രോ തിരഞ്ഞെടുപ്പും ആവേശം അലതല്ലേണ്ട കാലമാണ്, പ്രത്യേകിച്ച് ഹൈറേഞ്ച്. എന്നാല്‍, കോവിഡിന്റെ നീരാളിപ്പിടിത്തത്തിലാണ് നാട്. പോര്‍ക്കളം ചൂടുപിടിച്ചിട്ടും പോരാളികള്‍ നിരന്നിട്ടും അതിന്റെ ആവേശമൊന്നും എവിടെയും കാണാനില്ല. ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പ് ചൂട് അളക്കാന്‍ വോട്ട് സിറ്റിയുമായി മാതൃഭൂമി റിപ്പോര്‍ട്ടര്‍മാര്‍ ഇന്നുമുതല്‍.

തമിഴ്‌നാട് തീരത്തെത്തിയ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ ആകെയൊരു മൂടല്‍ വന്നത് കൊണ്ടാകാം മണി 11 ആയിട്ടും രാജാക്കാട് ടൗണ്‍ ഉണര്‍ന്നെഴുന്നേറ്റിരുന്നില്ല. ഒന്നുചുറ്റി കറങ്ങിയെങ്കിലും ഇവിടുത്തെ തിരഞ്ഞെടുപ്പ് രംഗം പൊതുവേ ശാന്തം. അങ്ങിങ്ങായി ഒന്ന് രണ്ട് പോസ്റ്ററുകള്‍ മാത്രം. ബോര്‍ഡുകളില്ല, പൊതുയോഗങ്ങളില്ല. വോട്ടുചോദിച്ച് അലയുന്ന സ്ഥാനാര്‍ഥികളെയും അണികളെയും കാണാനില്ല. ഇവിടുത്തെ കാലാവസ്ഥ പോലെ പ്രചാരണ രംഗത്ത് ആകെയൊരു മൂടല്‍.

പഞ്ചായത്തിലെ ഏഴാംവാര്‍ഡായ ടൗണ്‍ പ്രദേശം ഇത്തവണ ശ്രദ്ധാകേന്ദ്രമാണ്. കാരണം മന്ത്രി എം.എം. മണിയുടെ മകളും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ്.സതി വീണ്ടും ജനവിധി തേടുന്നത് ഇവിടെയാണ്. യു.ഡി.എഫിനും എന്‍.ഡി.എ.യ്ക്കും ഇവിടെ ശക്തരായ സ്ഥാനാര്‍ഥികളുണ്ട്. പഞ്ചായത്തിന്റെ രാഷ്ട്രീയ മനസ്സ് തേടി നാട്ടുകാരോട് സംസാരിച്ചപ്പോഴാണ് പുറമേ ശാന്തമാണെങ്കിലും അകമേ ശക്തമായ പോരാട്ടം നടക്കുന്ന, ഏലവും കുരുമുളകുമെല്ലാം പൂവിടുന്ന നാടിന്റെ മനസറിഞ്ഞത്. കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് ശബ്ദകോലാഹലങ്ങളില്ലാത്ത ഇടുക്കിയിലെ ഗ്രാമങ്ങളുടെ പരിച്ഛേദം കൂടിയാണ് രാജാക്കാട്.

ഒന്നും പഴയപോലെയല്ല കേട്ടോ

ഒരുമുന്നണി മാത്രം എളുപ്പത്തില്‍ ജയിച്ചു കയറുന്ന പഴയ കാലത്തെ പോലെയുള്ള തിരഞ്ഞെടുപ്പാകില്ല ഇതെന്നാണ് പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴിയില്‍ 'കല്യാണി'യെന്ന പൂക്കട നടത്തുന്ന കെ.പി.സജീവന് പറയാനുള്ളത്. പഴയതില്‍നിന്ന് വ്യത്യസ്ഥമായി മറ്റുള്ളവരും പ്രചാരണത്തില്‍ സജീവമായത് ചൂണ്ടിക്കാട്ടിയായിരുന്നു സജീവന്റെ കമന്റ്. പരസ്യ പ്രചാരണങ്ങളൊന്നും തിരഞ്ഞെടുപ്പ് ചൂടിന് കുറവ് വരുത്തില്ലെന്നുള്ള അഭിപ്രായവുമുണ്ട് സജീവന്. 'ഓ എന്നാ തിരഞ്ഞെടുപ്പാന്ന് പറഞ്ഞാലും എന്നും പാര്‍ട്ടി ചിഹ്നത്തിന് തന്നെ കുത്തിയാശീലം. അതിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാറ്റത്തില്ല'. ടൗണില്‍ ഏലത്തിനടിക്കുന്ന മരുന്ന് വാങ്ങാനെത്തിയ എന്‍.ആര്‍.സിറ്റി സ്വദേശിനി തങ്കമ്മയും നിലപാട് വ്യക്തമാക്കി.

പാപ്പനോട് ചോദിച്ചാലോ...

മന്ത്രി എം.എം.മണിയോട് സാദൃശ്യമുള്ള പാപ്പന്‍
മന്ത്രി എം.എം.മണിയോട് സാദൃശ്യമുള്ള പാപ്പന്‍| Photo: Mathrubhumi

ടൗണില്‍ നിന്ന് താഴേക്കിറങ്ങി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പാപ്പനെന്ന് വിളിക്കുന്ന അപ്പച്ചന്‍ ചേട്ടനെ കണ്ടത്. ബസ്സ്റ്റാന്‍ഡില്‍ അനൗണ്‍സ്‌മെന്റും സ്റ്റാന്‍ഡ് പിരിവുമെല്ലാം നടത്തുന്ന അദ്ദേഹത്തെ രാജാക്കാടിന് പുറത്തേക്കും എല്ലാവരുമറിയും. വേഷത്തിലും കാഴ്ചയിലും മന്ത്രി എം.എം.മണിയോടുള്ള രൂപ സാദൃശ്യം തന്നെ കാരണം.

വീട് എട്ടാംവാര്‍ഡിലാണെങ്കിലും പ്രവര്‍ത്തന മണ്ഡലം ടൗണ്‍ വാര്‍ഡാണ്. കണ്ടും ശീലിച്ചതുമായ പ്രചാരണങ്ങളൊന്നും ഇത്തവണ കാണാത്തതില്‍ അല്‍ം വിഷമമുണ്ട്. പക്ഷേ, പുറമേ പോലെയല്ല പിന്നണിയില്‍ പോരാട്ടം അതിശക്തമാണെന്നാണ് പാപ്പന്‍ചേട്ടന്റെ പക്ഷം. സ്ഥാനാര്‍ഥികളൊക്കെ രണ്ട് വട്ടം വീടുകള്‍ കയറി ഇറങ്ങി വോട്ടു ചോദിച്ചു കഴിഞ്ഞു. ഇനിയും വരും. പക്ഷേ, ആര് ജയിച്ചാലും പാവപ്പെട്ടവരെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവഗണിക്കരുതെന്ന അപേക്ഷ കൂടിയുണ്ട് അദ്ദേഹത്തിന്. സ്വന്തമായി വീടില്ലാത്ത തന്നെ പോലെയുള്ളവരുടെ ദുരിതങ്ങളും അദ്ദേഹം പങ്കുവച്ചു.

അനുകരിക്കാം...

തിരികെ വരുമ്പോള്‍ കണ്ടു വഴിയരികില്‍നിന്ന് അല്‍പ്പം മാറി ആര്‍ക്കും ശല്യമുണ്ടാക്കാതെ, അപകട സാധ്യതകളില്ലാതെ സ്ഥാപിച്ചിരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും ചിത്രം പതിച്ച ബോര്‍ഡുകളും പോസ്റ്ററുകളും. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ ഇവിടുത്തെ പ്രചാരണമൊക്കെ ഇങ്ങനെയാണ്, അനുകരണീയമായ ഒരു നല്ല മാതൃക തന്നെ. അവസാന വാര്‍ഡായ പന്നിയാര്‍കുട്ടിയില്‍ വഴിയരികിലെ ദീപുവിന്റെ ചായക്കടയില്‍ കയറിയപ്പോള്‍ അവിടെയും ചര്‍ച്ച തിരഞ്ഞെടുപ്പ് തന്നെ.

പക്ഷേ, സ്ഥാനാര്‍ഥികളെ പൊതു ഇടങ്ങളില്‍ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. കാരണം ഓണ്‍ലൈന്‍, പരസ്യപ്രചാരണങ്ങളൊന്നും ഏല്‍ക്കാത്ത ഇവിടെ വോട്ട് പെട്ടിയില്‍ വീഴണമെങ്കില്‍ കാടും മലയും കയറി ചെന്ന് ഇവിടെ നേരിട്ട് വോട്ടര്‍മാരെ കാണുക തന്നെ വേണം. എന്നാല്‍, ഇവിടുത്തെ സുഗന്ധവ്യഞ്ജന വില പോലെ എപ്പോള്‍ മാറിമറിയുമെന്ന് പറയാന്‍ കഴിയാത്തത് കൂടെയാണ് വോട്ടര്‍മാരുടെ മനസ്സ്.

content highlights: idukki local body election rajakkad panchayath