തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയക്കുപ്പായമിടുന്നവരല്ല ഹൈറേഞ്ചുകാര്‍. എരിവേനലിലും പെരുമഴയിലും മണ്ണില്‍ പൊന്നുവിളയിക്കുന്ന തൊഴിലാളികള്‍ കൂടിയാണ്. ആ കരുത്ത് അവരുടെ രാഷ്ട്രീയബോധത്തിലുമുണ്ട്. ഇടുക്കിയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന ഖജനാപ്പാറയിലെ ഭൂരിപക്ഷം കുടുംബങ്ങളും തമിഴ് വംശജരാണ്. അതില്‍, തമിഴ്‌നാട് രാഷ്ട്രീയം ഹൃദയത്തിലേറ്റിയവരും ധാരാളം, അവരത് പുറത്തുകാട്ടുന്നില്ലെന്നുമാത്രം
ലോകത്ത് ഏത് മസാലക്കൂട്ട് ഉണ്ടാക്കിയാലും ഏലത്തെ അതില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ തനി പൊന്നിന്റെ വിലയാണിതിന്. ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കുന്ന ഇടുക്കി ഹൈറേഞ്ച് മേഖലയിലെ 'ഇലക്ഷന്‍ മസാല'യ്ക്കും രുചി പകരുന്നതില്‍ ഏലത്തിനും വലിയ പങ്കുണ്ട്.
ഒന്നാമത്തേത് പണമാണെങ്കില്‍ രണ്ടാമത്തേത് മുന്നണികളുടെ വോട്ട് ബാങ്കാണ്. കുരുമുളകും കൊക്കോയും റബ്ബറുമെല്ലാം തകര്‍ന്ന് തരിപ്പണമായ ഹൈറേഞ്ചിലിപ്പോള്‍ തിരഞ്ഞെടുപ്പ് ചെലവിനായി ഏലക്കാടുകളെയും കര്‍ഷകരെയും ആശ്രയിക്കാതെ വഴിയില്ല.
മാത്രമല്ല ഹൈറേഞ്ചിലെ ഒരു ഡസന്‍ പഞ്ചായത്തുകളുടെ എങ്കിലും ഭാഗധേയം നിര്‍ണയിക്കാന്‍ ഈ ഏലക്കാടുകളില്‍ വിയര്‍പ്പ് ഉപ്പാക്കുന്ന തൊഴിലാളികള്‍ക്കുമാകും. ഇവിടുത്തെ രാഷ്ട്രീയ കാറ്റ് എവിടേക്കാണെന്നറിയാന്‍ ഏറ്റവും കൂടുതല്‍ ഏലം വിളയുന്ന രാജകുമാരിയിലേക്കും തോട്ടം തൊഴിലാളികളുടെ ഗ്രാമമായ ഖജനാപ്പാറയിലേക്കും പോകാം.

പച്ചപ്പിലെ രാഷ്ട്രീയം
അടിമാലി-പൂപ്പാറ റോഡിലൂടെ രാജാക്കാട് പിന്നിട്ട് രാജകുമാരിയിലേക്ക് കയറുമ്പോള്‍ റോഡിനിരുവശവുമുള്ള ഏലക്കാടുകള്‍ നാടിന്റെ ഏകദേശചിത്രം കാട്ടിത്തന്നു. ഏലകൃഷിയില്ലാത്ത ഒരു വീട്ടുമുറ്റവും പറമ്പുമില്ല. നല്ല തണുപ്പ് കിട്ടുന്നതിനാല്‍ കായ്ക്ക് ഏറ്റവും കൂടുതല്‍ വിളവും ഗുണവും കിട്ടുന്ന പ്രദേശം. അവിടുത്തെ പച്ചക്കാടുകള്‍ക്കുള്ളില്‍ ചിരിച്ച് കൈകൂപ്പി നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍. പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ ചുവപ്പും കാവിയും മൂവര്‍ണവുമെല്ലാം ചാര്‍ത്തിയ കൊടികള്‍ പാറുന്നതും നല്ല കാഴ്ച.
ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ മാങ്ങാത്തൊട്ടിയിലെ ഏലം കര്‍ഷകരെ കണ്ടപ്പോള്‍, ഏലം വില ചെറുതായി താഴുന്നതിന്റെ വിഷമമൊന്നും അവരുടെ മുഖത്തില്ല. 'തിരഞ്ഞെടുപ്പില്‍ വോട്ടുകുത്തുന്ന പോലെ ചെയ്യാനുള്ള വളമെല്ലാം ചെയ്ത് അല്‍പ്പം കാത്തിരുന്നാ മതി. എല്ലാം ശരിയാകും'- രാഷ്ട്രീയവും കൃഷിയും കൂട്ടിക്കലര്‍ത്തി കര്‍ഷകനായ ജോജോ പറഞ്ഞുനിര്‍ത്തി. പഴയതില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പ് ചെലവിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിച്ചതിനെ പറ്റിയാണ് മറ്റൊരു കര്‍ഷകനായ ബിജുവിന് പറയാനുള്ളത്.
'കൃഷിയും വ്യാപാരവുമൊക്കെയല്ലേ ജോലി. അതുകൊണ്ട് ചോദിച്ചാലും പറ്റില്ലെന്ന് പറയാനൊക്കത്തില്ല'- ബിജു പറയുന്നു. മറ്റിടങ്ങളിലും പാര്‍ട്ടിക്കാര്‍ക്ക് സാമ്പത്തികമായി ആശ്രയിക്കാന്‍ മറ്റൊരു വിഭാഗവുമില്ല. അവരുടെ മനസ്സറിയാവുന്നതു കൊണ്ടാകാം പഴയപോലെ തുകയുടെ കാര്യത്തില്‍ കടുംപിടിത്തങ്ങളൊന്നുമില്ല.
തങ്ങളുടെ സഹായത്താല്‍ പ്രചാരണം കൊഴുക്കുന്നതില്‍ ഇവര്‍ക്കും സന്തോഷം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടുക്കിയിലെ എല്ലാ കൃഷിക്കാരെയും സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണത്തെ വോട്ട്-അവര്‍ നിലപാട് വ്യക്തമാക്കി.

എല്ലാവരും സ്‌ട്രോങ്ങാ...
രാജകുമാരി പട്ടണത്തില്‍നിന്ന് ഇടത്തുതിരിഞ്ഞ്, കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള ഖജനാപ്പാറയെന്ന തൊഴിലാളി ഗ്രാമത്തിലേക്ക് എത്തുംമുന്നേ തന്നെ തമിഴിലെഴുതിയ ചുവരെഴുത്തുകളും പോസ്റ്ററുകളും വഴിനീളെക്കണ്ടു. തിരഞ്ഞെടുപ്പായത് കൊണ്ടാകാം ഇവിടേക്കുള്ള പ്രധാന വഴി പുനര്‍നിര്‍മിക്കുന്നുണ്ട്. ഗ്രാമത്തിലെ പ്രധാന കവലയിലും ആകെ തമിഴ്മയം. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ പ്രചാരണ സാമഗ്രികള്‍ കൊണ്ട് തന്നെ ആകെ കളര്‍ഫുള്‍.
ഒരു പക്ഷേ ഇടുക്കിയില്‍ മറ്റെവിടെയും കാണാത്ത കോലാഹലം - കവലയിലെ സി.പി.എം. ഓഫീസിന് മുന്നില്‍ രാഷ്ട്രീയം പറഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ മോഹനും വേലുവും അതിന്റെ രഹസ്യം പറഞ്ഞുതന്നു. രാജകുമാരിയിലെ 13 വാര്‍ഡുകളില്‍ അഞ്ചും ഇവിടെയാണ്. ഇവിടുത്തെ ആയിരത്തിലേറെ വരുന്ന തോട്ടം തൊഴിലാളികളുടെ മനസ്സ് പിടിച്ചാല്‍ പഞ്ചായത്ത് പിടിക്കാം. പണ്ടുതൊട്ടേ ചുവന്ന് തുടുത്ത ഈ ഗ്രാമത്തിന്റെ മനസ്സ് മറ്റാര്‍ക്കും പിടികൊടുക്കാത്തതാണ്. 'ഇങ്കെ എല്ലാം കമ്യൂണിസ്റ്റ് താന്‍...' കൂട്ടത്തിലിരുന്ന ലക്ഷ്മണന്‍ ആവേശത്തോടെ പറഞ്ഞു.
പക്ഷേ, ഇത്തവണ ചിലപ്പോള്‍ പഴയതുപോലെയാകില്ല. 'എതിര്‍കക്ഷിയും സ്‌ട്രോങ് ആണ്. ഇത്തവണ അവര്‍ക്കും എല്ലാ വാര്‍ഡിലും സ്ഥാനാര്‍ഥിയും പ്രചാരണവുമുണ്ട്' -പറഞ്ഞത് പ്രദേശത്തെ കാരണവരും കച്ചവടക്കാരനുയായ പെരുമാളാണ്.

'തമിഴ്നാട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയവരാണ്, സാര്‍ അധികവും. ഇവിടുത്തുകാര്‍ ആകെ മൂന്ന് കുടുംബങ്ങള്‍ മാത്രം. ഞങ്ങളൊക്കെ എ.ഐ.ഡി.എം.കെ. യോട് താത്പര്യമുള്ളവരാണ്. പക്ഷേ...' കടയിലെ ജയലളിതയുടെയും നേതാക്കളുടെയും ചിത്രമുള്ള കലണ്ടര്‍ ചൂണ്ടിക്കാട്ടി പെരുമാള്‍ പറഞ്ഞത് മുഴുമിപ്പിക്കാതെ നിര്‍ത്തി.
content highlights: idukki local self government election