election
പ്രതീകാത്മകചിത്രം| Photo: Mathrubhumi

ആലക്കോട്: പത്രികാസമര്‍പ്പണം കഴിഞ്ഞിട്ടും ആലക്കോട് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഒരേ മുന്നണിയിലെ ഒന്നിലധികം പേര്‍ പത്രിക കൊടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസിലെ വിമതശല്യമാണ് യു.ഡി.എഫിന്റെ പ്രശ്നമെങ്കില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ധാരണായാകാത്തതാണ് എല്‍.ഡി.എഫിലെ തലവേദന. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ഇരുമുന്നണികളിലും തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.

13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നാലര വര്‍ഷമായി യു.ഡി.എഫിന്റെ ഭരണമാണ്. 2010-ലും യു.ഡി.എഫാണ് വിജയിച്ചത്.

പിണങ്ങല്ലേ...

സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കമാണ് യു.ഡി.എഫില്‍ കീറാമുട്ടിയാകുന്നത്. ഏഴിടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ മൂന്നിടത്ത് വിമതന്‍മാര്‍ നാമനിര്‍ദേശപത്രിക നല്‍കി കഴിഞ്ഞു. വിമതരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടത്തുകയാണ്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം അഞ്ച് സീറ്റിലും ലീഗ് ഒരു സീറ്റിലും മത്സരിക്കും.

കഴിഞ്ഞ തവണയും യു.ഡി.എഫില്‍ പ്രശ്നമുണ്ടായിരുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വേറേവേറെയാണ് പഞ്ചായത്തില്‍ മത്സരിച്ചത്. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെടുത്തു. എന്നാല്‍, കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെ കോണ്‍ഗ്രസ് സ്വതന്ത്രന്‍ എല്‍.ഡി.എഫിന്റെയും കേരള കോണ്‍ഗ്രസിന്റെയും പിന്‍തുണയോടെ പ്രസിഡന്റായി. മുന്നണിയിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ആറുമാസത്തിന് ശേഷം യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തു.

ആകെ തര്‍ക്കം

പത്തുവര്‍ഷം മുമ്പ് കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍ ഉറച്ചാണ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയത്. ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവും ആത്മവിശ്വാസം നല്‍കി. എന്നാല്‍, സീറ്റ് വെച്ചുമാറുന്നതിച്ചൊല്ലി സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോഴുള്ള പ്രശ്നം. അഞ്ച് വാര്‍ഡുകളില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ഥാനാര്‍ഥികള്‍ വെവ്വേറെ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.എം. ഒരു വാര്‍ഡിലും സി.പി.ഐ. രണ്ട് വാര്‍ഡുകളിലും ജയിച്ചിരുന്നു.

പ്രതീക്ഷയോടെ

ആലക്കോട് പഞ്ചായത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മാത്രമാണ് എന്‍.ഡി.എയില്‍ മത്സരിക്കുന്നത്. ഏഴ് വാര്‍ഡുകളില്‍ മത്സരിക്കും. മൂന്ന് വാര്‍ഡുകളില്‍ വിജയപ്രതീക്ഷയുണ്ടെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ ഒരു വാര്‍ഡില്‍ നാമമാത്രമായ വോട്ടിനാണ് പരാജയപ്പെട്ടത്.

content highlights: idukki local self government election alakode panchayath