തൊടുപുഴ: സി.പി.മാമച്ചന്‍ 'വെള്ളിമൂങ്ങ'യായി പറന്നിറങ്ങിയിട്ട് ആറു വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പോസ്റ്റര്‍ ഡെമ്മികളിലെ താരം ഖദറിട്ട് വെളുക്കെ ചിരിച്ച് നില്‍ക്കുന്ന ഈ സിനിമാകഥാപാത്രം തന്നെയാണ്.

അന്ന് ചിരിച്ച് തുടങ്ങി

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ 2014 സെപ്റ്റംബര്‍ 25-ന് റിലീസായ രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമയായിരുന്നു വെള്ളിമൂങ്ങ. ഇതില്‍ ബിജുമേനോന്‍ അവതരിപ്പിച്ച സി.പി. മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ മാമച്ചന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തന്ത്രപൂര്‍വമുള്ള നീക്കങ്ങളിലൂടെ ജയിക്കുകയും ചെയ്യുന്നുണ്ട്. സിനിമ വലിയ വിജയമാകുകയും ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം 2015 നവംബറിലാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. സിനിമ ഇറങ്ങിയപ്പോഴുള്ളതിനേക്കാള്‍ മാമച്ചന്‍ ഹിറ്റായത് അപ്പോഴാണ്. ഇടുക്കിയിലെ പല ഫ്‌ളക്സ്-പോസ്റ്റര്‍ പ്രിന്റിങ് കേന്ദ്രങ്ങളും പോസ്റ്റര്‍ ഡെമ്മികളില്‍ മാമച്ചന്റെ ചിത്രം നിറഞ്ഞു. മാമച്ചന്‍ കൈകൂപ്പി നില്‍ക്കുന്നതും കൈവീശുന്നതുമൊക്കെയായി ആകെ കളര്‍.

എന്തിനും ഏതിനും മാമച്ചന്‍

വീണ്ടും അഞ്ച് വര്‍ഷം കഴിഞ്ഞു. മോഹന്‍ലാലിന്റെ 'സ്റ്റീഫന്‍ നെടുമ്പള്ളി' ഉള്‍െപ്പടെയുള്ള രാഷ്ട്രീയക്കാര്‍ സിനിമയിലെത്തി തരംഗമുണ്ടാക്കി. എങ്കിലും ഡെമ്മികളുടെ കാര്യത്തില്‍ ഇപ്പോഴും മാമച്ചന്റെ ഡിമാന്‍ഡ് ഇടിഞ്ഞിട്ടില്ല.

പോസ്റ്ററായും ഫ്‌ളക്സായുമൊക്കെ പല പ്രിന്റിങ് കേന്ദ്രങ്ങളിലും അദ്ദേഹം ഇങ്ങനെ ചിരിച്ച് നില്‍ക്കുകയാണ്. ചിഹ്നവും കളറുമൊക്കെ വേറെയാണെങ്കിലും ഡെമ്മികളിലൊക്കെ മാമച്ചന്‍ തന്നെ. ഇത്തവണ കട്ടൗട്ടുകളുടെ ഡെമ്മിയും തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട പോസ്റ്ററും ഫ്‌ളക്സുമൊക്കെ തിരഞ്ഞെടുത്ത് പ്രചാരണം ഉഷാറാക്കാം.

content highlights: cp mamachan charector from movie vellimoonga in dummy posters and flexes