idukki
വാഴത്തോപ്പില്‍ നടക്കാനാകാത്ത വോട്ടറെ
തോളിലേറ്റി പോളിങ് ബൂത്തിലെത്തിക്കുന്നു

ചെറുതോണി: കോവിഡ് ആശങ്ക അസ്ഥാനത്താക്കി ഹൈറേഞ്ചിലും മികച്ച പോളിങ്. രാവിലെമുതല്‍ വളരെ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി തുടങ്ങിയത്. മികച്ച പോളിങ്ങാണ് എല്ലാ ബൂത്തുകളിലും നടന്നത്.

ഉച്ചയ്ക്ക് ഒന്നിന് മുമ്പായി 50 ശതമാനം പേരും വോട്ടുരേഖപ്പെടുത്തി മടങ്ങി. രാവിലെമുതല്‍ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയായിരുന്നു. ഉച്ചകഴിഞ്ഞ് മഴപെയ്യുമെന്ന വിശ്വാസത്തിലാണ് കൂടുതല്‍പേരും രാവിലെ വോട്ടുചെയ്യാനെത്തിയത്. കിടപ്പ് രോഗികള്‍, ശരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരെയൊക്കെ രാവിലെതന്നെ ബന്ധുക്കള്‍ ബൂത്തിലെത്തിച്ചു.

കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും പോളിങ് മികവ് പ്രകടമായി. ഉച്ചകഴിഞ്ഞും വോട്ടുരേഖപ്പെടുത്താനെത്താതെ വീടുകളില്‍ കഴിയുന്നവരെ കണ്ടെത്തി ബൂത്തുകളില്‍ എത്തിക്കാന്‍ മുന്നണികളുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുതുടങ്ങി.

അവസാന വോട്ടും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നണിപ്രവര്‍ത്തകരും രംഗത്തിറങ്ങി. പോളിങ് ശതമാനത്തിലെ വര്‍ധന വിജയം പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.

ഇടുക്കി ബ്ലോക്കില്‍പ്പെട്ട രാഷ്ട്രീയ, സാമുദായിക പ്രമുഖര്‍ ഉച്ചയ്ക്കുമുമ്പ് വോട്ടുരേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വാഴത്തോപ്പ് പഞ്ചായത്തില്‍ നാലാംവാര്‍ഡിലെ മണിപ്പാറ സെന്റ് മേരീസ് യു.പി.സ്‌കൂളിലെ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. എസ്.എന്‍.ഡി.പി. യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി.രാജന്‍ വാഴത്തോപ്പ് പഞ്ചായത്തിലെ പത്താംവാര്‍ഡ് വാഴത്തോപ്പ് ഗവ.ഹൈസ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തു. ോഷി അഗസ്റ്റിന്‍ എം.എല്‍.എ. വാഴത്തോപ്പ് പഞ്ചായത്തിലെ ഏഴാംവാര്‍ഡിലുള്ള ഗവ.എല്‍.പി.സ്‌കൂളിലെ ബൂത്തിലെത്തി വോട്ടുരേഖപ്പെടുത്തി.

content highlights: heavy polling in highrange