നെടുങ്കണ്ടം: നെടുങ്കണ്ടം 13-ാം വാര്‍ഡില്‍ യു.ഡി.എഫ്. പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ജിന്‍സി ജോസ് ചൊവ്വാഴ്ച രാവിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരോടൊപ്പം എത്തിയതാണ്.

പക്ഷേ, അതിനകം സ്വന്തം വോട്ട് പട്ടികയില്‍നിന്ന് അപ്രത്യക്ഷമായി. വോട്ടവകാശമില്ലാത്തവര്‍ക്ക് മത്സരിക്കാനുമാവാത്തതിനാല്‍ പത്രിക സമര്‍പ്പണം മുടങ്ങി.

17 വര്‍ഷമായി വാര്‍ഡില്‍ സ്ഥിരതാമസക്കാരിയായ ജിന്‍സിയുടെ പേര് ഒന്നാം ബൂത്തില്‍ 294-ാം ക്രമനമ്പരില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റ് കുടുംബാംഗങ്ങളുടെ പേരും ഇതോടൊപ്പം ഉണ്ടായിരുന്നു.

എന്നാല്‍ പഞ്ചായത്തില്‍നിന്ന് അവസാനം ഇറക്കിയ കരട് ലിസ്റ്റില്‍ ഇവരുടെ പേര് കാണാതാവുകയായിരുന്നു. അതിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചെങ്കിലും വെറുതെയായി. പരാതി നല്‍കിയെങ്കിലും ഇനി പേര് ചേര്‍ക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെ യു.ഡി.എഫിന് വേറെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം.

ഒരു വോട്ടറുടെ പേര് പട്ടികയില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി പരിശോധന നടത്തണം.

ഇത്തരത്തില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും തന്റെ ഭര്‍ത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പേര് തല്‍സ്ഥാനത്ത് ഉള്ളതായും ജിന്‍സി ജോസ് പറഞ്ഞു. ജനാധിപത്യപരമായി തനിക്ക് ലഭിക്കേണ്ട അവകാശം നിഷേധിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

സി.പി.എം. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു- സേനാപതി വേണു

നെടുങ്കണ്ടം: ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയ വ്യക്തിയുടെ വോട്ട് നീക്കം ചെയ്തതിലൂടെ വ്യക്തമാകുന്നതെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സേനാപതി വേണു പറഞ്ഞു.

ഒരുതരത്തിലും നേരായ മാര്‍ഗത്തിലൂടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഇടതുമുന്നണിക്ക് മനസ്സിലായിക്കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷം നെടുങ്കണ്ടം പഞ്ചായത്തില്‍ വികസനമുന്നേറ്റം കാഴ്ചവെച്ച് ആക്ഷേപരഹിതമായ ഭരണം നടത്തുന്ന യു.ഡി.എഫിനെ അട്ടിമറിക്കാനാണ് സംസ്ഥാനഭരണത്തിന്റെ പിന്‍ബലത്തില്‍ മന്ത്രി എം.എം.മണിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സി.പി.എം. ജനാധിപത്യധ്വംസനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

content highlights: candidate finds her name not included in voters list while submitting nomination