തൊടുപുഴ: സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കുന്നവരാണ് ഇടുക്കിക്കാര്‍. മണ്ണും കൃഷിയും ഭൂപ്രശ്നങ്ങളുമാണ് എന്നും മലനാടിന്റെ രാഷ്ട്രീയം. പിന്നെ ചില്ലറ പ്രദേശിക പ്രശ്‌നങ്ങളും. ദേശീയ-സംസ്ഥാന രാഷ്ട്രീയമൊക്കെ മൂന്നാം സ്ഥാനത്തേക്കു പോകും. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ മുന്നണികളെല്ലാം മലനാടിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. എന്തായാലും സ്ഥിരമായി ഒരുമുന്നണിയെ പിന്തുണയ്ക്കുന്ന സ്വഭാവം ഇടുക്കിക്ക് ഇല്ല.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കത്തിപ്പിടിച്ചപ്പോള്‍ നേട്ടം കൊയ്തത് എല്‍.ഡി.എഫാണ്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നേട്ടമുണ്ടാക്കി. 2016-ല്‍ അഞ്ച് നിയമസഭാ സീറ്റില്‍ മൂന്നെണ്ണം നേടി എല്‍.ഡി.എഫ്. മറുപടി കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. തിരിച്ചുവന്നു.

കര്‍ഷക വോട്ടുകള്‍ നിര്‍ണായകം

തങ്ങളുടെ മണ്ണുകാക്കാന്‍ സഹായിക്കുന്ന മുന്നണിയോടായിരിക്കും മലയോരജനതയ്ക്ക് എന്നും പ്രിയം. കൈവശഭൂമിയില്‍ വീടല്ലാതെ മറ്റൊരു നിര്‍മാണവും പാടില്ലെന്ന 1964-ലെ ഭൂപതിവുചട്ടത്തില്‍ മാറ്റം വേണമെന്നുതന്നെയാണ് ഇടുക്കിക്കാരുടെ ആവശ്യം. ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയവും ഇതുതന്നെ. വരാനിരിക്കുന്ന കസ്തൂരിരംഗന്‍ അന്തിമവിജ്ഞാപനവും ഇടുക്കിക്കാര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇടുക്കി ജില്ലയില്‍ വ്യാപകമായി നല്‍കിയ ഉപാധിരഹിത പട്ടയങ്ങള്‍, ഭൂപതിവുനിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതികള്‍, സംസ്ഥാന സര്‍ക്കാരിന്റെ വികസന നയം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയാണ് എല്‍.ഡി.എഫ്. പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇടുക്കിക്ക് മാത്രമായി നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയതും പ്രളയ പുനര്‍നിര്‍മാണത്തിലെ വീഴ്ചകളും കാര്‍ഷികവിലത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ്. വോട്ടു തേടുന്നത്.

തൊടുപുഴ നഗരസഭയില്‍ കഴിഞ്ഞതവണ എട്ട് സീറ്റുനേടിയ ബി.ജെ.പി. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെവന്നാല്‍ 35 അംഗ വാര്‍ഡുകളുള്ള നഗരസഭയില്‍ ബി.ജെ.പി.യുടെ സ്വാധീനം നിര്‍ണായകമാകും. ചുറ്റുമുള്ള ചില പഞ്ചായത്തുകളിലും ബി.ജെ.പി. കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജോസും ജോസഫും പിരിഞ്ഞപ്പോള്‍

അപ്രതീക്ഷിതമായി എല്‍.ഡി.എഫ്. പാളയത്തിലേക്കുവന്ന ജോസ് കെ.മാണി മുന്നണിക്ക് മെച്ചമുണ്ടാക്കുമോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായമാണ് രാഷ്ട്രീയനിരീക്ഷകര്‍ക്ക്. ഇടുക്കി നിയമസഭാമണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് നേരിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് നിഗമനം. മണ്ഡലത്തില്‍പ്പെടുന്ന കട്ടപ്പന നഗരസഭയില്‍ തങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാന്‍ ജോസ് കെ.മാണിയുമായുള്ള ബന്ധം ഗുണകരമാകുമെന്നും എല്‍.ഡി.എഫ്. പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇടുക്കി മണ്ഡലമൊഴികെയുള്ള പ്രദേശങ്ങളില്‍ പി.ജെ.ജോസഫിന്റെ പ്രഭാവത്തിന് തടയിടാന്‍ ജോസ് വിഭാഗത്തിന് കഴിയില്ലെന്നാണ് നിരീക്ഷണം. എന്തായാലും രണ്ട് വിഭാഗങ്ങള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ഉടന്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേയുള്ള സാമ്പിള്‍ വെടിക്കെട്ട്.

പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ

എന്നാല്‍, പഴയ ചരിത്രമൊന്നും ഇടുക്കിയെ പ്രവചിക്കാന്‍ പര്യാപ്തമല്ല. കാരണം, ഓരോ കാലത്തും ഓരോ വിഷയത്തിലൂന്നിയാണ് ഇടുക്കിയുടെ രാഷ്ട്രീയം. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ സ്വാധീനം ജില്ലയില്‍ ശക്തമായിരുന്നു. ഇത്തവണ സമിതി രാഷ്ട്രീയരംഗത്തില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ സമിതിയുടെ മേല്‍വിലാസത്തില്‍ കിട്ടിയ വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫിന് കിട്ടുമെന്ന് ഉറപ്പില്ല. യു.ഡി.എഫ്. പക്ഷത്തുനിന്ന് മാറിയെത്തിയ ആ വോട്ടുകള്‍ തിരികെ പോകാനും സാധ്യതയുണ്ട്.

പൊമ്പിളൈ ഒരുമ നിര്‍ജീവമായതും എ.ഐ.എ.ഡി.എം.കെ.യുടെ സാന്നിധ്യവും തോട്ടം മേഖലയിലെ വോട്ടുബാങ്കുകളില്‍ വലിയ ചലനമുണ്ടാക്കും. എ.ഐ.എ.ഡി.എം.കെ.യ്ക്ക് എന്‍.ഡി.എ.യുടെ പിന്തുണയുള്ള പഞ്ചായത്തുവാര്‍ഡുകളില്‍ ആ കൂട്ടുകെട്ട് നേട്ടമുണ്ടാക്കിയേക്കും. പെട്ടിമുടി ദുരന്തത്തിന് ഇരയായ തമിഴ്വംശജരോടുള്ള സര്‍ക്കാര്‍ അവഗണനയും തോട്ടം തൊഴിലാളികളുടെ ദുരവസ്ഥയും ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ഇടുക്കിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്.

content highlights: Idukki local self government election 2020