election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

ചിന്നക്കനാല്‍: തോട്ടം തൊഴിലാളി മേഖലയായ ചിന്നക്കനാല്‍ ഇടതുപക്ഷത്തെ തുണച്ച പാരമ്പര്യമുള്ള പഞ്ചായത്താണ്. പക്ഷേ മറ്റൊരു തിരഞ്ഞെടുപ്പ് കൂടെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ഇവിടെ എന്തും സംഭവിക്കാമെന്ന നിലയാണ്.

കാരണം കൂടുതല്‍ ശക്തിസ്വരുക്കൂട്ടി യു.ഡി.എഫും ഭൂരിഭാഗം വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്‍.ഡി.എയും തമിഴ് മനസ്സ് പിടിക്കാന്‍ എ.ഐ.ഡി.എം.കെയും കച്ചകെട്ടി ഇറങ്ങുമ്പോള്‍ പെന്‍ഡുലം എവിടേക്ക് വേണമെങ്കിലും തിരിയാം. കേരളത്തിന്റെ അങ്ങേയറ്റത്തുള്ള, മനോഹരമായ സ്ഥലങ്ങളുള്ള പഞ്ചായത്താണ് ചിന്നക്കനാല്‍. കൈയ്യേറ്റങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച ഇടം. വോട്ടര്‍മാരില്‍ ഭൂരിഭാഗവും തമിഴ് സംസാരിക്കുന്നവര്‍. ചെമ്പകപ്പാറ, പാപ്പാത്തിച്ചോല, ബി.എല്‍ റാം, സിങ്കുകണ്ടം തുടങ്ങിയ ആദിവാസി മേഖലകളും.

നിര്‍ണായകം യൂണിയനുകള്‍

1969-ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. യൂണിയനുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഇവിടെ ഇടതുപക്ഷമാണ് കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ തവണ എല്‍.ഡി.എഫ് -ഏഴ്, യു.ഡി.എഫ്-5, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില.

മുന്നണിയിലെ അസ്വാരസ്യങ്ങളാണ് ഇത്തവണ ഇടതുമുന്നണി നേരിടുന്ന പ്രതിസന്ധി. സി.പി.ഐ-സി.പി.എം. നേതൃത്വങ്ങള്‍ ഉരസിലിലാണെങ്കിലും ഇത്തവണ പ്രശ്‌നങ്ങളെല്ലാം തീര്‍ത്താണ് മത്സര രംഗത്ത് ഇറങ്ങിയതെന്ന് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ രണ്ട് സീറ്റിന്റെ വ്യത്യാസത്തില്‍ കൈവിട്ട പഞ്ചായത്ത് എങ്ങിനെയും പിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫ്. അതിനായി ശക്തരായ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

13 സീറ്റിലും മത്സരിക്കുന്നതും കോണ്‍ഗ്രസ് തന്നെ. കൂടുതല്‍ വാര്‍ഡുകളില്‍ ഇക്കുറി സ്ഥാനാര്‍ഥികളെ ഇറക്കിയ എന്‍.ഡി.എയും അക്കൗണ്ട് തുറക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
കൊണ്ടും കൊടുത്തും

ലൈഫ് ഭവനപദ്ധതി പൂര്‍ത്തീകരിച്ചതും, തോട്ടം തൊഴിലാളികള്‍ക്കിടയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുമാണ് എല്‍.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്ന നേട്ടങ്ങള്‍. മാലിന്യ നിര്‍മാര്‍ജനത്തിലെ പരാജയങ്ങളും, ടൂറിസത്തിന് വേണ്ടി യാതൊന്നും ചെയ്തില്ലെന്ന ആരോപണവുമെല്ലാം യു.ഡി.എഫ്. ആയുധമാക്കുന്നു.

content highlights: idukki local self government election chinnakkanal panchayath