നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെതിരേ ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി.നിര്‍വാഹക സമിതിയംഗവുമായി ശ്രീമന്ദിരം ശശികുമാര്‍. ജില്ലയിലെ പല സീറ്റുകളും പേമെന്റ് സീറ്റുകളാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇഷ്ടക്കാരെ മാത്രമാണ് പരിഗണിച്ചതെന്നുമാണ് ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രീമന്ദിരം ശശികുമാറിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിര്‍ണയത്തില്‍ ഡി.സി.സി. പ്രസിഡന്റ് കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുത്തതെന്നാണ് പ്രധാന ആരോപണം. ചിഹ്നം നല്‍കാനുള്ള അധികാരം തനിക്കാണെന്ന ധാര്‍ഷ്ട്യത്തില്‍ കെ.പി.സി.സി. യുടെ പല നിര്‍ദേശങ്ങളും അവഗണിച്ചു. ഗ്രൂപ്പ് താത്പര്യവും വ്യക്തിതാത്പര്യവും മാത്രമാണ് പഴയ ഡി.ഐ.സി.ക്കാരനായ പ്രസിഡന്റ് മുഖവിലയ്‌ക്കെടുത്തത്. ഈ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമാവുമെന്നതില്‍ സംശയമില്ലെന്നും ശ്രീമന്ദിരം പറഞ്ഞു.

വിമതന്‍മാരായി മത്സരിച്ച് ജയിച്ചവര്‍, വിപ്പ് ലംഘിച്ചവര്‍, പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങി പലരേയും ഇത്തവണ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. ഇതെല്ലാം കെ.പി.സി.സി.യുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്കുകളിലേക്കും പല ഇറക്കുമതി സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത് പേമെന്റ് സീറ്റെന്ന പ്രവര്‍ത്തകരുടെ സംശയം വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയതായും അറിയിച്ചു.

മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഡി.സി.സി.

നെടുങ്കണ്ടം: തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാതെ മാറി നില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും പ്രതിസന്ധിയിലാഴ്ത്തി ഇത്തരം പ്രതികരണം നടത്തുന്നത് എത് ഉന്നതനായാലും വെച്ചുപൊറുപ്പിക്കില്ല. കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശത്തെക്കുറിച്ച് കെ.പി.സി.സി.ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.

content highlights: congress leader raises allegations against idukki dcc president