election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കരിമണ്ണൂര്‍: രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫാണ് കഴിഞ്ഞ തവണ കരിമണ്ണൂരില്‍ അധികാരത്തിലേറിയത്. എന്നാല്‍, വിമതനീക്കത്തെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം അവര്‍ക്ക് ഭരണം നഷ്ടമായി.

ഒരു സീറ്റിന്റെപോലും ഭൂരിപക്ഷമില്ലാതെ വിമതനെ പ്രസിഡന്റാക്കി എല്‍.ഡി.എഫാണ് ബാക്കി കാലം പഞ്ചായത്ത് ഭരിച്ചത്. ഭരണം തുടരാന്‍ എല്‍.ഡി.എഫും കൈവഴുതിപ്പോയ കസേര പിടിച്ചെടുക്കാന്‍ യു.ഡി.എഫും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.

മിക്കപ്പോഴും യു.ഡി.എഫിനാണ് പഞ്ചായത്തില്‍ ഭരണം ലഭിച്ചിട്ടുള്ളത്. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം കൂടെയുള്ളപ്പോള്‍ എല്‍.ഡി.എഫും ഭരണം കൈയാളിയിട്ടുണ്ട്. കഴിഞ്ഞ തവണ വിമത നീക്കത്തിലൂടെ അധികാരത്തിലേറിയപ്പോള്‍ ജോസഫ് വിഭാഗത്തിന്റെ പിന്‍തുണ ഉണ്ടായിരുന്നില്ല.

അപ്രതീക്ഷിതം ഭരണനഷ്ടം

14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ടിടത്ത് ജയിച്ചാണ് കഴിഞ്ഞ തവണ യു.ഡി.എഫ്. അധികാരത്തില്‍ വന്നത്. ആദ്യ രണ്ടരവര്‍ഷം കേരള കോണ്‍ഗ്രസി(എം)നും ബാക്കി കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനമെന്നായിരുന്നു ധാരണ. ഇത് പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിന് തലേദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസിലെ ദേവസ്യ ദേവസ്യ കൂറുമാറി എല്‍.ഡി.എഫ്. പാളയത്തിലെത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. നറുക്കെടുപ്പിലൂടെ വിജയിക്കുകയും ചെയ്തു.

ഏകദേശം ഉറപ്പിച്ചു

മുന്നണികളില്‍ സീറ്റുകള്‍ സംബന്ധിച്ച് ഏകദേശം ധാരണ ആയിക്കഴിഞ്ഞു. എല്‍.ഡി.എഫില്‍ എട്ട് സീറ്റുകള്‍ സി.പി.എമ്മിനാണ്. സി.പി.ഐ.ക്കും ജോസ് വിഭാഗത്തിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും രണ്ട് വീതം സീറ്റുകള്‍ ലഭിക്കും.

യു.ഡി.എഫില്‍ കോണ്‍ഗ്രസിന് ഏഴ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ആറ് മുസ്ലിം ലീഗിന് ഒന്ന് എന്നിങ്ങനെയാണ് പ്രാഥമിക തീരുമാനം. ലീഗ് ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടാനുള്ള സാധ്യത കുറവാണ്. എന്‍.ഡി.എ.യും പലയിടത്തും മത്സരിക്കുന്നുണ്ട്.

  • ആകെ വാര്‍ഡ് 14
  • കേരള കോണ്‍ഗ്രസ് ജോസഫ്-4
  • കോണ്‍ഗ്രസ് -2
  • മുസ്ലിം ലീഗ്-1
  • സി.പി.എം.-5
  • സി.പി.ഐ.-1
  • കോണ്‍ഗ്രസ് വിമതന്‍-1
  • ജനസംഖ്യ-20,279
  • വിസ്തീര്‍ണം-2476 ഹെക്ടര്‍
  • സമ്മതിദായകര്‍- 15,680
  • വനിത-8008
  • പുരുഷന്‍-7672

സംവരണം

നെയ്യശ്ശേരി-വനിത
അനിക്കുഴ-ജനറല്‍
തൊമ്മന്‍കുത്ത്-ജനറല്‍
മുളപ്പുറം-എസ്.സി. സംവരണം
കോട്ടക്കവല-വനിത
നെല്ലിമല-ജനറല്‍
പഴൂക്കര-വനിത
പള്ളിക്കേമുറി-ജനറല്‍
പന്നൂര്‍-ജനറല്‍
ചേറാടി-ജനറല്‍
കരിമണ്ണൂര്‍ ടൗണ്‍-വനിത
കിളിയറ-വനിത
ഏഴുമുട്ടം-വനിത
കുറുമ്പലമറ്റം-വനിത

content highlights: idukki local self government election karimannur panchayath