ഡാലിയും സഹോദരന്‍ ഡിറ്റാജും
ഡാലിയും സഹോദരന്‍ ഡിറ്റാജും, Photo: Mathrubhumi 

തൊടുപുഴ: ജില്ലാ വിഭജനത്തിന് മുന്‍പ് ഒരേ കുടുംബത്തില്‍ പിറന്ന സഹോദരങ്ങളായിരുന്നു ഇടുക്കിയും കോട്ടയവും. ഭാഷ, സംസ്‌കാരം, ഭൂപ്രകൃതി... അങ്ങനെ എന്തെടുത്താലും സ്‌നേഹത്തില്‍ വസിക്കുന്ന മാതാപിതാക്കളുടെ മക്കള്‍. അപ്പോ ഒരുതിരഞ്ഞെടുപ്പ് വന്നാല്‍ ആ സഹോദര സ്‌നേഹവും ഇല്ലാതിരിക്കുമോ. 

പറഞ്ഞു വരുന്നത് ഒരേകുടുംബത്തില്‍ ജനിച്ച് ഈ രണ്ട് ജില്ലകളില്‍ മത്സരിക്കുന്ന ചേച്ചിയെയും അനിയനെയും കുറിച്ചാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ പൈനാവ് ഡിവിഷനിലെ സ്ഥാനാര്‍ഥി ഡിറ്റാജ് ജോസഫും പാമ്പാടി പഞ്ചായത്തിലെ 20-ാം വാര്‍ഡായ പത്താംകുഴിയിലെ സ്ഥാനാര്‍ഥി ഡാലി റോയിയുമാണ് ആ സ്ഥാനാര്‍ഥി സഹോദരങ്ങള്‍. 

ഇരുവരും മത്സരിക്കുന്നത് ഇടതുപക്ഷത്തിന് വേണ്ടി, അതും ഒരേ ചിഹ്നത്തില്‍. ഇടുക്കി നായരുപാറ തെക്കേമാലിപ്പുറത്തു വീട്ടില്‍ ജോസഫിന്റെയും മോളിയുടെയും മക്കളായ ഇരുവര്‍ക്കും സീറ്റ് കിട്ടിയാതാകട്ടെ അപ്രതീക്ഷിതമായിട്ടും. ആദ്യ തിരഞ്ഞെടുപ്പ് അങ്കം കൂടിയാണിത് ഇരുവര്‍ക്കുമിത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ഡിറ്റാജ് ഡി.വൈ.എഫ്.ഐ. യിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. സംഘടനയുടെ ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണിപ്പോള്‍. കാര്യമായ രാഷ്ട്രീയ പാരമ്പര്യമില്ലെങ്കിലും ഡാലിയും കുടുംബവും പാമ്പാടിക്കാര്‍ക്ക് പ്രിയപ്പെട്ടവരാണ്. 

സ്ഥാനാര്‍ഥിയാകാന്‍ പറ്റിയ ആളെ തേടിയിറങ്ങിയ പാര്‍ട്ടിക്കാര്‍ക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. പാമ്പാടി വെട്ടുക്കുന്നേല്‍ കുടുംബാംഗമാണ് ഭര്‍ത്താവ് റോയി. സ്ഥാനാര്‍ഥികളായി തിരഞ്ഞെടുത്തതോടെ ഇരുവരും ത്രില്ലിലാണ്. ഇടുക്കിയും കോട്ടയവും സഹോദര സ്‌നേഹം പങ്കിടുന്ന പോലെ തിരക്ക് കഴിഞ്ഞാല്‍ ഈ സഹോദരങ്ങള്‍ പരസ്പരം വിളിച്ച് എരിവും പുളിയുമെല്ലാം നിറച്ച പ്രചാരണ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം നായരുപാറയിലെ വീട്ടുമുറ്റത്തേക്ക് ഒരുമിച്ച് ജയിച്ചെത്തണമെന്നതാണ് സ്ഥാനാര്‍ഥി സഹോദരങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം.

content highlights: brother and sister contesting in local self government election