election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

തൊടുപുഴ: രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വലതിനൊപ്പംനിന്ന പഞ്ചായത്താണ് കരിങ്കുന്നമെങ്കിലും ഇത്തവണ അട്ടിമറിക്കുമെന്ന പ്രഖ്യാപനവുമായിട്ടാണ് എല്‍.ഡി.എഫും എന്‍.ഡി.എ.യും മത്സര രംഗത്തുള്ളത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പല കൂറുമാറ്റങ്ങള്‍ക്കും പഞ്ചായത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

2015-ല്‍ പുതിയ ഭരണസമിതി അധികാരത്തിലേറുമ്പോള്‍ യു.ഡി.എഫ്-10, എല്‍.ഡി.എഫ്-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട് ഒരു കോണ്‍ഗ്രസ് അംഗം കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു.

ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) അംഗംകൂടി എല്‍.ഡി.എഫില്‍ ആയതോടെ യു.ഡി.എഫ്. അംഗങ്ങളുടെയെണ്ണം എട്ടായി കുറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളുടെ വിജയസാധ്യത പ്രവചനാതീതമാണ്.

ഭരണ നേട്ടം പറഞ്ഞ് വലത്പക്ഷം വോട്ട് ചോദിക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എ.യും ഭരണസമിതിയുടെ കോട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മത്സര പ്രചാരണ രംഗത്ത് സജീവമാണ്.

നല്ലഭരണം കാഴ്ചവെച്ചു

ഭരണസമിതിയുടെ കാലത്ത് നേട്ടങ്ങള്‍ മാത്രമാണ് പഞ്ചായത്തിന് അവകാശപ്പെടാനുള്ളത്. പഞ്ചായത്തിന് ഐ.എസ്.ഒ., സമ്പൂര്‍ണ ശുചിത്വ പദവി പുരസ്‌കാരം വെളിയിട വിസര്‍ജന മുക്ത(ഒ.ഡി.എഫ്) തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കാനായി.ഭൂരിപക്ഷം പഞ്ചായത്ത് റോഡുകളും ഗതാഗതയോഗ്യമാക്കി.- ബിന്ദു ബിനു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്.

കെടുകാര്യസ്ഥത

ഏഴ് വാര്‍ഡുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി മത്തിപ്പാറ കുടിവെള്ള പദ്ധതിക്കായി പി.ജെ.ജോസഫ് അനുവദിച്ച 10 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം ലാപ്‌സായിപ്പോയി. ഈ തുക ഉപയോഗിച്ച് സ്‌പെയര്‍ മോട്ടോര്‍ വാങ്ങി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കഴിയുമായിരുന്നു. നിലവില്‍ ഒരു മോട്ടോര്‍ കേടായാല്‍ ജലവിതരണം മുടങ്ങുന്ന സ്ഥിതിയാണ്.-തോമസ്‌കുട്ടി കുര്യന്‍, മുന്‍ മെമ്പര്‍, എല്‍.ഡി.എഫ്.

നാണയത്തിന്റെ വശങ്ങള്‍

യു.ഡി.എഫും എല്‍.ഡി.എഫും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജനങ്ങള്‍ക്ക് വേണ്ടുന്നതൊന്നും അവര്‍ ചെയ്യുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷവും പഞ്ചായത്തില്‍ വികസന മുരടിപ്പാണ്. റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. ഈ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരും. നല്ല വിജയ പ്രതീക്ഷയുണ്ട്.- അജിമോന്‍ കാനത്തില്‍, (ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ്)

content highlights: idukki local self government election karimkunnam panchayath