നെടുങ്കണ്ടം: ചോറ്റുപാറയിലെ ഇടതുസ്ഥാനാര്‍ഥി വിജുമോള്‍ വിജയന്റെ പ്രചാരണ വാഹനം കടന്നുപോകുമ്പോള്‍ ആരായാലും ഒന്ന് കാതോര്‍ത്തുപോകും. കാരണം ജീപ്പിന് മുകളില്‍ വെച്ചുകെട്ടിയിരിക്കുന്ന ഉച്ചഭാഷിണിയില്‍നിന്ന് പ്രവഹിക്കുന്നത് കിളിനാദമാണ്. ആള് മറ്റാരുമല്ല, ദേശീയ അമ്പെയ്ത്ത് താരവും സ്ഥാനാര്‍ഥി വിജുമോള്‍ വിജയന്റെ മകളുമായ ശ്രീലക്ഷ്മിയാണ് അമ്മയ്ക്കുവേണ്ടി വോട്ട് ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം അനൗണ്‍സ്മെന്റിന് അനുവാദം ലഭിച്ചതോടെയാണ് തൃശ്ശൂര്‍ കാര്‍മല്‍ കോളേജിലെ എം.കോം ഫിനാന്‍സ് വിദ്യാര്‍ഥിയായ ശ്രീലക്ഷ്മി അമ്മയുടെ വാഹന പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തത്.

പ്രചാരണ വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന് മണിക്കൂറുകളോളം ആവര്‍ത്തിച്ച് പറയുന്നത് അല്‍പം കടുപ്പമാണെന്ന് ശ്രീലക്ഷ്മി പറയുന്നു.

രാവിലെ 8.30-മുതല്‍ ഉച്ചയ്ക്ക് 1.30-വരെ ഓണ്‍ലൈന്‍ ക്ലാസും ശേഷം അമ്പെയ്ത്ത് പരിശീലനവും ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുംവരെ അതിനെല്ലാം അവധി കൊടുക്കാനാണ് ശ്രീലക്ഷ്മിയുടെ തീരുമാനം.

പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചോറ്റുപാറയില്‍ വിജുമോള്‍ക്ക് ഇത് രണ്ടാം അങ്കമാണ്. കഴിഞ്ഞ തവണ വനിതാ സംവരണ സീറ്റില്‍ മത്സരിച്ച് വിജയിച്ച വിജുമോള്‍ പഞ്ചായത്തിലെ പ്രതിപക്ഷനേതാവായിരുന്നു. ഇത്തവണ വാര്‍ഡ് ജനറലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ശശിധരന്‍ നായരും, ബി.ജെ.പി.സ്ഥാനാര്‍ഥിയായി അനീഷും, സ്വതന്ത്ര സ്ഥാനാര്‍ഥികളായി അനീഷ് ചന്ദ്രന്‍, അജേഷ് വര്‍ഗീസ് എന്നിവരും ചോറ്റുപാറയില്‍ മത്സരരംഗത്തുണ്ട്.

content highights: idukki local self government election