മറയൂര്‍: പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനുള്ളിലെ വനത്തിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മൂന്നു ജീവനക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരമൊരുക്കി അധികൃതര്‍. മൂന്നാറില്‍നിന്ന് വട്ടവട പോകുംവഴി ടോപ്പ് സ്റ്റേഷനില്‍നിന്ന് തിരിഞ്ഞ് 10 കിലോമീറ്റര്‍ കൊടുംവനത്തിലുള്ള ബന്തര്‍ വയര്‍ലസ് സ്റ്റേഷനിലാണ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചായിരുന്നു ഇവര്‍ക്ക് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കിയത്.

നാഷണല്‍ പാര്‍ക്കിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്തര്‍ വയര്‍ലെസ് സ്റ്റേഷനില്‍ ഏഴു ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ മൂന്നുപേര്‍ക്ക് വട്ടവട പഞ്ചായത്തിലെ മൂന്നും ആറും വാര്‍ഡിലുമായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്.

നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് ഷോളാ നാഷണല്‍ പാര്‍ക്ക് അസി. വാര്‍ഡന്‍ എം.കെ.ഷമീറിന്റെ ആവശ്യപ്രകാരം തിങ്കളാഴ്ച രാവിലെ പോളിങ് ഓഫീസര്‍മാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബന്തറിലെത്തി മൂന്നുപേര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി. സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാരായ ജോസഫ് പി.എം., രതീഷ് ആര്‍., മാരിമുത്തു എന്നിവര്‍ പി.പി.ഇ. കിറ്റ് ധരിച്ചാണ് എത്തിയത്. നാഷണല്‍ പാര്‍ക്ക് അസി. വാര്‍ഡന്‍ എം.കെ.ഷമീര്‍, സെക്ഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ് കുമാര്‍ എന്നിവര്‍ സഹായം നല്‍കി.

content highlights: idukki local self government election 2020