മറയൂര്‍: പഞ്ചായത്തില്‍ ബാബുനഗര്‍ അഞ്ചാം വാര്‍ഡില്‍ ഇത്തവണ അളിയന്‍മാരുടെ പോരാട്ടമാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായി മാറിയതോടുകൂടിയാണ് അളിയന്‍മാരുടെ മത്സരത്തിന് കളമൊരുങ്ങിയത്. മൂന്നുപേരും മുന്‍ പഞ്ചായത്തംഗങ്ങളായിരുന്നു.

പട്ടിക്കാട് സ്വദേശി പഴനിസ്വാമി, ഇന്ദിര നഗര്‍ സ്വദേശി ശെല്‍വം മാര്‍ക്കന്‍ എന്നിവര്‍ കോണ്‍ഗ്രസ് പ്രതിനിധികളായിട്ടാണ് മുന്‍പ് പഞ്ചായത്ത് അംഗങ്ങളായിരുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ അംഗമായിരുന്ന മുരുകവേല്‍ സി.പി.ഐ. പ്രതിനിധിയുമായിരുന്നു. എന്നാല്‍, ഇത്തവണ കളം മാറി. കോണ്‍ഗ്രസ് പ്രതിനിധിയായി പഴനിസ്വാമി ഇത്തവണ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് വിമതനായി മാറിയ ശെല്‍വം മാര്‍ക്കന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മാറി. മുരുകവേല്‍ സി.പി.എം. സ്ഥാനാര്‍ഥിയുമായി. മത്സരരംഗത്തുണ്ടെങ്കിലും അളിയന്‍മാര്‍ തമ്മില്‍ നല്ല സൗഹൃദമാണ്. കുടുംബ ബന്ധങ്ങളില്‍ രാഷ്ട്രീയപ്പോര് എത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

2005-ല്‍ പട്ടിക്കാട് വാര്‍ഡില്‍ പഴനിസ്വാമിയും മുരുകവേലും തമ്മില്‍ മത്സരിച്ചപ്പോള്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പഴനിസ്വാമിക്കൊപ്പം വിജയം നിന്നു. കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിലെ ഗണപതിയെ തോല്‍പ്പിച്ച് മുരുകവേല്‍ വാര്‍ഡ് പിടിച്ചെടുത്തു. മുന്‍പ് ബാബുനഗര്‍വാര്‍ഡില്‍നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി ശെല്‍വം മാര്‍ക്കന്‍ വിജയിച്ചത്. ഇത്തവണ സ്വന്തം വാര്‍ഡ് പട്ടികജാതി സംവരണമായി മാറിയതിനാലാണ് പഴനിസ്വാമിക്കും മുരുകവേലിനും ശെല്‍വനും വാര്‍ഡ് മാറേണ്ടി വന്നത്.

content highights: idukki local government election brother in laws contesting in same ward