election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

തൊടുപുഴ: ആര്‍ക്കും അങ്ങനെ എല്ലാക്കാലവും പിടിതരാത്ത പഞ്ചായത്താണ് മണക്കാട്. കഴിഞ്ഞതവണ എല്‍.ഡി.എഫായിരുന്നു. അതിനുമുമ്പ് യു.ഡി.എഫ്. ഇത്തവണ ആര്? മുന്നണികള്‍ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.

ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫ്.

ഭരണത്തുടര്‍ച്ച ഇത്തവണ നേടാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ്. ക്യാമ്പ് പറയുന്നത്. പഞ്ചായത്തിന് കിട്ടിയ പുരസ്‌കാരങ്ങളും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം.

13 വാര്‍ഡുള്ള പഞ്ചായത്തില്‍ ഏഴിടത്ത് വിജയിച്ചാണ് കഴിഞ്ഞതവണ എല്‍.ഡി.എഫ്. അധികാരത്തിലെത്തിയത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് അവര്‍ പറയുന്നത്.

സി.പി.എമ്മിന്റെ ഒമ്പതും കേരള കോണ്‍ഗ്രസ്(എം) ജോസ് കെ.മാണി വിഭാഗത്തിലെ രണ്ടും സി.പി.ഐ.യുടെയും ജനാധിപത്യകേരള കോണ്‍ഗ്രസിന്റെയും ഓരോ സ്ഥാനാര്‍ഥിയുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്.

അഞ്ചുസീറ്റിലാണ് കഴിഞ്ഞതവണ യു.ഡി.എഫ്. വിജയിച്ചത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത്തവണ ഏഴുസീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ആറിടത്ത് കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം മത്സരിക്കും.

വാര്‍ഡ് തിരിച്ചുപിടിക്കാന്‍ എന്‍.ഡി.എ.

ബി.ജെ.പി.ക്ക് ഉറച്ച വോട്ടുകളുള്ള പഞ്ചായത്താണ് മണക്കാട്. 2010-ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ബി.ജെ.പി.ക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞതവണ അത് കൈവിട്ടുപോയി. ഇത്തവണ അത് തിരിച്ചുപിടിക്കുമെന്നും മൂന്നുസീറ്റ് അധികം ലഭിക്കുമെന്നുമാണ് എന്‍.ഡി.എ. പറയുന്നത്.

എട്ടുവാര്‍ഡില്‍ മത്സരിക്കുന്നതില്‍ ആറിടത്ത് ബി.ജെ.പി.യാണ്. രണ്ടിടത്ത് ബി.ഡി.ജെ.എസ്. മത്സരിക്കും.

വികസനമുരടിപ്പ്

എല്‍.ഡി.എഫ്. ഭരണത്തില്‍ പഞ്ചായത്തിന്റെ വികസനം മുരടിച്ചുപോയി. രണ്ടുവര്‍ഷംമുമ്പുണ്ടായ പ്രളയത്തില്‍ തകര്‍ന്ന കമ്പിപ്പാലം ഇനിയും നന്നാക്കിയില്ല. അഞ്ചുവര്‍ഷംകൊണ്ട് 54 ലൈഫ് ഭവനങ്ങള്‍മാത്രമാണ് നല്‍കിയത്. കുടിവെള്ളപ്രശ്‌നം രൂക്ഷമായി. ഇത് ജനങ്ങളെ അറിയിക്കും.- പി.എസ്.ജേക്കബ്, (മുന്‍ പഞ്ചായത്തംഗം, കോണ്‍ഗ്രസ്)

വികസനകാലം

നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷം നടപ്പാക്കിയത്. 54 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവനങ്ങള്‍ ഒരുക്കി. ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടുതവണ ലഭിച്ചു. മാലിന്യനിര്‍മാര്‍ജനം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍. എല്ലാം ജനങ്ങള്‍ക്ക് അറിയാം.- പി.കെ.സുകുമാരന്‍, (സി.പി.എം. പഞ്ചായത്ത് സെക്രട്ടറി)

വികസനം പത്രികയില്‍മാത്രം

എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍മാത്രമായിരുന്നു വികസനം. പഞ്ചായത്ത് അഞ്ചുവര്‍ഷം വികസനമെന്തെന്ന് അറിഞ്ഞിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുടിവെള്ളക്ഷാമം... ജനങ്ങള്‍ ദുരിതത്തിലാണ്. ഇതിനെതിരേ ജനങ്ങള്‍ വിധിയെഴുതും.- രാജേഷ് താന്നിക്കല്‍, (ബി.ജെ.പി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ്)

content highlights: idukki local self government election manakkad panchayath