election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

മരിയാപുരം: ജില്ലയിലെ നികുതി വരുമാനം കുറഞ്ഞ പഞ്ചായത്താണ് മരിയാപുരം. നൂറുശതമാനവും കാര്‍ഷിക മേഖ പ്രദേശമായ ജനങ്ങളുടെ ജീവിതമാര്‍ഗം കൃഷിയെ ആശ്രയിച്ചാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്തില്‍ അധികവും ഭരണം നടത്തിയിട്ടുള്ളത്. 2015ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എല്‍.ഡി.എഫ്. ഭരണം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും സ്വാധീനമുള്ള പഞ്ചായത്താണ്. ഇത്തവണ ഹൈറേഞ്ച് സംരക്ഷണ സമിതി മത്സരരംഗത്ത് ഇല്ലെങ്കിലും മുന്‍കാല പ്രവര്‍ത്തകരുടെ പിന്തുണയോടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല.

ജനകീയ വികസനം നടത്തി

മരിയാപുരം പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ജനകീയ വികസനമാണ് നടന്നിട്ടുള്ളത്. ജില്ലാ ആശുപത്രിയേക്കാള്‍ മികച്ച ചികിത്സ ലഭിക്കുന്ന വിധത്തില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം ഉയര്‍ത്തി. ഗ്രാമീണ റോഡുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും സഞ്ചാരയോഗ്യമാക്കി. സംസ്ഥാനത്ത് തനത് ഫണ്ട് ഏറ്റവും കുറവുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് മരിയാപുരം. എന്നാല്‍ വികസന പ്രവര്‍ത്തനത്തില്‍ ഫണ്ടിന്റെ അപര്യാപ്തത പൊതുജനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കഴിഞ്ഞു- ടോമി ഇളംതുരുത്തി (എല്‍.ഡി.എഫ്.)

വികസനത്തില്‍ പിന്നാക്കം പോയി

പഞ്ചായത്തില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് 25 കൊല്ലം പഞ്ചായത്തിലെ വികസനം പിന്നാക്കം പോയി. വെള്ളക്കയം, തടിയമ്പാട് എന്നീ പ്രദേശങ്ങളില്‍ തകര്‍ന്ന പാലം പുനഃസ്ഥാപിക്കാന്‍ എം.പിയുടെ സഹായം ലഭ്യമായിട്ടും പ്രയോജനപ്പെടുത്തിയിട്ടില്ല. പ്രളയബാധിതരായ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും വാങ്ങി നല്‍കാന്‍  പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല- എ.പി. ഉസ്മാന്‍, കോണ്‍ഗ്രസ്

  • മൊക്കം വോട്ടര്‍മാര്‍-10,299
  • സ്ത്രീകള്‍-5018
  • പുരുഷന്മാര്‍-5281

content highlights: idukki local self government election mariyapuram panchayath