election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

ഇടവെട്ടി: പൊരിഞ്ഞ പോരാട്ടമാകും ഇടവെട്ടിയില്‍. പത്തുവര്‍ഷമായി ഭരണം കൈയാളുന്ന യു.ഡി.എഫിന്റെ കോട്ട തകര്‍ക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് എല്‍.ഡി.എഫ്. ഭരണത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്. പ്രചാരണം ഉഷാറാക്കിക്കഴിഞ്ഞു. എന്‍.ഡി.എ.യും ശക്തമായി മത്സര രംഗത്തുണ്ട്. കഴിഞ്ഞതവണ എട്ടുസീറ്റുകള്‍ നേടിയാണ് യു.ഡി.എഫ്. അധികാരത്തിലെത്തിയത്. എല്‍.ഡി.എഫിന് അഞ്ച് സീറ്റുകളുണ്ടായിരുന്നു.

ഭരണം നിലനിര്‍ത്താന്‍

പഞ്ചായത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നുതവണ ഒഴികെ ബാക്കിയെല്ലാക്കാലവും യു.ഡി.എഫിനായിരുന്നു ഭരണം. അവസാനം ഭരണം കൈവിട്ടത് 2005-ലായിരുന്നു. അന്ന് യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യസീറ്റുകള്‍ ലഭിച്ചു. നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തു.

ഇത്തവണ ജോസ് കെ.മാണി പക്ഷം യു.ഡി.എഫിനൊപ്പമില്ല. എന്നാല്‍, ഇടവെട്ടിയില്‍ ജോസ് പക്ഷത്തിന് കാര്യമായ പിന്തുണയില്ലെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും യു.ഡി.എഫ്. പറയുന്നു. ഇത്തവണ കോണ്‍ഗ്രസ് ആറ് വാര്‍ഡുകളില്‍ മത്സരിക്കും. മൂന്നിടത്ത് മുസ്ലിം ലീഗും നാലിടത്ത് കോണ്‍ഗ്രസും ജനവിധിതേടും.

ഭരണം പിടിച്ചെടുക്കാന്‍

എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വളരെ നേരത്തേ പൂര്‍ത്തിയായിരുന്നു. സി.പി.എം. ഒന്‍പതിടത്തും സി.പി.ഐ.യും കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗവും രണ്ടുവീതം വാര്‍ഡുകളിലും മത്സരിക്കും. സ്ഥാനാര്‍ഥികള്‍ മൂന്നുദിവസം മുമ്പുതന്നെ പത്രിക സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് എല്‍.ഡി.എഫ്. നേടിയത്. ജോസ് കെ.മാണി പക്ഷം കൂടെയുള്ള ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

പ്രതീക്ഷയോടെപ്രചാരണം

കഴിഞ്ഞ വര്‍ഷം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍.ഡി.എ.യ്ക്ക് ഉറച്ച വോട്ടുകളുള്ള പ്രദേശമാണ് ഇടവെട്ടി. 2015-ലെ തിരഞ്ഞെടുപ്പില്‍ നാമമാത്രമായ വോട്ടുകള്‍ക്കാണ് മൂന്ന് വാര്‍ഡുകളില്‍ പരാജയപ്പെട്ടത്. ഇത്തവണ ഈ മൂന്ന് വാര്‍ഡുകളിലും വിജയിക്കാനാകുമെന്നാണ് എന്‍.ഡി.എ.യുടെ പ്രതീക്ഷ. 10 വാര്‍ഡുകളിലാണ് ഇത്തവണ എന്‍.ഡി.എ. മത്സരിക്കുന്നത്. എട്ടിടത്ത് ബി.ജെ.പി.യും രണ്ടിടത്ത് ബി.ഡി.ജെ.എസും കളത്തിലിറങ്ങും.

ആകെ വികസന മുരടിപ്പ്

യു.ഡി.എഫിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ ഇടവെട്ടിയിലെ വികസനം മുരടിച്ചു പോയി. ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് അനുവദിച്ചിട്ട് ഒന്നര വര്‍ഷമായി. ഇനിയും പ്രവര്‍ത്തനം തുടങ്ങാനായില്ല. കോവിഡ് പ്രാഥമികാരോഗ്യകേന്ദ്രം പോലും പ്രവര്‍ത്തിപ്പിക്കാന്‍ ഇവരെക്കൊണ്ടായില്ല. ഇതെല്ലാം എല്‍.ഡി.എഫ്. ജനങ്ങളെ അറിയിക്കും. ഭരണം നേടും.-വി.എസ്.പ്രിന്‍സ്, സി.പി.എം. ഇടവെട്ടി ലോക്കല്‍ സെക്രട്ടറി.

വികസന വര്‍ഷം

ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഇടവെട്ടിയിലെ മുഴുവന്‍ പ്രദേശങ്ങളിലും 17.5 കോടി രൂപ മുടക്കി കുടിവെള്ളമെത്തിച്ചു. അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കി. 13 വാര്‍ഡുകളിലും ജയിക്കും.-എ.കെ.സുഭാഷ് കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ഇടവെട്ടി.

അഴിമതിയില്‍ മുങ്ങിയ ഭരണം

അഴിമതിയില്‍ മുങ്ങിയ ഭരണമാണ് ഇടവെട്ടിയിലിപ്പോള്‍ നടക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. എന്‍.ഡി.എ. ഇവരുടെ ദുര്‍ഭരണത്തിനെതിരേയാണ് പോരാടുന്നത്.-കെ.കെ.രാജു, ബി.ജെ.പി., ജില്ലാ കമ്മിറ്റിയംഗം

content highlights: idukki local self government election idavetti pachayath