍. കര്‍ഷകരുടെ ഭൂമിയില്‍, വനം വകുപ്പ് അവകാശവാദവുമായി എത്തുന്നത് പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷത്തിനിടയാക്കുന്നുണ്ട്. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനും പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും നേതൃത്വം നല്‍കുന്ന ഭരണമാകണം അടുത്ത പഞ്ചായത്ത് ഭരണസമിതിയുടേതെന്നാണ് നാട്ടുകാരുടെ ആവശ്യം.

വികസനകാലം

പഞ്ചായത്തില്‍ ഏഴ് അങ്കണവാടികള്‍ക്ക് സമാര്‍ട്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് ഓഫീസ് കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതു. പഞ്ചായത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമാക്കി. ലൈഫ് പദ്ധതി പ്രകാരം 105 പേര്‍ക്ക് വീടുകള്‍ നല്‍കി. സീറോ ലാന്‍ഡ് പദ്ധതി പ്രകാരവും വീടുകള്‍ നല്‍കി.-തുളസീഭായ് കൃഷ്ണന്‍, (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്)

ഒന്നും നടന്നില്ല

ലൈഫ് പദ്ധതി ഫലം കണ്ടില്ല. മറ്റ് പഞ്ചായത്തുകള്‍ 500-ന് മേല്‍ വീടുകള്‍ പണിതുനല്‍കിയപ്പോള്‍ പള്ളിവാസലില്‍ 98 വീടുകള്‍ മാത്രമാണ് നല്‍കിയത്. കാര്‍ഷിക മേഖലയായ കുരിശുപാറയില്‍ മഴക്കാലത്ത് അഞ്ചുമാസം വെള്ളക്കെട്ട് പതിവാണ്. പുഴകളിലെ തുരുത്തുകള്‍ മാറ്റിയാല്‍ വെള്ളക്കെട്ട് ഒഴിവാക്കാം. എന്നാല്‍ പഞ്ചായത്ത് നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ല.- കെ.ബി.റോമു (മുന്‍ പ്രതിപക്ഷാംഗം)

  • വാര്‍ഡുകള്‍-13
  • ജനസംഖ്യ-16358(2011ലെ കണക്ക്പ്രകാരം)
  • വിസ്തീര്‍ണം-67.47 ചതുരശ്ര കിലോമീറ്റര്‍

 content highlights: idukki local self government election pallivasal panchayath