idukkiമൂലമറ്റം പവര്‍ഹൗസ്. കേരളത്തിലെ വൈദ്യുതിവിതരണത്തിന്റെ സിരാകേന്ദ്രം. മൂന്നുമണി കഴിഞ്ഞിരിക്കുന്നു. മഴച്ചാറലുണ്ട്. വാഗമണ്‍ മലനിരകളില്‍നിന്ന് കോടമഞ്ഞ് താഴേക്കിറങ്ങുന്നു. എടാട് ഭാഗത്തുനിന്ന് എം.ജെ. ജേക്കബിന്റെ പ്രചാരണവാഹനം വരുന്നു. എന്നും പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിക്കുന്നയാളാണ്. മുന്‍ കോളേജ് അധ്യാപകന്‍. ജില്ലാപഞ്ചായത്ത് മൂലമറ്റം ഡിവിഷനില്‍ അദ്ദേഹം നേരിടുന്നത് മുന്‍ സഹപ്രവര്‍ത്തകനും യൂത്ത് ഫ്രണ്ട് നേതാവുമായ കേരള കോണ്‍ഗ്രസി(ജോസ്)ലെ റെജി കുന്നംകോട്ടിനെ. പാര്‍ട്ടി ജില്ലാ പ്രസിഡന്റുകൂടിയാണ് ജേക്കബ്.

ജോസഫിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ അഭിമാനപ്രശ്‌നമാണ്. ഒരുമിച്ചു പഠിച്ചവര്‍, ശിഷ്യര്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടും കൂടിയാകുമ്പോള്‍ സിറ്റിങ് ഡിവിഷനായ ഇവിടെ അനായാസം ജയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് മൂലമറ്റം. അതുകൊണ്ടുതന്നെ റെജിയെ ജയിപ്പിക്കേണ്ടത് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ അഭിമാനപ്രശ്‌നംകൂടിയാകുന്നു.

എലപ്പള്ളി വഴി പുള്ളിക്കാനത്തേക്ക് കയറി. വാഗമണ്‍ റൂട്ടാണ്. അല്പം മുകളിലേക്കു ചെന്നപ്പോള്‍ത്തന്നെ കോടമഞ്ഞില്‍ റോഡു കാണാന്‍ പറ്റാതായി. നൂല്‍മഴ തുടരുകയാണ്. പുള്ളിക്കാനം എത്തിയാല്‍ തോട്ടം മേഖല ആരംഭിക്കും. ഇടുക്കിക്ക് ഒരു പ്രത്യേകതയുണ്ട്. ലോറേഞ്ചിലെ സാഹചര്യമായിരിക്കില്ല, ഹൈറേഞ്ചില്‍. അതിലും ഭിന്നമായ സാഹചര്യങ്ങളാകും തോട്ടംമേഖലയില്‍.

അവിടവിടങ്ങളിലായി തൊഴിലാളികളെ കണ്ടു. കോവിഡ് കാലത്തും വലിയ ബുദ്ധിമുട്ടുകളില്ലാതെ പോയ ആശ്വാസത്തിലാണവര്‍. വാഗമണ്‍ ജില്ലാപഞ്ചായത്തു ഡിവിഷനിലും പൊരിഞ്ഞ മത്സരമാണ്. പെരുവന്താനം പഞ്ചായത്തു പ്രസിഡന്റായിരുന്ന കെ.പി. ബിനുവിനെയാണ് സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത്. ഉപ്പുതറ ഡിവിഷന്‍ സി.പി.ഐ.ക്കുനല്‍കി വാഗമണ്‍ വാങ്ങുകയായിരുന്നു. തോട്ടം തൊഴിലാളി യൂണിയന്‍ നേതാവുകൂടിയായ ബിനുവിന്റെ വിജയം ഉറപ്പാണെന്ന് സി.പി.എം. വാഗമണ്‍ ലോക്കല്‍ സെക്രട്ടറി വി. സജീവ് കുമാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണിയാണ് ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നത്. ചെറുപ്പത്തിന്റെ ആനുകൂല്യമാണ് ബിജോയ്ക്കുള്ളത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ജയം ഉറപ്പാണെന്നും ബിജോ പറഞ്ഞു.

പെമ്പിള ഒരുമൈ ഇരുമെയ്യായി

കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുള്‍പ്പെടെ മൂന്നുസീറ്റുനേടിയ മൂന്നാറിലെ പെമ്പിള ഒരുമൈ വേര്‍പിരിഞ്ഞുപോയതാണ് ഇക്കൊല്ലത്തെ കാഴ്ച. മൂന്നാറില്‍ രണ്ടാഴ്ചയോളം നീണ്ട മുല്ലപ്പൂസമരത്തിലൂടെ ദേശീയശ്രദ്ധയാകര്‍ഷിച്ച സംഘത്തിന് പിന്നീട് ആ കൂട്ടായ്മ നിലനിര്‍ത്താനായില്ല. നേതാക്കളില്‍ പ്രമുഖയായിരുന്ന ഗോമതിയാണ് നല്ലതണ്ണി ബ്ലോക്കിലേക്കു ജയിച്ചത്. മൂന്നാര്‍ പഞ്ചായത്തിലും രണ്ടുസീറ്റ് കൂട്ടായ്മയ്ക്കു കിട്ടിയെങ്കിലും കോണ്‍ഗ്രസിനെ ഭരണംപിടിക്കാന്‍ പിന്തുണച്ചു. കാലക്രമേണ ഭിന്നിപ്പുകള്‍ ഉടലെടുക്കുകയും മിക്കവരും മാതൃസംഘടനകളിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. ജയിച്ചുപോകുന്നവര്‍ മറ്റു പാര്‍ട്ടികളെ പിന്താങ്ങുന്നതിനാലാണ് ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്ന് പെമ്പിള ഒരുമൈ നേതാവ് ലിസി സണ്ണി പറഞ്ഞു. കോവിഡ് കാലത്തും കൊളുന്തിന്റെ നല്ല വിളവുണ്ടായിരുന്നത് തൊഴിലാളികള്‍ക്കു നേട്ടമായി. 'ലൈഫ് പദ്ധതിയില്‍ ഒട്ടേറെപ്പേര്‍ക്ക് വീടു കിട്ടിയിരുന്നു. ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതിയിലൂടെ 2300-ഓളം പേര്‍ക്ക് സ്ഥലം കിട്ടിയെന്നും തനിക്കും ലഭിച്ചെ'ന്നും ലിസി പറഞ്ഞു. മൂന്നാര്‍, ദേവികുളം പഞ്ചായത്തില്‍ ഇത്തവണ എല്ലാ സ്ഥാനാര്‍ഥികളും തമിഴ് വംശജരാണെന്ന പ്രത്യേകതയുമുണ്ട്.

തൊടുപുഴ, കട്ടപ്പന നഗരസഭകള്‍

ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന മട്ടിലാണ് തൊടുപുഴയിലെ പോക്ക്. കഴിഞ്ഞതവണയും അങ്ങനെയായിരുന്നു. എട്ടംഗങ്ങളുള്ള ബി.ജെ.പി. നില വളരെ മെച്ചപ്പെടുത്തുമെന്ന് നേതാക്കള്‍ പറയുന്നു. 25 സീറ്റില്‍ മത്സരിക്കുന്ന സി.പി.എം. ഒരേയൊരു സീറ്റിലാണ് പാര്‍ട്ടിചിഹ്നം ഉപയോഗിക്കുന്നത്. ഏതു സാഹചര്യത്തിലും ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കസ്തൂരിരംഗന്‍ സമരങ്ങളിലൂടെ എല്‍.ഡി.എഫിനൊപ്പംനിന്ന ഹൈറേഞ്ച് സംരക്ഷണസമിതി ഇപ്പോള്‍ രംഗത്തില്ല. യു.ഡി.എഫിന്റെ വോട്ടുകളായിരുന്ന ഇവ തിരിച്ചെത്തുന്നത് കട്ടപ്പന നഗരസഭയില്‍ നേട്ടമുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു.

കക്ഷിനില- 2015

ഇടുക്കി

ജില്ലാപഞ്ചായത്ത്

യു.ഡി.എഫ്. 11

എല്‍.ഡി.എഫ്. 5

നഗരസഭകള്‍-4

എല്‍.ഡി.എഫ്. 2

യു.ഡി.എഫ്. 2

ബ്ലോക്ക് പഞ്ചായത്തുകള്‍ 8

യു.ഡി.എഫ്. 7

എല്‍.ഡി.എഫ്. 1

ഗ്രാമപ്പഞ്ചായത്തുകള്‍-52

എല്‍.ഡി.എഫ്. 27

യു.ഡി.എഫ്. 25