വിനയവര്‍ദ്ധന്‍ ഘോഷ്
വിനയവര്‍ദ്ധന്‍ ഘോഷ്, Photo: Mathrubhumi 

ചെറുതോണി: ഇടുക്കി ജില്ലാപഞ്ചായത്ത് പൈനാവ് ഡിവിഷനിലെ കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ഔദ്യോഗികമായി. ഔദ്യോഗിക സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് ജില്ലാ ആസ്ഥാനം ഉള്‍പ്പെട്ട ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മാറിയത്.

മുട്ടം താന്നിക്കാമറ്റത്തില്‍ വിനയവര്‍ദ്ധന്‍ ഘോഷിനാണ് (35) അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം കൈവന്നത്. പട്ടികജാതി സംവരണ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജ്ഞാനസുന്ദര(62)മായിരുന്നു ഔദ്യോഗിക സ്ഥാനാര്‍ഥി. 
ഇദ്ദേഹം പത്രിക സമര്‍പ്പിച്ചു. വിനയവര്‍ദ്ധന്‍ ഘോഷ് ഡമ്മിയായും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

പിന്നീട്, യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി ജ്ഞാനസുന്ദരം സ്വയം പിന്‍മാറുകയായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. വിനയവര്‍ദ്ധന്‍ എം.എ., ബി.എഡ്. ബിരുദധാരിയാണ്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പെയിന്റിങ് തൊഴില്‍ ചെയ്യുന്നു. മുട്ടം മഞ്ഞപ്പാറ കോളനിയിലാണ് താമസിക്കുന്നത്. അച്ഛന്‍: സുകുമാരന്‍. അമ്മ: യശോദ. സഹോദരങ്ങള്‍: ഉദയലാല്‍ ഘോഷ്, പ്രിയങ്ക.

content highlights: as official candidate withdraws nomination, dummy becomes original candidate