election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

അടിമാലി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുവട്ടം ഭരണസമിതികള്‍ മാറിമറിഞ്ഞ കൊന്നത്തടിയില്‍ ഭരണനേട്ടമുയര്‍ത്തി യു.ഡി.എഫും, വീഴ്ചകളുടെ കണക്കുകളുമായി എല്‍.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടത്തുന്നത്. 19 വാര്‍ഡുകളുള്ള കൊന്നത്തടി പഞ്ചായത്തിന് 96 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. കൊന്നത്തടി പഞ്ചായത്ത് 1962-ല്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് വിഭജിച്ചാണ് രൂപവത്കരിച്ചത്. രാഷ്ട്രീയമാറ്റങ്ങള്‍ക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്നൊരു പഞ്ചായത്താണ് കൊന്നത്തടി. പുതിയ രാഷ്്ട്രീയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ആര് വെന്നിക്കൊടി പാറിക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

പുതിയ ഇലക്ഷന്‍ സാഹചര്യത്തില്‍ 10 കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മൂന്നുമാണ് യു.ഡി.എഫിനൊപ്പമുള്ളത്. നാലു സി.പി.എം അംഗങ്ങള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം രണ്ടംഗങ്ങളും ഇടതുപക്ഷത്തിലുണ്ട്. പഞ്ചായത്ത് പരിധിയില്‍ എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സി.പി.എം. സ്ഥാനാര്‍ഥി പട്ടികയും പുറത്തുവിട്ട് പ്രചാരണം ആരംഭിച്ചു. യു.ഡി.എഫിലെ സീറ്റുതര്‍ക്കം ഇപ്പോള്‍ ജില്ലാ സമിതിക്ക് വിട്ട് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

സമഗ്രവികസനം ലക്ഷ്യമാക്കിയ പ്രവര്‍ത്തനം

കൊന്നത്തടി പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി യു.ഡി.എഫ്. ആവിഷ്‌കരിച്ച പദ്ധതികളെല്ലാം ഫലപ്രദമായി. ഓരോ വര്‍ഷവും 3.6 കോടിയില്‍പരം മുടക്കി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ റോഡുകള്‍ നന്നാക്കി. തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍തന്നെ രണ്ടാം സ്ഥാനത്തെത്തി. ൈലഫ് മിഷന്‍ പദ്ധതി പ്രകാരം 99 ശതമാനം വീടുകള്‍ പണിതീര്‍ത്തു. കമ്പിളികണ്ടത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിനെ ഫാമിലി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തി. പഞ്ചായത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനൊപ്പം ശുചിത്വ പദവിയും പഞ്ചായത്തിന് ലഭ്യമായി. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിന് പ്രതിരോധ സംവിധാനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് മികച്ച നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള ഭരണസമിതിയാണിത്. ഭരണത്തുടര്‍ച്ച ഞങ്ങള്‍ക്കുറപ്പാണ്.-
എന്‍.എം. ജോസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്.

ഭരണനേട്ടങ്ങളേക്കാളേറെ കോട്ടങ്ങള്‍

കഴിഞ്ഞ ഭരണകാലത്ത് മൂന്നുപ്രസിഡന്റുമാരും രണ്ട് ആക്റ്റിങ് പ്രസിഡന്റുമാരും രണ്ട് വൈസ് പ്രസിഡന്റുമാരും മാറിമാറി ഭരിക്കേണ്ടിവന്നതു മൂലം യു.ഡി.എഫിന്റെ അധികാര വടംവലിയാണ് വെളിവായത്. 2018-ലെ മഹാപ്രളയത്തില്‍ തകര്‍ന്ന പഞ്ചായത്ത് മേഖലകളില്‍ അര്‍ഹതപ്പെട്ടവരെ അവഗണിച്ച് ഭരണസമിതിയംഗങ്ങള്‍ സര്‍ക്കാര്‍ സഹായം വീതിച്ചെടുത്തു. പ്ലാസ്റ്റിക് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഹരിതകര്‍മ്മ രൂപവത്കരിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഭരണസമിതിക്കായില്ല. പ്ലാന്‍ ഫണ്ടിലേക്കാള്‍ അധികമായി ഉപയോഗിക്കാന്‍ കഴിയുന്ന മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഭരണസമിതിക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. കാര്‍ഷികമേഖലയ്ക്ക് കരുത്തുപകരാന്‍ പദ്ധതികളൊന്നുമുണ്ടായില്ല. പാവപ്പെട്ടവരെ അവഗണിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണപക്ഷത്തിന്റേത്.-രമ്യ റനീഷ്, മുന്‍ മെമ്പര്‍.

  • വാര്‍ഡുകള്‍-19
  • ജനസംഖ്യ-29092
  • പുരുഷന്മാര്‍-14637
  • സ്ത്രീകള്‍-14455

content highlights: idukki local self government election konnathady panchayath