തൊടുപുഴ: ആവേശത്തിരയില്ലാതിരുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനും ആവേശമില്ലാത്ത കൊടിയിറക്കം. കൊട്ടിക്കലാശങ്ങള്‍ക്ക് പേരുകേട്ട ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം സാധാരണപോലെയായിരുന്നു. ഗ്രാമങ്ങളിലും കാര്യമായ അലയൊലികള്‍ ഉണ്ടായില്ല. കൊട്ടിക്കലാശം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്ഷിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിനാണ് മുന്നണികള്‍ പ്രാധാന്യം നല്‍കിയത്.

idukki
ഇടവെട്ടി കുമ്മംകല്ല് വലിയജാരം ഭാഗത്ത് പ്രചാരണസമാപനത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കൊട്ടിക്കലാശം

നിശബ്ദമായ ഇടങ്ങള്‍

തൊടുപുഴ, ചെറുതോണി, കട്ടപ്പന, രാജാക്കാട്, നെടുങ്കണ്ടം തുടങ്ങി ജില്ലയിലെ പ്രധാന ടൗണുകളില്‍ മുന്‍പെല്ലാം കൊട്ടിക്കലാശം ആടി തകര്‍ത്തിരുന്നു. എന്നാല്‍, ഇത്തവണ ചെറുവാഹനങ്ങളിലെ അനൗണ്‍സ്മെന്റുകളൊഴികെ മറ്റൊന്നും ഇവിടെ കാണാനില്ലായിരുന്നു.

idukki

ഇടവെട്ടി ചിറക്കവലയില്‍ പ്രചാരണസമാപനത്തിന്റെ ഭാഗമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ അണിനിരന്നപ്പോള്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊട്ടിക്കലാശം എല്ലാ പ്രദേശങ്ങളിലും ബി.ജെ.പി. ഒഴിവാക്കിയിരുന്നു.

വാഹനറാലികള്‍

റാലികളും പ്രകടനങ്ങളും നടത്താനാകാത്തതിനാല്‍ ചിലയിടങ്ങളില്‍ മുന്നണികള്‍ വാഹനറാലി നടത്തി. അതും വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളും റാലിയിലുണ്ടായിരുന്നു.

idukki
തൊടുപുഴ കാരിക്കോട് ഉണ്ടപ്ലാവില്‍ പ്രചാരണസമാപനത്തിന്റെ ഭാഗമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ ഇരുചക്രവാഹന റാലി

നിശബ്ദമാകുന്നതിനുമുന്‍പുള്ള ശബ്ദം

തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ് എന്നതിനാല്‍ ഞായറാഴ്ച അവസാന ഘട്ടത്തില്‍ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ കൂടുതലായി ഇറങ്ങി. ഓരോ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ടൗണുകളിലുമാണ് പ്രധാനമായും അനൗണ്‍സ്മെന്റ് വാഹനങ്ങളെത്തിയത്. റെക്കോഡ് ചെയ്ത ശബ്ദം കേള്‍പ്പിച്ചും മൈക്കിലൂടെ അനൗണ്‍സ് ചെയ്തുമായിരുന്നു പ്രചാരണം.

വോട്ടുപിടിക്കാന്‍ സ്‌ക്വാഡുകള്‍

ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുവീടാന്തരം കയറി വോട്ടുതേടി. ഓരോ നാട്ടുവഴികളിലും ഇത്തരം സ്‌ക്വാഡുകളെ കാണാമായിരുന്നു. വനിതകളും യുവാക്കളും ഇത്തരം സ്‌ക്വാഡുകളുടെ ഭാഗമായി. വോട്ടര്‍മാരെ കാണാനായി സ്ഥാനാര്‍ഥികളും അവസാനവട്ട ഓട്ടത്തിലായിരുന്നു.

നിശബ്ദമെങ്കിലും...

തിരഞ്ഞെടുപ്പിന് മുന്‍പ് അവസാന വോട്ടും ഉറപ്പിക്കാന്‍ തിങ്കളാഴ്ചയും സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ട്. വീടുകള്‍ കയറിയുള്ള മൗന പ്രചാരണം ഇന്ന് അനുവദിച്ചിട്ടുണ്ട്. ഉറച്ച വോട്ടുകള്‍ മറിയുകയും മറിക്കുകയുമെല്ലാം ചെയ്യുന്ന ദിവസം കൂടിയാണിത്. അതുകൊണ്ട് നിശബ്ദമാണെങ്കിലും മുന്നണികളെല്ലാം കരുതലില്‍ തന്നെയാണ്.

content highlights: idukki local self government election 2020