മൂന്നാര്‍: തോട്ടം മേഖലയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനിറങ്ങിയ എ.ഐ.എ.ഡി.എം.കെ.യ്ക്ക് ഒരുസീറ്റു പോലും നേടാനായില്ല.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലെ 66 സീറ്റുകളിലാണ് എ.ഐ.എ.ഡി.എം.കെ.സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പില്‍ ദേവികുളം പഞ്ചായത്തിലെ ബെന്‍ മുര്‍, മറയൂര്‍ ജവഹര്‍നഗര്‍, പീരുമേട്ടിലെ മേമല എന്നീ വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത്.

തോട്ടം തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതെ പീഡിപ്പ് ജോലി ചെയ്യിക്കുന്നതായായിരുന്നു ഇവരുടെ പ്രധാന പ്രചരണ വിഷയം. എന്നാല്‍, ഇത് ഫലം കണ്ടില്ല. എന്‍.ഡി.എ.യ്ക്ക് ചിലയിടങ്ങളില്‍ പിന്‍തുണ നല്‍കിയിരുന്നു.

തോട്ടം മേഖല ഇത്തവണ പൂര്‍ണമായി മുഖ്യധാര രാഷ്ട്രിയ പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു.

വട്ടവട, ഇടമലക്കുടി പഞ്ചായത്തുകളില്‍ ബി.ജെ.പി. ഏഴ് സീറ്റുകള്‍ നേടി. മൂന്നാര്‍, ദേവികുളം ഉള്‍പ്പെടെയുള്ള പഞ്ചായത്തു വാര്‍ഡുകളില്‍ ഇടതു വലതു മുന്നണികളാണ് സീറ്റുകള്‍ കരസ്ഥമാക്കിയത്. കഴിഞ്ഞതവണ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായി മത്സരിച്ച് പൊമ്പാളൈ ഒരുമയും മൂന്ന് സീറ്റ് നേടിയിരുന്നു.

content highlights: aiadmk lost all 66 seats they contested in idukki