തദ്ദേശപ്പോരില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. 16 ഡിവിഷനുകളില്‍ 10 ഇടത്തും എല്‍.ഡി.എഫ്. ആധിപത്യം സ്ഥാപിച്ചതോടെ യു.ഡി.എഫ്. ആറിടത്തേക്ക് ഒതുങ്ങി.
ജില്ലാ പഞ്ചായത്ത്
ഡിവിഷനുകള്‍: ഡിവിഷനുകള്‍-അടിമാലി, മൂന്നാര്‍, ദേവികുളം, രാജാക്കാട്, മുരിക്കാശേരി, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, ഉപ്പുതറ, മൂലമറ്റം, കരിങ്കുന്നം, കരിമണ്ണൂര്‍, പൈനാവ്, മുള്ളരിങ്ങാട്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കരുത്തിലായിരുന്നു ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഭരണം ആര്‍ക്കെന്ന് തീരുമാനിച്ചിരുന്നത്. അതായിരുന്നു ചരിത്രം. എന്നാല്‍ ഇത്തവണ അത് മാറ്റിയെഴുതിയിരിക്കുകയാണ് എല്‍.ഡി.എഫ്. മുന്‍പ് ജോസഫ് വിഭാഗം എല്‍.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തുടര്‍ച്ചയായ മൂന്നുവട്ടവും ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ആയിരുന്നു. ജോസഫ് പക്ഷം യു.ഡി.എഫിലേക്ക് പോയപ്പോള്‍ ഭരണവും പോയി.
1995-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു ഭരണം. അന്ന് ജോസഫ് വിഭാഗം എല്‍.ഡി.എഫില്‍ ആയിരുന്നു. തുടര്‍ന്ന് 2000, 2005 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും ഭരണം എല്‍.ഡി.എഫ്.നേടി. 2010-ല്‍ ജോസഫ് വിഭാഗം യു.ഡി.എഫിലേക്ക് പോയി. തുടര്‍ന്ന് 2010-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 16 സീറ്റും നേടി യു.ഡി.എഫ്. ഭരണം നേടി. ഒറ്റ ഡിവിഷന്‍പോലും എല്‍.ഡി.എഫിന് കിട്ടിയില്ല. 2015-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ആറും സീറ്റ് ആണ് കിട്ടിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. ഇവരുടെ ഒരു സീറ്റുകൂടി ചേര്‍ത്താണ് എല്‍.ഡി.എഫിന് ആറുസീറ്റ് ആയത്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നതോടെ എല്‍.ഡി.എഫ്. സീറ്റുകള്‍ അഞ്ചായി.
2015 കക്ഷിനില
യു.ഡി.എഫ്.-11
കോണ്‍ഗ്രസ്-എട്ട്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം-മൂന്ന്.
എല്‍.ഡി.എഫ്.-5
സി.പി.എം.-4
സി.പി.ഐ.-1.
ബ്ലോക്ക് പഞ്ചായത്തുകള്‍
ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിന്റെ കുതിപ്പ് ഇത്തവണ വ്യക്തമാണ്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത് രണ്ടിടത്തു മാത്രമാണ്. ദേവികുളത്ത് യു.ഡി.എഫിന്റെ സംവരണ സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെ അവിടെ അധ്യക്ഷസ്ഥാനം എല്‍.ഡി.എഫിന് ലഭിച്ചു. എന്നാല്‍ ഇത്തവണ നാല് ബ്ലോക്കുകള്‍ എല്‍.ഡി.എഫ്. നേടി. 2015ല്‍ നെടുങ്കണ്ടം, കട്ടപ്പന എന്നീ ബ്ലോക്കുകളില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകള്‍ നിലനിര്‍ത്താനും അഴുത, ദേവികുളം ബ്ലോക്കുകള്‍ കൂടി നേടാനും എല്‍.ഡി.എഫിന് സാധിച്ചു. അടിമാലി, ഇളംദേശം, ഇടുക്കി, തൊടുപുഴ ബ്ലോക്കുകള്‍ യു.ഡി.എഫിനൊപ്പവും നിലയുറപ്പിച്ചു.
നഗരസഭ
ജില്ലയില്‍ രണ്ട് നഗരസഭകളാണുള്ളത്, ലോ റേഞ്ചില്‍ തൊടുപുഴയും ഹൈറേഞ്ചില്‍ കട്ടപ്പനയും. 2015ല്‍ ഇരു നഗരസഭകളിലും യു.ഡി.എഫിനായിരുന്നു ഭരണം. 34 അംഗ കട്ടപ്പന നഗരസഭയില്‍ ഇക്കുറിയും ഭരണം നിലനിര്‍ത്താനായി. യു.ഡി.എഫ്.-22(യു.ഡി.എഫ്. സ്വതന്ത്ര ഉള്‍പ്പെടെ), എല്‍.ഡി.എഫ്.- 9(എല്‍.ഡി.എഫ്. സ്വതന്ത്ര ഉള്‍പ്പെടെ), എന്‍.ഡി.എ-2(സ്വതന്ത്ര ഉള്‍പ്പെടെ), യു.ഡി.എഫ് വിമത-1 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയിരിക്കുന്നത്.
എന്നാല്‍ 35 അംഗ തൊടുപുഴ നഗരസഭയില്‍ കാര്യങ്ങള്‍ തുലാസിലാണ്. യു.ഡി.എഫ് വിമതരുടെ നിലപാടാണ് നിര്‍ണായകമാവുക. യു.ഡി.എഫ്.-14(നാല് യു.ഡി.എഫ്. സ്വതന്ത്രര്‍), എല്‍.ഡി.എഫ്.-11(ഏഴ് എല്‍.ഡി.എഫ്. സ്വതന്ത്രര്‍ ഉള്‍പ്പെടെ), എന്‍.ഡി.എ.-8(എന്‍.ഡി.എ. സ്വതന്ത്ര ഉള്‍പ്പെടെ), യു.ഡി.എഫ്. വിമതര്‍-2 എന്നിങ്ങനെയാണ് വിജയിച്ചിരിക്കുന്നത്. 35 അംഗ നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 അംഗങ്ങളുടെ പിന്തുണ വേണം. എല്‍.ഡി.എഫിനും യു.ഡി.എഫിനും തനിച്ച് ഭൂരിപക്ഷമില്ല. 2015ലും എട്ട് സീറ്റുകളാണ് എന്‍.ഡി.എ. നേടിയത്. ഇത്തവണയും എട്ടു സീറ്റുകള്‍ തന്നെയാണ് എന്‍.ഡി.എയുടെ അക്കൗണ്ടില്‍ എത്തിയത്.
ഗ്രാമപഞ്ചായത്തുകള്‍
52 ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും ഒടുവിലെ കണക്കുകള്‍ 27 ഇടത്ത് യു.ഡി.എഫും എല്‍.ഡി.എഫ് 23 ഇടത്തും മുന്നിലാണ്. രണ്ടിടത്തെ ചിത്രം വ്യക്തമായിട്ടില്ല.
content highlights: idukki local self government election 2020