idukki
ചെണ്ടുവര ലോവര്‍ ഡിവിഷനില്‍ വോട്ടര്‍മാര്‍ക്ക്
വിതരണം ചെയ്യുന്നതിനിടയില്‍ നാട്ടുകാര്‍ പിടിച്ചെടുത്ത പണം

മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാത്രിയില്‍ പണം വിതരണം ചെയ്ത അഞ്ചുപേരെ പോലീസ് പിടികൂടി. ഇവരുടെ വാഹനവും 37,400 രൂപയും പിടിച്ചെടുത്തു.

മറ്റൊരിടത്ത് പണം വിതരണം ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഇരുപത്തി ഒന്നാംനമ്പര്‍ ഫീല്‍ഡില്‍വെച്ച് തിങ്കളാഴ്ച രാത്രിയില്‍ പണം വിതരണം ചെയ്തിരുന്ന വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് കൃഷ്ണസ്വാമി, സുഹൃത്തുക്കളായ നാലുപേര്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് പിടികൂടിയത്.

പണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച കാറും അതിനുള്ളില്‍നിന്നും 37,400 രൂപയും പോലീസ് പിടിച്ചെടുത്തു. പിടിയിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ചെണ്ടുവര ലോവര്‍ ഡിവിഷനില്‍ തിങ്കളാഴ്ച രാത്രിയില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനിനിടയില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയെങ്കിലും ഇവര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. സ്ഥാനാര്‍ഥിയുടെ പേരിനൊപ്പമുള്ള ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന മാതൃകയിലുള്ള ബാലറ്റ് പേപ്പറില്‍ പൊതിഞ്ഞാണ് പണം വിതരണം നടത്തിയിരുന്നത്.

content highlights: five arrested for distributing money for vote in idukki