നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് 14-ാം വാര്‍ഡിലെ മത്സരം സഹോദരന്മാരുടെ ഭാര്യമാര്‍ തമ്മിലുള്ള ബലാബലമാണെന്ന് ഉറപ്പായി. വാര്‍ഡില്‍ മത്സരത്തിന് വേറെയും എതിരാളികള്‍ ഉണ്ടെങ്കിലും ഇടത്-വലത് മുന്നണികളുടെ സ്ഥാര്‍ഥികളായി മത്സരിക്കുന്ന ഇരുവരില്‍ ഒരാള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നെടുങ്കണ്ടം കുഞ്ഞന്‍പറമ്പില്‍ കുടുംബാംഗങ്ങള്‍.

കുഞ്ഞന്‍പറമ്പില്‍ കെ.കെ.സലീമിന്റെ ഭാര്യ നൂര്‍ജഹാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും സലീമിന്റെ ഇളയ സഹോദരന്‍ കെ.കെ.സജുവിന്റെ ഭാര്യ നജ്മ സജു എല്‍.ഡി.എഫ്. സ്വതന്ത്രയുമായാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരിഞ്ച് വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറല്ലെങ്കിലും കുടുംബബന്ധം നിധിപോലെ കാത്തുസൂക്ഷിക്കുന്നവരാണ്.

നജ്മ ഒരാഴ്ച മുമ്പ് തന്നെ പ്രചാരണ രംഗത്തിറങ്ങിയെങ്കിലും നൂര്‍ജഹാന്റെ സ്ഥാനാര്‍ഥിത്വം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുമെന്ന് നജ്മ അവകാശപ്പെടുമ്പോള്‍, മുന്‍ മെമ്പര്‍ ഷിഹാബ് ഈട്ടിക്കല്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി വിജയിക്കാന്‍ കഴിയുമെന്ന് നൂര്‍ജഹാനും പറയുന്നു.

വിജയം ആര്‍ക്കായാലും വാര്‍ഡിന്റെ വികസനത്തിനാണ് മുഖ്യ പരിഗണനയെന്നും ഇരുവരും നിസ്സംശയം വ്യക്തമാക്കുന്നു.

content highlights: co sisters contesting from same ward in nedumkandam