ajinas
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷനിലെ എല്‍.ഡി.എഫ്.
സ്ഥാനാര്‍ഥി ഇ.കെ. അജിനാസ് തനിക്കായി വോട്ട് അഭ്യര്‍ഥിച്ച് ചുവരെഴുതുന്നു| Photo: Mathrubhumi

തൊടുപുഴ: തിരക്കുപിടിച്ച പ്രചാരണത്തിനിടെ രാവിലെയും രാത്രിയിലുമാണ് അല്‍പം സമയം കിട്ടുന്നത്. ആ സമയത്ത് അജിനാസ് പെയിന്റും ബ്രഷുമായിറങ്ങും. തനിക്ക് വോട്ടഭ്യര്‍ഥിച്ച് ചുമരെഴുതും.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷനിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.കെ.അജിനാസാണ് തനിക്ക് വോട്ടഭ്യര്‍ഥിച്ച് കൊണ്ട് സ്വയം ചുവരെഴുതുന്നത്.

പെയിന്റിങ് തൊഴിലാളി കൂടിയായ ഈ സ്ഥാനാര്‍ഥി പഴയ കുപ്പായമിട്ട് പെയിന്റും ബ്രഷുമായി രാവിലെ ആറിന് വീട്ടില്‍നിന്ന് ഇറങ്ങും. മുമ്പ് കണ്ടുവെച്ച മതിലുകളില്‍ വെള്ളപൂശലാണ് ആദ്യം. ഏഴേമുക്കാല്‍ വരെ അത് തുടരും. പിന്നെ കുളിച്ച് കുട്ടപ്പനായി പ്രചാരണത്തിനിറങ്ങും.

രാത്രി എട്ടോടെയാണ് തിരിച്ചുവരുന്നത്. പഴയ കുപ്പായം എടുത്തിട്ട് വീണ്ടും പുറത്തേക്കിറങ്ങും. കുമ്മായം ഉണങ്ങിയ ചുമരുകളില്‍ വടിവൊത്ത കൈയക്ഷരത്തില്‍ 'എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സ. ഇ.കെ.അജിനാസിനെ വിജയിപ്പിക്കുക' എന്ന് എഴുതും.

ചുവരെഴുതുന്ന സ്ഥലങ്ങളിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ചും ഇദ്ദേഹം ചുവരെഴുതുന്നുണ്ട്. സി.പി.ഐ. അംഗമായ അജിനാസ് കഴിഞ്ഞ തവണ ഇടവെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ശാസ്താം വാര്‍ഡില്‍നിന്ന് ജയിച്ചിരുന്നു. യു.ഡി.എഫ്. കുത്തക വാര്‍ഡാണ് അന്ന് പിടിച്ചെടുത്തത്.ഇത്തവണ പാര്‍ട്ടി കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ തന്റെ ഒപ്പമുണ്ടാകുമെന്ന് ഇദ്ദേഹം ഉറപ്പിച്ചുപറയുന്നു.

content highlights: candiate does his own campaign graffity