മാങ്കുളം: തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സി.പി.ഐ.ക്ക് മികച്ച വിജയം നേടാനായ ജില്ലകളിലൊന്നാണ് ഇടുക്കി. നാല് ജില്ലാപഞ്ചായത്ത് ഡിവിഷന്‍, 19 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 85 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ് എന്നിവിടങ്ങളില്‍ സി.പി.ഐ. ജയിച്ചു. പാര്‍ട്ടി വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ തൃശ്ശൂര്‍, കൊല്ലം ജില്ലകളാണ് മുന്നില്‍. അവിടെ ആകെയുള്ള തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണവും ഇടുക്കിയെ അപേക്ഷിച്ച് കൂടുതലാണ്.
ജില്ലാപഞ്ചായത്തിലെ അടിമാലി, മൂന്നാര്‍, പാമ്പാടുംപാറ, വണ്ടിപ്പെരിയാര്‍, ഉപ്പുതറ എന്നീ ഡിവിഷനുകളിലാണ് സി.പി.ഐ. ഇത്തവണ മത്സരിച്ചത്. അടിമാലി ഒഴികെ നാലിടത്തും ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ഡിവിഷനില്‍ മാത്രമേ ജയിച്ചിരുന്നുള്ളൂ. പാമ്പാടുംപാറയില്‍നിന്ന് ജയിച്ച ജിജി കെ.ഫിലിപ്പിനാണ് കൂടിയ ഭൂരിപക്ഷം-3567 വോട്ട്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.ഐ. അഞ്ചുസീറ്റില്‍ മത്സരിച്ചതില്‍ നാലിലും ജയിച്ചപ്പോള്‍ സി.പി.എം. ഏഴിടത്ത് മത്സരിച്ചതില്‍ അഞ്ചിടത്താണ് ജയിച്ചത്. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ 28 വാര്‍ഡിലാണ് മത്സരിച്ചത്. ഇതില്‍ 19 ഇടത്ത് വിജയിച്ചു. ഗ്രാമപ്പഞ്ചായത്തുകളില്‍ 183 വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ 85 ഇടത്ത് ജയിച്ചു.
തൊടുപുഴ നഗരസഭയില്‍ നാല് വാര്‍ഡില്‍ മത്സരിച്ചു. രണ്ടിടത്ത് ജയിച്ചു. കട്ടപ്പന നഗരസഭയില്‍ ഏഴിടത്ത് മത്സരിച്ചതില്‍ ഒരിടത്ത് ജയിച്ചു.
തദ്ദേശതിരഞ്ഞെടുപ്പില്‍ സമീപകാലത്തെ ഏറ്റവും മികച്ച ജയമാണ് ഇത്തവണ ലഭിച്ചതെന്ന് സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. മുന്നണിസംവിധാനത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് മികച്ചവിജയം നേടിത്തന്നത്.
ജില്ലയില്‍ സി.പി.ഐ.ക്ക് ശക്തമായ സംഘടനാസംവിധാനം ഉണ്ട്. സി.പി.എമ്മിനൊപ്പം നില്‍ക്കാവുന്ന പ്രവര്‍ത്തനമികവ്. ജില്ലയുമായി ബന്ധപ്പെട്ട പരിസ്ഥിതി, മൂന്നാര്‍ തുടങ്ങി പല വിഷയങ്ങളിലും സി.പി.എം.-സി.പി.ഐ. തര്‍ക്കം പതിവാണെങ്കിലും അത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചില്ല.
ജയിച്ച തദ്ദേശസ്ഥാപനങ്ങളില്‍ അധ്യക്ഷപദവി നേടുന്നതിന് എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ ജില്ലാ പഞ്ചായത്ത് ഭരണമാണ് പ്രധാനം. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം വീതംവെയ്ക്കണമെന്ന നിലപാടിലാണ് സി.പി.ഐ. രണ്ടുവര്‍ഷമെങ്കിലും അധ്യക്ഷപദവി സി.പി.ഐ.ക്ക് ലഭിച്ചേക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
content highlights: idukki local self government election cpi victory