ഇടുക്കി: ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുള്ള സിനിമകളെല്ലാം കിടുക്കന്‍ ഹിറ്റുകളാണ്. ഇന്നുവരെ ഒന്നുപോലും തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയിട്ടില്ല.

ആ വിശ്വാസം കൊണ്ടായിരിക്കണം തിരഞ്ഞെടുപ്പുരംഗത്തെ നായികാനായകന്‍മാരെല്ലാം ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളായി മാറാനുള്ള തിരക്കിലാണ്. എന്തിനാണെന്നറിയണ്ടേ... പ്രചാരണരംഗത്ത് വെറൈറ്റി കൊണ്ടുവരാന്‍.

'എല്ലാം സാമൂഹികമാധ്യമങ്ങള്‍ വഴിയായതിനാല്‍ അവിടെയിടുന്ന പോസ്റ്ററുകള്‍ ശ്രദ്ധിക്കപ്പെട്ടാലേ കൂടുതല്‍ ലൈക്കും ഷെയറുമൊക്കെ കിട്ടി ജനമനസ്സില്‍ കയറിപ്പറ്റാന്‍ കഴിയൂ.

അതിന് എന്നതാ വഴിയെന്ന് ആലോചിച്ച് ചിത്രമെടുക്കാന്‍ ചെന്നപ്പോ സ്റ്റുഡിയോക്കാര്‍ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഇടുക്കി ചിത്രത്തിലെ ബാര്‍ബര്‍ ചോദിക്കുന്നതുപോലെ ഒരു ചോദ്യമാണെറിഞ്ഞത്.'നമുക്കൊരു വെറൈറ്റി പിടിച്ചാലെന്താ ചേട്ടാ'ന്ന്. 'പിന്നെന്നാ ചേട്ടായിയേ' എന്ന് സ്ഥാനാര്‍ഥികളും.

സംഗതി ക്ലിക്കായി

പോസ്റ്ററുകളിലെ 'ക്ലീഷേ' കൂപ്പുകൈയും പല്ല് മുഴുവന്‍ വെളിയില്‍ കാണിക്കുന്ന ചിരിയുമെല്ലാം മാറ്റിവെച്ച് അവര്‍ പുറത്തേക്കിറങ്ങി. ചിലര്‍ ക്യാമറയും തൂക്കിപ്പിടിച്ച് പ്രകാശിലെ സ്റ്റുഡിയോക്കാരന്‍ മഹേഷായി. ചേട്ടന്‍ സൂപ്പറാന്ന് പോസ്റ്ററിന് തലക്കെട്ടുമടിച്ചു. സംഗതി കറക്ട് ക്ലിക്ക്.

ഇടുക്കിയുടെ മുഖമുദ്രയാണല്ലോ ഹൈ ഗിയര്‍ ജീപ്പ്. അതുകൊണ്ട് ഏതു വോട്ടറുടെയും മനസ്സില്‍ ഓടിക്കയറാനൊരു വഴി വേണമെന്നൊരു സ്ഥാനാര്‍ഥി. ഇടുക്കിയില്‍ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന ചിത്രത്തിന്റെ പോസ്റ്ററും വെച്ച് സ്റ്റുഡിയോയിലെ പയ്യനൊരു കാച്ചുകാച്ചി. ക്രിസ്പിന്റെ പോലൊരു ഫോട്ടോഷോപ്പ് വര്‍ക്കും കൂടിയായപ്പോ സംഗതി പൊളിച്ചു.

കര്‍ഷകനായ സ്ഥാനാര്‍ഥി സ്ലീവാച്ചനായും പുതുമുഖസ്ഥാനാര്‍ഥി കട്ടപ്പനയിലെ ഹൃതിക് റോഷനുമായെല്ലാം പോസ്റ്ററുകളിലെത്തുന്നുണ്ട്. കളമൊന്നുകൊഴുക്കുമ്പോള്‍ പുതിയ വെറൈറ്റികള്‍ തിരഞ്ഞെടുപ്പ് തിരശ്ശീലയിലെത്തുമെന്ന് ഉറപ്പാണ്.

content highlights: idukki local self government election campaigning poster