തൊടുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജില്ലയില്‍ 7330 പേര്‍ നാമനിര്‍ദേശം നല്‍കി. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച മാത്രം 3666 പത്രികകളാണ് ലഭിച്ചത്.

പല മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതാണ് അവസാന ദിവസം തിരക്ക്കൂടാന്‍ കാരണം. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. 23വരെ പത്രിക പിന്‍വലിക്കാം. ഇതിനുശേഷമേ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരൂ.

പഞ്ചായത്തുകളില്‍ 5815

52 പഞ്ചായത്തിലെ വാര്‍ഡുകളിലേക്ക് മത്സരിക്കാന്‍ 5815 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 2766 പത്രികകളാണ് ലഭിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് 202 എണ്ണം. 51 പത്രിക ലഭിച്ച കോടിക്കുളം പഞ്ചായത്തിലാണ് ഏറ്റവും കുറവ്.

ജില്ലാ പഞ്ചായത്തില്‍ 134

അവസാന ദിവസമാണ് ജില്ലാ പഞ്ചായത്തിലെ 53 ശതമാനം നാമനിര്‍ദേശ പത്രികകളും വന്നത്. ആകെ കിട്ടിയ 134 നാമനിര്‍ദേശപത്രികകളില്‍ 70-ഉം വ്യാഴാഴ്ചയാണ് ലഭിച്ചത്.

നഗരസഭകളില്‍ 596

ജില്ലയിലെ രണ്ട് നഗരസഭയിലെ 69 വാര്‍ഡുകളിലേക്ക് 596 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. കട്ടപ്പനയിലാണ് ഏറ്റവും കൂടുതല്‍. 301 പത്രികകള്‍. തൊടുപുഴയില്‍ 295 പത്രികകള്‍ കിട്ടി.

ബ്ലോക്ക് പഞ്ചായത്തില്‍ 755

എട്ട് ബ്ലോക്ക് പഞ്ചായത്തിലെ 104 ഡിവിഷനുകളിലായി ആകെ 755 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഇതില്‍ 450 എണ്ണം ലഭിച്ചത് അവസാന ദിവസമാണ്.

107 പത്രിക ലഭിച്ച ദേവികുളത്താണ് ഏറ്റവും കൂടുതല്‍. നെടുങ്കണ്ടത്ത് 106-ഉം ഇളംദേശത്ത് 101-ഉം പത്രികകള്‍ ലഭിച്ചു. അടിമാലി-99, ഇടുക്കി-97, കട്ടപ്പന-94, തൊടുപുഴ-96, അഴുത-85 എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം.

സമയം കഴിഞ്ഞും ക്യൂ

വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിവരെയായിരുന്നു പത്രികാ സമര്‍പ്പണം. എന്നാല്‍, പത്രിക നല്‍കാനുള്ളവരുടെ തിരക്ക് കൂടിയതോടെ അതിനുശേഷവും പലയിടത്തും സ്വീകരിച്ചു. മൂന്നുമണിവരെ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് തുടര്‍ന്ന് പത്രിക വാങ്ങിയത്. വണ്ണപ്പുറം പഞ്ചായത്തില്‍ 84പേര്‍ക്കാണ് ടോക്കണ്‍ നല്‍കിയത്.

കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു

തൊടുപുഴ: തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അസി. കളക്ടര്‍ സൂരജ് ഷാജി, ഡയറക്ടറി എ.ഡി.എം. ആന്റണി സ്‌കറിയയ്ക്ക് കൈമാറി. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ മുതല്‍ പഞ്ചായത്ത്തലത്തില്‍ വരെയുള്ള വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും, ജില്ലയിലെ തഹസില്‍ദാര്‍മാരുടെയും ക്രമസമാധാനപാലന വിഭാഗത്തിന്റെയും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുന്ന ഡയറക്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊതു ജനങ്ങള്‍ക്കുമായി പ്രസിദ്ധീകരിച്ചത്.

തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചു

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടുക്കി ജില്ലയില്‍ ഒരു പൊതുനിരീക്ഷകനെയും മൂന്ന് ചെലവുനിരീക്ഷകരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചു.

കോംപന്‍സേറ്ററി അഫോറസ്റ്റേഷന്‍ ഫണ്ട് മാനേജ്മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി (സി.എ.എം.പി.എ.) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേഷ് രവീന്ദ്രനെ ജില്ലയിലെ പൊതുനിരീക്ഷകനായും, ജില്ലാ ഓഡിറ്റ് ഓഫീസര്‍ സിനി എം.വി. (അടിമാലി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്കുകള്‍), ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.ഡി.ഫെറോള്‍ഡ് സേവ്യര്‍ (ഇളംദേശം, ഇടുക്കി, കട്ടപ്പന ബ്ലോക്കുകള്‍, കട്ടപ്പന നഗരസഭ), കോര്‍പ്പറേഷന്‍ ഓഡിറ്റ് ഓഫീസ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ദാസ് എസ്. (തൊടുപുഴ, അഴുത ബ്ലോക്കുകള്‍, തൊടുപുഴ നഗരസഭ) എന്നിവരെ ചെലവുനിരീക്ഷകരായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു.

content highlights: idukki local self government election 7330 persons submitted nomination