election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

മൂന്നാര്‍: പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടി 2010-ലാണ് പഞ്ചായത്തായി രൂപവത്കരിച്ചത്. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തുകൂടിയാണ് ഇടമലക്കുടി. കൊടുംവനത്തിന് നടുവിലുള്ള 28 കുടികളിലായി

മുതുവാന്‍ സമുദായത്തില്‍പെട്ട ആദിവാസികളാണ് താമസിക്കുന്നത്. വനവിഭവങ്ങളും കൃഷിയും തൊഴിലുറപ്പില്‍നിന്നുള്ള കൂലിയുമാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം.

2010-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും 2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. സി.പി.എമ്മും കോണ്‍ഗ്രസും അഞ്ചുവീതം സീറ്റുകള്‍ നേടി. ബി.ജെ.പി. മൂന്ന് സീറ്റും നേടി. ഇരുമുന്നണികളെയും ബി.ജെ.പി. പിന്തുണയ്ക്കാതായതോടെ നറുക്കെടുപ്പ് വഴി ഭരണം സി.പി.എമ്മിനു ലഭിക്കുകയായിരുന്നു. ഇത്തവണ ഇടമലക്കുടിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രവചനാതീതമാണ്.

രാഷ്ട്രീയ പോര് മുറുകുന്നതിന് മുന്നോടിയായി ഇടമലക്കുടി പഞ്ചായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം തുടങ്ങി. 13 വാര്‍ഡുകളുകളാണ് പഞ്ചായത്തിലുള്ളത്. എല്ലാ സീറ്റുകളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച റിട്ടേണിങ് ഓഫീസര്‍ കെ.മുരുകന്‍ മുമ്പാകെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. സി.പി.എം. മത്സരിക്കുന്ന ഏഴ് സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആറ് സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.ഐ.യുടെയും മുഴുവന്‍ സീറ്റിലേക്കും തനിച്ച് മത്സരിക്കുന്ന ബി.ജെ.പി.യുടെയും

സ്ഥാനാര്‍ഥികള്‍ ബുധനാഴ്ച നാമനിര്‍ദേശം സമര്‍പ്പിക്കും. അഞ്ചുവര്‍ഷക്കാലത്തെ വികസനം എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാന്‍ എല്‍.ഡി.എഫ്. ശ്രമിക്കുമ്പോള്‍ വികസന മുരടിപ്പ് ഉയര്‍ത്തിപ്പിടിച്ച് യു.ഡി.എഫും ബി.ജെ.പി.യും ശക്തമായ പ്രതിരോധം ഇവിടെ തീര്‍ക്കുന്നുണ്ട്.

റോഡും ചികിത്സാ സൗകര്യവുമാണ് എല്ലാ മുന്നണികളും പ്രചാരണ ആയുധമായി ഇത്തവണയും ഉപയോഗിക്കുന്നത

വികസനത്തിന്റെ ഭരണകാലം

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. 773 കുടുംബങ്ങളില്‍നിന്നായി 1500 പേര്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴില്‍ നല്‍കി. സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപം പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നവീകരണത്തിനായി 14.70ലക്ഷം രൂപ ചെലവിട്ടു. കീഴ്പത്തംകുടി, ഷെഡ്ഡുകുടി എന്നിവിടങ്ങളിലെ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി 29.80 ലക്ഷം അനുവദിച്ചു. സൊസൈറ്റിക്കുടിയിലെ സര്‍ക്കാര്‍ സ്‌കുളിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മൂന്നുലക്ഷം നല്‍കി. പഞ്ചായത്തിലെ 700-ലധികം വീടുകള്‍ക്ക് ശുചിമുറികള്‍ പണിതു നല്‍കി. എല്ലാ വീടുകളിലും കട്ടില്‍, അലമാര എന്നിവ നല്‍കി. നാല് കുടികളിലെ വീടുകളില്‍ വൈദ്യുതിയെത്തിച്ചു. പെട്ടിമുടി-സൊസൈറ്റിക്കുടി റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.-വി.ഗോവിന്ദ രാജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്.

"കഴിഞ്ഞ അഞ്ചുവര്‍ഷവും പഞ്ചായത്തില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും ഭരണസമിതിക്ക് നടത്താന്‍ കഴിഞ്ഞില്ല. സൊസൈറ്റിക്കുടിവരെ റോഡുപണിതെങ്കിലും ഗതാഗത യോഗ്യമാക്കിയില്ല. ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ഭരണസമിതിക്കായില്ല. മുന്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ ചെലവഴിക്കാതെ ലാപ്‌സാക്കിക്കളഞ്ഞു. ഒരു കുടിയിലും കുടിവെള്ള സൗകര്യമില്ല. പുഴയിലെ വെള്ളമാണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. തീര്‍ത്തും പരാജയമായിരുന്ന ഭരണസമിതിയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും പഞ്ചായത്ത് ഭരിച്ചത്."-ആര്‍.ഈശ്വരി, മുന്‍ മെമ്പര്‍

  • വാര്‍ഡ്: 13
  • ആകെ വോട്ടര്‍മാര്‍: 1887

content highlights: idukki local self government election edamalakkudy