പന്നിയാര്‍കുട്ടി: സുര്യനുദിച്ച് മറ്റിടങ്ങളെല്ലാം തിരക്കിലമര്‍ന്നിട്ടും പന്നിയാര്‍കുട്ടി കവല ഉണര്‍ന്നിരുന്നില്ല. മനുഷ്യസാന്നിധ്യമായി ബസ് സ്റ്റോപ്പില്‍ ബസ് കയറാനെത്തിയ രണ്ടുപേര്‍ മാത്രം. പിന്നെ പൊടിപറപ്പിച്ച് ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളും. മറ്റൊരു തിരഞ്ഞെടുപ്പ് കാലംകൂടി എത്തുമ്പോള്‍, പ്രകൃതി താണ്ഡവമാടി തകര്‍ത്തെറിഞ്ഞ പന്നിയാര്‍കുട്ടി കവലയിലെ കാഴ്ചകള്‍ ഇത്രമാത്രം. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായിരുന്ന ഇവിടേക്ക് അഞ്ചുവര്‍ഷം മുന്നേയുള്ള തിരഞ്ഞെടുപ്പ് കാലത്തേക്ക് ഓര്‍മകള്‍ തിരിച്ചുനടന്നു.

എപ്പോഴും തിരക്കുള്ള വഴിയരികില്‍ കൊച്ചുമാടക്കടകള്‍. അതിനു മുന്നിലും സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലും രാവിലെ മുതല്‍ സന്ധ്യമയങ്ങുംവരെ രാഷ്ട്രീയം പറഞ്ഞിരിക്കുന്ന, ആദര്‍ശങ്ങള്‍ക്കുവേണ്ടി തര്‍ക്കിക്കുന്ന പച്ചയായ മനുഷ്യര്‍, കടയിലും ബസ്സ്റ്റോപ്പിലും നിറയെ ചുവരെഴുത്തുകളും, പോസ്റ്ററുകളും. കവലയിലെ തണല്‍മരത്തിനെ അലങ്കരിച്ച് കൊടിതോരണങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പിന്നെ, ഇടയ്ക്കിടയ്ക്ക് വോട്ടഭ്യര്‍ഥിച്ചെത്തുന്ന സ്ഥാനാര്‍ഥികളും.

panniyarkutty
2018ലെ പ്രളയത്തില്‍ തകര്‍ന്ന നടപ്പാലം. നാട്ടുകാര്‍
താത്കാലിക സംവിധാനമൊരുക്കിയാണ് അക്കരെ ഇക്കരെ കടക്കുന്നത്.

പക്ഷേ, ഇന്നിവിടെ ആളില്ല, ആരവങ്ങളില്ല, ചര്‍ച്ചകളില്ല പോസ്റ്ററുകളില്ല. ആകെയുള്ളത് ദുരന്തഭൂമിയെ വകഞ്ഞുമാറ്റി കഷ്ടപ്പെട്ട് കെട്ടിപൊക്കിയ റോഡും അതിനുമുകളില്‍ ഡെമോക്ലീസിന്റെ വാളുപോലെ എപ്പോള്‍ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന ഒരു കുന്നും മാത്രം.

എല്ലാം തകര്‍ത്ത ദുരന്തം

കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായിരുന്നു ഇവിടം. മുന്നിടത്തെയും സ്ഥാനാര്‍ഥികള്‍ ഇവിടെ വോട്ട് ചോദിച്ചെത്തും. ആകെ ഒരു പൊടിപൂരം ഇടുക്കിയില്‍ ഒരു പക്ഷേ മറ്റൊരു സ്ഥലത്തിനും അവകാശപ്പെടാന്‍ കഴിയാത്ത വൈവിധ്യം.

2018 ഓഗസ്റ്റിലുണ്ടായ മണ്ണിടിച്ചിലാണ് ഈ നാട്ടുകവലയെ തകര്‍ത്തത്. മുകളില്‍ നിന്ന് ആര്‍ത്തലച്ചെത്തിയ ഉരുളും, മണ്ണും കവലയെ ഒന്നാകെ പന്നിയാര്‍ പുഴയിലെ ഒഴുക്കിന് കീഴ്പെടുത്തി. എട്ട് കടകളും ഒരു വീടും പുഴയെടുത്തു. പ്രളയകാലം കഴിഞ്ഞെങ്കിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ അധികൃതര്‍ ആരെയും പിന്നെ ഇവിടേക്ക് വരാന്‍ സമ്മതിച്ചില്ല. മഴക്കാലത്ത് ചെളിയും വേനലില്‍ പൊടി കാടുമായി മാറുന്ന ഇവിടേക്ക് വരാന്‍ മനുഷ്യരും മടിച്ചു. പണ്ട് ഒന്നിച്ചുനിന്നവര്‍ പല വഴിക്ക് ചിതറി.

പ്രളയം തന്നെ ചര്‍ച്ച

മറ്റൊരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടിയെത്തുമ്പോള്‍ മൂന്ന് പഞ്ചായത്തുകളിലായി ചുറ്റിത്തിരിയുന്ന പന്നിയാര്‍കുട്ടിയുടെ രാഷ്ട്രീയത്തിലും എല്ലാം പ്രളയമാണ്. ദുരന്തകാലത്തിന് ശേഷമുള്ള പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, പ്രളയ സഹായ വിതരണത്തിലെ വീഴ്ചകളും എല്ലാം ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ഭൂരിഭാഗം പേരെയും പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. കടയും വീടുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും ജീവിതം തിരിച്ചുപിടിക്കാന്‍ ഏറെ മുന്നോട്ടൊഴുകാനുണ്ട്. പന്നിയാര്‍, മുതിരപ്പുഴയാറുകളുടെ സംഗമസ്ഥാനത്തുണ്ടായിരുന്ന, പ്രളയം കൊണ്ടുപോയ നടപ്പാലം ഇന്നും തകര്‍ന്നുതന്നെ കിടക്കുന്നു. കവലയില്‍നിന്നു മുന്നോട്ട് പൊന്‍മുടി അണക്കെട്ടിലേക്കുള്ള വഴിയിലേക്ക് ഒന്ന് നടന്നാല്‍ കാണാം മുകളിലുള്ള മലയെ പേടിച്ച് കഴിച്ചുകൂട്ടുന്ന മനുഷ്യരെ. ഓരോ പ്രളയകാലത്തും ഉള്ളതെല്ലാം എടുത്തു കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ സങ്കടങ്ങള്‍ കാതില്‍ മുഴങ്ങും. വോട്ടു ചോദിച്ചെത്തുന്നവരോട് അവര്‍ ദുഃഖങ്ങളുടെ മുഴുവന്‍ കെട്ടഴിക്കുന്നില്ലെങ്കിലും മാറ്റങ്ങളില്‍ അവര്‍ക്കിന്നും പ്രതീക്ഷയുണ്ട്.

content highlights: flood affected panniyarkutty and its vote discussions