നെടുങ്കണ്ടം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായതോടെ ജില്ലയിലെ ജനറല്‍ ഡിവിഷനുകളില്‍ ഇടത്-വലത് മുന്നണികള്‍ക്കുള്ളിലെ സ്ഥാനാര്‍ഥിമോഹികള്‍ തമ്മില്‍ കൂട്ടയടി. ജനറല്‍ ഡിവിഷനുകളില്‍ കൂടുതലും ഹൈറേഞ്ച് മേഖലയിലായതിനാല്‍ പാര്‍ട്ടിക്കുള്ളിലെ മത്സരവും വാശിയേറിയതാണ്.

ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 ഡിവിഷനുകളില്‍ സംവരണം കഴിഞ്ഞ് ജനറല്‍ വിഭാഗത്തിന് മത്സരിക്കാന്‍ കഴിയുന്നത് ആറ് സീറ്റുകളിലാണ്.

നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, മൂലമറ്റം ഡിവിഷനുകളാണ് ഇവ. യു.ഡി.എഫില്‍ കഴിഞ്ഞ തവണ മുരിക്കാശ്ശേരി, മൂലമറ്റം, നെടുങ്കണ്ടം, കരിങ്കുന്നം, മുള്ളരിങ്ങാട് ഡിവിഷനുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്.

ഇത്തവണ ഇരുമുന്നണികളിലും കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

പല പേരുകള്‍...

നെടുങ്കണ്ടം ഡിവിഷന്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ്. ഇവിടെ ജില്ലാ സെക്രട്ടേറിയറ്റംഗം വി.എന്‍.മോഹനന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിനാണ് സീറ്റെങ്കില്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തെക്കേല്‍ ആകാനാണ് സാധ്യത. കോണ്‍ഗ്രസിലാണങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.മൈക്കിളിനാണ് സാധ്യത. മൂലമറ്റം കേരള കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന നോബിള്‍ ജോസഫിനാണ് ഇവിടെ സാധ്യത. കോണ്‍ഗ്രസിനെങ്കില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോയി തോമസ് മത്സരിച്ചേക്കും.

എല്‍.ഡി.എഫി.ല്‍ കഴിഞ്ഞതവണ വണ്ടന്‍മേട്ടില്‍ സി.പി.എമ്മും പാമ്പാടുംപാറ, വണ്ടിപ്പെരിയാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ സി.പി.ഐ.യുമാണ് മത്സരിച്ചത്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസില്‍ വണ്ടിപ്പെരിയാര്‍, പാമ്പാടുംപാറ ഡിവിഷനുകള്‍ ഐ വിഭാഗത്തിനും മറ്റ് രണ്ടെണ്ണം എ വിഭാഗത്തിനുമാണ്.

ഇതില്‍ വണ്ടന്‍മേടും പാമ്പാടുംപാറയും തമ്മില്‍ ഗ്രൂപ്പുകള്‍ വച്ചുമാറിയേക്കും. അത്തരം ധാരണ നടപ്പായാല്‍ വണ്ടന്‍മേട്ടില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോയി തോമസ്, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജന്‍ എന്നിവരാണ് പരിഗണനയില്‍. പാമ്പാടുംപാറ ഡിവിഷനില്‍ കെ.പി.സി.സി. സെക്രട്ടറി എം.എന്‍.ഗോപി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ബിജോ മാണി എന്നിവര്‍ക്കാണ് സാധ്യത.

എല്‍.ഡി.എഫില്‍ ധാരണ

മാങ്കുളം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മത്സരത്തില്‍ എല്‍.ഡി.എഫില്‍ സീറ്റ് ധാരണയായി. സി.പി.എം.-ഏഴ്, സി.പി.ഐ.-5, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം-4 എന്നിങ്ങനെ മത്സരിക്കും. ജോസ് വിഭാഗം അഞ്ചു സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ വഴി ധാരണയിലെത്തുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റില്‍ മത്സരിച്ച സി.പി.എം. ജോസ് വിഭാഗത്തിനുവേണ്ടി ഒരു സീറ്റ് വിട്ടുകൊടുത്തു.

മൂലമറ്റം, കരിമണ്ണൂര്‍, വണ്ടന്‍മേട്, മുരിക്കാശ്ശേരി സീറ്റുകളാണ് ജോസ് വിഭാഗത്തിന് നല്‍കിയത്. സി.പി.ഐ. അടിമാലി, മൂന്നാര്‍, ഉപ്പുതറ, പാമ്പാടുംപാറ, വണ്ടിപ്പെരിയാര്‍ സീറ്റുകളില്‍ മത്സരിക്കും. കഴിഞ്ഞ തവണയും സി.പി.ഐ. അഞ്ചു സീറ്റില്‍തന്നെയാണ് മത്സരിച്ചത്. വാഗമണ്‍ സി.പി.എമ്മിന് നല്‍കി പകരം ഉപ്പുതറ സി.പി.ഐ. ഏറ്റെടുത്തു എന്നത് മാത്രമാണ് വ്യത്യാസം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. എട്ടു സീറ്റിലും സി.പി.ഐ. അഞ്ചിലും ഹൈറേഞ്ച് സംരക്ഷണ സമിതി മൂന്ന് സീറ്റിലും ആണ് മത്സരിച്ചത്. സമിതി ഇത്തവണ രംഗത്തില്ല. സമിതി മത്സരിച്ച മൂന്ന് സീറ്റ് ജോസ് വിഭാഗത്തിന് നല്‍കുന്നതില്‍ ധാരണയായെങ്കിലും അഞ്ചു സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ചകള്‍ നീണ്ടത്.

യു.ഡി.എഫിലും തീരുമാനമായി

തൊടുപുഴ: മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് അഞ്ച് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി.

കഴിഞ്ഞ തവണ ജോസ്, ജോസഫ് വിഭാഗങ്ങള്‍ ഒരുമിച്ച് മത്സരിച്ചത് അഞ്ച് സീറ്റുകളിലായിരുന്നു. കോണ്‍ഗ്രസ് ബാക്കി 11 സീറ്റുകളില്‍ മത്സരിക്കും. നെടുങ്കണ്ടം, മുരിക്കാശേരി, കരിങ്കുന്നം, അറക്കുളം, മുള്ളരിങ്ങാട് സീറ്റുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്.

എന്നാല്‍ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളില്‍ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കാനാണ് തീരുമാനം. പരാജയപ്പെട്ട സീറ്റുകളില്‍ വിജയസാധ്യത പരിഗണിച്ച് ഏത് ഘടകകക്ഷി മത്സരിക്കണമെന്ന് തീരുമാനിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച തുടരും.

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ തൊടുപുഴയിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

content highlights: idukki district panchayath local self government election