തൊടുപുഴ: എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും തീപ്പൊരി പോരാട്ടമാണ് നടക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫും കൂടുതല്‍ ബ്ലോക്കുകള്‍ പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും വാശിയോടെ പരിശ്രമിക്കുകയാണ്. ശക്തി തെളിയിക്കാനുറച്ച് എന്‍.ഡി.എ.യും മത്സര രംഗത്തുണ്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച പരമാവധിയിടത്ത് ഓടിയെത്തി വോട്ട് തേടാന്‍ ശ്രമിക്കുകയാണ് സ്ഥാനാര്‍ഥികള്‍.

കഴിഞ്ഞ തവണ എട്ടില്‍ അഞ്ചും യു.ഡി.എഫാണ് നേടിയത്. ദേവികുളത്ത് കേവല ഭൂരിപക്ഷം നേടിയെങ്കിലും സാങ്കേതികത്വം കാരണം ഭരണം ലഭിച്ചിരുന്നില്ല. ഇത്തവണ ഇതുള്‍പ്പെടെ കൂടുതല്‍ ബ്ലോക്കുകള്‍ പിടിച്ചെടുക്കാനാകും എന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസ് (എം) കൂടെയുള്ളതിനാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്.

തൊടുപുഴ

സി.പി.ഐ. വിമതനൊപ്പം യു.ഡി.എഫ്. കൈകോര്‍ത്തതോടെ എല്‍.ഡി.എഫിന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ഭരണം നഷ്ടമായിരുന്നു. എന്നാല്‍, തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലെ ഭാഗ്യം തുണച്ചു. എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തി.

സി.പി.എമ്മിന് അഞ്ച്, സി.പി.ഐ-ഒന്ന്, ജനപക്ഷം-ഒന്ന്, കോണ്‍ഗ്രസ്-രണ്ട്, ലീഗ്-ഒന്ന്, കേരള കോണ്‍ഗ്രസ്-മൂന്ന് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് നില. ജനപക്ഷത്തിന്റെ കൂടെ പിന്‍തുണയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. ബ്ലോക്ക് ഭരിച്ചത്. നഷ്ടപ്പെട്ടുപോയ ഭരണം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. കിട്ടിയ ഭരണം കൈവിടാതിരിക്കാന്‍ എല്‍.ഡി.എഫും രാപകലില്ലാതെ പ്രചാരണം നടത്തുകയാണ്.

കോണ്‍ഗ്രസ്-എട്ട്, ജോസഫ്-നാല്, ലീഗ്-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫിലെ സ്ഥാനാര്‍ഥികള്‍. എല്‍.ഡി.എഫില്‍ സി.പി.എം- ആറ്, കേരള കോണ്‍ഗ്രസ്-മൂന്ന്, സി.പി.ഐ.-രണ്ട്, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന്, ജനതാദള്‍ എസ്-1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. എന്‍.ഡി.എ. ഒമ്പതിടത്ത് മത്സരിക്കുന്നുണ്ട്.

ഇളംദേശം

കഴിഞ്ഞ 10 വര്‍ഷമായി എല്‍.ഡി.എഫാണ് ഇളംദേശം ബ്ലോക്ക് ഭരിക്കുന്നത്. ജോസഫ് വിഭാഗം മുന്നണിയിലുണ്ടായിരുന്ന 10 വര്‍ഷം എല്‍.ഡി.എഫിന് ഭരണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ്-ആറ്, കേരള കോണ്‍ഗ്രസ്-നാല് സി.പി.എം-ഒന്ന്, സി.പി.ഐ.-ഒന്ന്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഇത്തവണ യു.ഡി.എഫില്‍ കോണ്‍ഗ്രസ് എട്ടും കേരള കോണ്‍ഗ്രസ് ജോസഫ് അഞ്ചും സീറ്റുകളില്‍ മത്സരിക്കും. സി.പി.എം.-ഏഴ്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി. 13 സീറ്റിലും മത്സരിക്കും.

അടിമാലി

രൂപംകൊണ്ടതിന് ശേഷം ഇതുവരെയും യു.ഡി.എഫിനെ മാത്രം പിന്‍തുണച്ച ബ്ലോക്ക് പഞ്ചായത്താണ് അടിമാലി. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ഒമ്പതും ജോസഫ് വിഭാഗത്തിന്റെ ഒരു സീറ്റുമടക്കം 10 വാര്‍ഡുകള്‍ മുന്നണിക്കാണ്. സി.പി.എമ്മിന് മൂന്ന് സീറ്റുകള്‍ മാത്രമേയുള്ളൂ. ഭരണത്തുടര്‍ച്ച നേടാനാണ് യു.ഡി.എഫിന്റെ ശ്രമം. എല്‍.ഡി.എഫിന് നിലമെച്ചപ്പെടുത്തിയേ പറ്റൂ.

ഇത്തവണ 13 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫില്‍ ഏഴിടത്ത് സി.പി.എം., സി.പി.ഐ.-മൂന്ന്, കേരള കോണ്‍ഗ്രസ് -രണ്ട്, ലോക്താന്ത്രിക് ജനതാദള്‍- ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ബി.ജെ.പി. എല്ലാ സീറ്റിലും മത്സരിക്കും.

ദേവികുളം

ജീവന്മരണ പോരാട്ടമെന്ന് വേണമെങ്കില്‍ ദേവികുളം ബ്ലോക്കിലെ മത്സരത്തെ വിശേഷിപ്പിക്കാം. കഴിഞ്ഞ തവണ 13-ല്‍ ഏഴ് സീറ്റുകള്‍ നേടി യു.ഡി.എഫ്. കേവല ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ വിഭാഗത്തിന് സംവരണമായതിനാല്‍ ഭരണം നഷ്ടപ്പെടുകയായിരുന്നു. യു.ഡി.എഫില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ ആരും വിജയിച്ചിരുന്നില്ല. അങ്ങനെ അഞ്ച് സീറ്റുകള്‍ മാത്രമുള്ള എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും ഭരണവും ലഭിക്കുകയായിരുന്നു.

ഇത്തവണ പ്രസിഡന്റ് ജനറല്‍ വനിതയാണ്. രണ്ട് മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തുന്നത്. എന്‍.ഡി.എ.യും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ പെമ്പിള ഒരുമ ഇത്തവണ മത്സരിക്കുന്നില്ല. യു.ഡി.എഫില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ ഏഴ് സീറ്റില്‍ സി.പി.ഐ.യും ആറ് സീറ്റില്‍ സി.പി.എമ്മും മത്സരിക്കും. എട്ടിടത്ത് ബി.ജെ.പി. മത്സരിക്കും.

ഇടുക്കി

കഴിഞ്ഞ തവണ എട്ട് സീറ്റ് നേടി യു.ഡി.എഫാണ് അധികാരത്തില്‍ വന്നത്. ഹൈറേഞ്ച് സംരക്ഷണസമിയുടെ പിന്‍തുണയോടെ അഞ്ച് വാര്‍ഡുകള്‍ എല്‍.ഡി.എഫ്. നേടി. ഇത്തണയും ഇവിടെ കടുത്ത മത്സരമാണ് നടക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ മത്സരരംഗത്ത് ഇല്ലെങ്കിലും കേരള കോണ്‍ഗ്രസ് വന്നത് നേട്ടമാകുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍.

എല്‍.ഡി.എഫില്‍ സി.പി.എം. ആറ് സീറ്റിലും എന്‍.സി.പി. ഒരു സീറ്റിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നാല് സീറ്റിലും സി.പി.ഐ. രണ്ട് സീറ്റിലും മല്‍സരിക്കും. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 10 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മൂന്ന് സീറ്റിലും ജനവിധി തേടും. എന്‍.ഡി.എ.യില്‍ ഒരു സീറ്റ് ബി.ഡി.ജെ.എസിനും ബി.ജെ.പി. 12 സീറ്റിലും മത്സരിക്കും.

അഴുത

ആദ്യം യു.ഡി.എഫിന് ഭരണം കിട്ടി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കാലുമാറിയപ്പോള്‍ ഭരണം പോയി. പിന്നീട് ഇവരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയതോടെ ഭരണം തിരികെ കിട്ടി. വലിയ സംഭവങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടന്നത്. കോണ്‍ഗ്രസ്-ആറ്, ആര്‍.എസ്.പി-ഒന്ന്, കേരള കോണ്‍ഗ്രസ്-1, സി.പി.എം.-5 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില.

യു.ഡി.എഫിന്റെ 12 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. ഒരു സീറ്റ് ജോസഫ് വിഭാഗത്തിനാണ്. എല്‍.ഡി.എഫില്‍ ഏഴ് വാര്‍ഡുകള്‍ സി.പി.എം. അഞ്ചെണ്ണം സി.പി.ഐ.ക്കും ഒരെണ്ണം ജോസിനുമാണ്. ഒമ്പതിടത്താണ് ബി.ജെ.പി. മത്സരിക്കുന്നത്.

കട്ടപ്പന

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉള്‍പ്പെടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തിയത്. ഇത്തവണ സമിതി മത്സരരംഗത്തില്ല. അതിനാല്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്. എന്നാല്‍, അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ച നല്‍കുമെന്ന് എല്‍.ഡി.എഫും പറയുന്നു.

കഴിഞ്ഞ തവണ സി.പി.എം-മൂന്ന്, സി.പി.ഐ.-രണ്ട്, സമിതി-രണ്ട്, കോണ്‍ഗ്രസ്-ആറ് എന്നിങ്ങനെയായിരുന്നു കഴിഞ്ഞതവണത്തെ കക്ഷി നില. ഇത്തവണ സി.പി.എം.-ഏഴ്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് എല്‍.ഡി.എഫിലെ സീറ്റ് വിഭജനം. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12-ഉം ജോസഫ് വിഭാഗം ഒരു സീറ്റിലും മത്സരിക്കും.

നെടുങ്കണ്ടം

നാടകീയ രംഗങ്ങള്‍ അരങ്ങേറിയ ബ്ലോക്ക് പഞ്ചായത്താണ് നെടുങ്കണ്ടവും. ഭരണം ലഭിച്ചെങ്കിലും പ്രസിഡന്റിനെതിരേ യു.ഡി.എഫിലെ അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവരുകയും സി.പി.എം. പിന്തുണയോടെ പാസാക്കുകയും ചെയ്തിരുന്നു. പിന്നീട് തര്‍ക്കം പരിഹരിച്ച് യു.ഡി.എഫ്. പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഒമ്പതും എല്‍.ഡി.എഫിന് നാലും വര്‍ഡുകളാണ് ലഭിച്ചത്.

ഇത്തവണ യു.ഡി.എഫില്‍ കോണ്‍ഗ്രസ്-12, ജോസഫ്-1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. എല്‍.ഡി.എഫില്‍ സി.പി.എം.-ഏഴ്, സി.പി.ഐ.-മൂന്ന്, കേരള കോണ്‍ഗ്രസ്-മൂന്ന് വാര്‍ഡുകളില്‍ മത്സരിക്കും. ബി.ജെ.പി. എല്ലാ സീറ്റിലും മത്സരിക്കുണ്ട്.

content highlights: idukki block panchayath election