നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ പാമ്പാടുംപാറ ഡിവിഷനില്‍ ഇത്തവണ സഹപാഠികളുടെ പോരാട്ടം. അരനൂറ്റാണ്ടിന്റെ ആത്മബന്ധമുള്ള സ്നേഹിതര്‍ ഇത്തവണ ഇരുപക്ഷത്തുനിന്നും പോരടിക്കുമ്പോള്‍ മത്സരം തീപാറുമെന്ന കാര്യം ഉറപ്പാണ്.

അക്ഷരംപഠിച്ച് തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് പാമ്പാടുംപാറയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ജി.മുരളീധരനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ബേബിച്ചന്‍ ചിന്താര്‍മണിയും (സി.എം.കുര്യാക്കോസ്) തമ്മിലുള്ള ആത്മബന്ധം. ആശാന്‍കളരി മുതല്‍ പ്രീഡിഗ്രി വരെ ഒരുമിച്ചായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസം.

കല്ലാര്‍ സ്‌കൂളിലേക്ക് പാമ്പാടുംപാറയില്‍നിന്ന് നടന്നുപോയിരുന്ന കാലഘട്ടത്തില്‍ സൗഹൃദം സഹോദര്യമായി പരിണമിച്ചു. തിരഞ്ഞെടുപ്പ് ഗോദയില്‍ പരസ്പരം ഏറ്റുമുട്ടുമ്പോഴും സൗഹൃദത്തിന് വിള്ളല്‍ വീഴില്ലെന്ന് പറഞ്ഞുറപ്പിച്ചാണ് ഇരുവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഇരുവരും പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ജി.മുരളീധരന്‍ നിലവില്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറിയും ബേബിച്ചന്‍ ചിന്താര്‍മണി കേരള കോണ്‍ഗ്രസ്(എം) ജോസ് വിഭാഗം സംസ്ഥാന സമിതി അംഗവുമാണ്.

രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയതോടെ രണ്ട് മുന്നണികളിലായ സുഹൃത്തുക്കളോട് പാമ്പാടുംപാറ പിടിച്ചടക്കാനായി മത്സരിക്കാന്‍ മുന്നണികള്‍ ആവശ്യപ്പെടുകയായിരുന്നു.

മുരളീധരന്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കില്‍ ബേബിച്ചന്‍ രണ്ട് തവണ പാമ്പാടുംപാറ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.

content highlights: classmates contesting as opponents in local self government election