election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കാമാക്ഷി: കഴിഞ്ഞ അരനൂറ്റാണ്ടായി യു.ഡി.എഫ്. ഭരിക്കുന്ന കാമാക്ഷി പഞ്ചായത്ത് ഇത്തവണ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. എന്നാല്‍ കഴിഞ്ഞ കാലഘട്ടങ്ങളിലെ വികസ ന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണം അരക്കെട്ടുറപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ തവണ എല്‍.ഡി.എഫിനോട് ചേര്‍ന്ന് നിരവധി പഞ്ചായത്തുകളില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയായ കാമാക്ഷി പഞ്ചായത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആധിപത്യം സ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല.

32 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രൃതിയുള്ള പഞ്ചായത്തില്‍ 4500-ഓളം കുടുംബങ്ങള്‍ സ്ഥിര താമസക്കാരായിട്ടുണ്ട്. തുടര്‍ഭരണത്തിന് തടയിടുന്നതിനായി എല്‍.ഡി.എഫ് നേതൃത്വം വഹിക്കുന്ന തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ പുതിയതായി ആരംഭിച്ച തേയില ഫാക്ടറി, കാര്‍ഷിക നഴ്സറി ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സംരംഭങ്ങള്‍ സ്ഥാപിച്ച് പഞ്ചായത്തിലെ നൂറ്കണക്കിന് യുവതി യുവാക്കള്‍ക്ക് ജോലി നല്‍കി പഞ്ചായത്തില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഹകരണ ആശുപത്രി കൊണ്ടുവന്നതും വലിയ നേട്ടമായി എല്‍.ഡി.എഫ് കാണുന്നത്.

കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്തുകൂടിയാണ്. ഇതെല്ലാം ഇത്തവണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. മികച്ച ജനകീയ സ്ഥാനാര്‍ഥികളെ അണിനിരത്തി കഴിഞ്ഞു. യു.ഡി.എഫും ജനകീയ മുഖമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നടപടിയിലാണ്. സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക ഇതുവരെയും പൂര്‍ത്തീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുകയാണ്.

കളങ്കമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ചു

കാമാക്ഷി പഞ്ചായത്തില്‍ നല്ല രീതിയിലുള്ള ഭരണം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച് തരുന്ന ഓരോ രൂപയും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ സുരക്ഷിതമായി എത്തിച്ച് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം,സഞ്ചാരയോഗ്യമായ റോഡ്, വാസയോഗ്യമായ വീട് എത്തിവ 95 ശതമാനവും പൂര്‍ത്തീകരിച്ച് നല്‍കി. തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി. 2018-19 വര്‍ഷത്തില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് കോടി വിനിയോഗിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍പ്പെടുത്തി പാവപ്പെട്ട 1750 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി.- ജോയി തോമസ് കാട്ടുപാലം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയില്ല

കാമാക്ഷി പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും പ്രാധാന്യം നല്‍കാത്ത പദ്ധതികളാണ് കാലാകാലങ്ങളില്‍ യു.ഡി.എഫ്. നടപ്പിലാക്കികൊണ്ടിരുന്നത്. ജനങ്ങളുടെ അവശ്യകാര്യങ്ങള്‍ക്ക് പരിഗണന നല്‍കിയില്ല. തൊഴിലുറപ്പ് പദ്ധതി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ നടപ്പിലാക്കിയില്ല. സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ പരാജയമായിരുന്നു ഭരണസമിതി.-ജനാര്‍ദനന്‍ വി.കെ. എല്‍.ഡി.എഫ്.

  • വാര്‍ഡ്-15
  • ആകെ വോട്ടര്‍മാര്‍- 16,000

content highlights: idukki local self government election kamakshi panchayath