idukki
വാഹനത്തിനുമുകളില്‍ കയറി തൊടുപുഴ നഗരമധ്യത്തിലൂടെ
വിജയാഹ്ലാദം പങ്കിടുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍

മാങ്കുളം: കേരള കോണ്‍ഗ്രസിന്റെ തണലിലാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണം ഏതുമുന്നണിക്ക് കിട്ടും എന്നത് നിശ്ചയിക്കുന്നത്. 1995-ല്‍ ജില്ലാ പഞ്ചായത്ത് തുടങ്ങിയതുമുതല്‍ അത് അങ്ങനെയാണ്. ജോസഫ് ഇടതുപക്ഷമായപ്പോള്‍ 2010 വരെ മൂന്നുവട്ടം എല്‍.ഡി.എഫ്. ഭരിച്ചു. ജോസഫ് പോയപ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷം യു.ഡി.എഫാണ് ഭരിച്ചത്. ഇത്തവണ ജോസ് കെ.മാണി വിഭാഗം ഒപ്പം നിന്നപ്പോള്‍ പത്തുവര്‍ഷത്തിനുശേഷം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചിരിക്കുന്നു. 16 ഡിവിഷനില്‍ പത്തും നേടിയാണ് എല്‍.ഡി.എഫിന്റെ ജയം. യു.ഡി.എഫിന് ആറുസീറ്റ് മാത്രം. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ യു.ഡി.എഫിലെ പ്രമുഖനേതാക്കളെല്ലാം തോറ്റു.

അട്ടിമറികള്‍

എല്‍.ഡി.എഫില്‍ സി.പി.എം. ഏഴുസീറ്റില്‍ മത്സരിച്ചതില്‍ അഞ്ചിലും ജയിച്ചപ്പോള്‍ സി.പി.ഐ. നാലുസീറ്റില്‍ ജയിച്ചു. അഞ്ചുസീറ്റിലാണ് മത്സരിച്ചത്. ജോസ് കെ.മാണി വിഭാഗം നാലുസീറ്റില്‍ മത്സരിച്ചതില്‍ ഒരിടത്തുമാത്രം ജയിച്ചു. യു.ഡി.എഫില്‍ 11 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് മൂന്നുസീറ്റില്‍മാത്രമാണ് ജയിച്ചത്. ജോസഫ് വിഭാഗം അഞ്ചിടത്ത് മത്സരിച്ചതില്‍ മൂന്നില്‍ ജയിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസിനാണ് വലിയ നഷ്ടമുണ്ടായത്.

എല്‍.ഡി.എഫ്. ഏറ്റവും വലിയ അട്ടിമറിജയം നേടിയത് രാജാക്കാട് ഡിവിഷനിലാണ്. നിലവിലെ പ്രസിഡന്റ് യു.ഡി.എഫിലെ കൊച്ചുത്രേസ്യാ പൗലോസിനെ എല്‍.ഡി.എഫിലെ ഉഷാകുമാരി 6747 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോയി തോമസ് പാമ്പാടുംപാറ ഡിവിഷനില്‍ 3567 വോട്ടിനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജോ മാണി വാഗമണ്ണില്‍ 225 വോട്ടിനും തോറ്റു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുമുള്ള വി.എന്‍.മോഹനന്‍ നെടുങ്കണ്ടം ഡിവിഷനില്‍ 6766 വോട്ടിന് ജയിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വീതംവയ്ക്കാനാണ് സാധ്യത. ആദ്യരണ്ടുവര്‍ഷം സി.പി.എം., പിന്നെ സി.പി.ഐ., അവസാന ഒരുവര്‍ഷം ജോസ് വിഭാഗം എന്നിങ്ങനെ നല്‍കുമെന്നാണ് അറിയുന്നത്. വണ്ടന്‍മേട് ഡിവിഷനില്‍നിന്ന് വിജയിച്ച എല്‍.ഡി.എഫിലെ രാരിച്ചന്‍ നീറണാംകുന്നിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-58.

സമഗ്രാധിപത്യം

1995-ല്‍ ആദ്യതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു ഭരണം. അന്ന് ജോസഫ് വിഭാഗം എല്‍.ഡി.എഫിലായിരുന്നു. തുടര്‍ന്ന് 2000, 2005 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും ഭരണം എല്‍.ഡി.എഫ്. തന്നെ നേടി. 2010-ല്‍ ജോസഫ് വിഭാഗം യു.ഡി.എഫിലേക്ക് പോയി. തുടര്‍ന്ന് 2010-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 16 സീറ്റും നേടി യു.ഡി.എഫ്. ഭരണം നേടി. ഒറ്റ ഡിവിഷന്‍പോലും എല്‍.ഡി.എഫിന് കിട്ടിയില്ല. 2015-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 10-ഉം എല്‍.ഡി.എഫിന് ആറും സീറ്റാണ് കിട്ടിയത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമായിരുന്നു. ഇവരുടെ ഒരു സീറ്റുകൂടി ചേര്‍ത്താണ് എല്‍.ഡി.എഫിന് ആറുസീറ്റായത്. എന്നാല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നതോടെ എല്‍.ഡി.എഫ്. സീറ്റുകള്‍ അഞ്ചായി. ഈനിലയില്‍നിന്നാണ് ഇത്തവണ എല്‍.ഡി.എഫ്. പത്തുസീറ്റ് നേടി ഭരണം പിടിച്ചത്.

content highlights: idukki local self government election 2020 result