jerry mon
ജെറിമോന്‍ ജെ

തൊടുപുഴ: കേരള അണ്ടര്‍ 13, 16, 19 ക്രിക്കറ്റ് ടീം അംഗമായിരുന്ന ജെറിമോന്‍ ജെ. കൊട്ടാരത്തിന് രണ്ടുഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് കളിക്കുന്ന കവര്‍ ഡ്രൈവാണ് ഏറെയിഷ്ടം.

കളിയുടെ പിച്ച് വിട്ട് തിരഞ്ഞെടുപ്പിന്റെ വിശാലമായ മൈതാനത്തേക്കിറങ്ങുമ്പോള്‍ അവിടെയും അത്തരമൊരു ഷോട്ടിനുള്ള ശ്രമത്തിലാണ് ജെറിമോന്‍.

കാരണം, തൊടുപുഴ നഗരസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇടുക്കിയുടെ പഴയ മിന്നുംതാരത്തിന് വിജയത്തിന്റെ ബൗണ്ടറിയിലെത്താന്‍ ഇടതു വലതു മുന്നണികളുടെ ശക്തരെ മറികടക്കുന്ന രാഷ്ട്രീയ ഡ്രൈവുകള്‍ കൃത്യമായി കളിച്ചേ പറ്റൂ.

1993 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ അണ്ടര്‍ 13, 16, 19 കേരള ടീമിലംഗമായിരുന്ന ജെറിമോന്‍ നഗരസഭയിലെ തന്നെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന 34-ാം വാര്‍ഡായ റിവര്‍വ്യൂവിലാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

കായിക ലോകത്തോട് താത്കാലികമായി വിടപറഞ്ഞാണ് പൊതുരംഗത്തേക്കുള്ള ചുവടുമാറ്റം.

വീടുള്‍പ്പെടുന്ന വാര്‍ഡില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ മുന്നോട്ടുവച്ചാണ് പ്രചാരണം. ഒറ്റയ്ക്ക് വീടുകള്‍ കയറിയിറങ്ങിയാണ് വോട്ടുപിടിത്തമെല്ലാം. വിജയിച്ചാല്‍ കായിക മേഖലയ്ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്.

ക്രിക്കറ്റിനോട് പൊതുവേ താത്പര്യം കാണിക്കാത്ത ഇടുക്കിയില്‍ നിന്ന് സംസ്ഥാന ടീമിലെത്തിയ ചുരുക്കം ചിലരില്‍ ഒരാള്‍ കൂടിയാണ് ജെറിമോന്‍.1996-ല്‍ ജെറിമോന്റെ നേതൃത്വത്തില്‍ ഇടുക്കി ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയുമായി.

ജനറല്‍ വാര്‍ഡായ ഇവിടെ എല്‍.ഡി.എഫിന് വേണ്ടി പ്രൊഫ. ജെസി ആന്റണിയും, യു.ഡി.എഫിനായി മെജോ കുര്യാക്കോസുമാണ് മത്സര രംഗത്തുള്ളത്.

1993 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ അണ്ടര്‍ 13, 16, 19 കേരള ടീമിലംഗമായിരുന്ന ജെറിമോന്‍ തൊടുപുഴ നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്ത്.

content highlights: former kerala under 19 cricket team member contesting in election