idukki
ഡബിള്‍ സ്‌ട്രോങ്ങാ... വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തൊടുപുഴ
സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളിലെ സ്‌ട്രോങ് റൂമിനു മുന്നില്‍ കാവല്‍നില്‍ക്കുന്ന പോലീസുകാര്‍|  ഫോട്ടോ: അജേഷ് ഇടവെട്ടി

തൊടുപുഴ: ജനങ്ങളുടെ വിധിയെഴുത്ത് പെട്ടിയിലായതോടെ ഇടുക്കിയില്‍ മുന്നണികള്‍ക്കെല്ലാം നെഞ്ചിടിപ്പാണ്. ശക്തമായ പോരാട്ടം നടന്ന ഇവിടെ ജനങ്ങള്‍ ഒരു മുന്നണിക്കും അനുകൂലമായി പ്രതികരിക്കാതിരുന്നതാണ് ചങ്കിടിപ്പേറ്റുന്നത്.

പട്ടയംമുതല്‍ കേന്ദ്ര, സംസ്ഥാന ഭരണംവരെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പില്‍ കോവിഡിനെപോലും ഭയക്കാതെയാണ് വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പ്പം കുറവായിരുന്നെങ്കിലും 74.66 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ വോട്ടിങ് ശതമാനം ആരെ തുണയ്ക്കുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

ചൂട് കൂടി, അടിയും പൊട്ടി

പ്രചാരണത്തില്‍ ചൂടില്ലായിരുന്നെങ്കിലും വോട്ടുദിവസത്തെ ചൂടില്‍ ചില പൊട്ടിത്തെറികളും ജില്ലയിലുണ്ടായി. തൊടുപുഴ മങ്ങാട്ടുകവലയില്‍ സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട് ആക്രമിക്കപ്പെട്ടു. ഇതിനുപിന്നാലെ മറുവിഭാഗം പ്രതിഷേധവുമായെത്തിയതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കട്ടപ്പന കണ്ണംപടിയിലും രാഷ്ട്രീയസംഘര്‍ഷമുണ്ടായി. വോട്ടെടുപ്പ് ദിവസം കുമ്മംകല്ലിലും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതെല്ലാം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കുന്നുണ്ട്.

കൂട്ടിയും കിഴിച്ചും മുന്നണികള്‍

വോട്ട് പെട്ടിയിലായതോടെ മുന്നണികള്‍ക്ക് ഇനി കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിവസങ്ങളാണ്. ഓരോ ബൂത്ത് കമ്മിറ്റികളും ശേഖരിച്ച വോട്ട് ചെയ്തവരുടെ കണക്കുകള്‍ ക്രോഡീകരിച്ച് മുന്നണികളുടെ പ്രാദേശിക ഘടകങ്ങളാണ് എത്ര സീറ്റ് കിട്ടുമെന്ന ഏകദേശ കണക്കുകൂട്ടല്‍ നടത്തുന്നത്.

പലയിടത്തും ഈ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉറപ്പെന്നുറപ്പിച്ച വോട്ടുകള്‍ ചെയ്യാതെവന്നതിന്റെ കാരണങ്ങളും മുന്നണികള്‍ കീഴ്ഘടകങ്ങളോട് തേടുന്നുണ്ട്. കിട്ടിയ കണക്കുകളില്‍ മൂന്നു മുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എന്താണ് വിധിയെഴുത്തെന്ന് 16-ന് കണ്ടുതന്നെ അറിയേണ്ടിവരും.

content highlights: idukki local self government election 2020