അടിമാലി: ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയിലുടെ മനസ്സില്‍ ബഹളമയമായ തിരഞ്ഞെടുപ്പ് കാലത്തെപ്പറ്റി മറക്കാനാവാത്ത ഒരു ചിത്രമുണ്ട്. പക്ഷേ കോവിഡ് കാലത്തെത്തിയ തിരഞ്ഞെടുപ്പ് അതുപോലെയല്ല. ആളില്ല അനക്കമില്ല, പഴയ ഓളമില്ല. പ്രചാരണം ആദ്യഘട്ടം പിന്നിട്ടിട്ടും ആകെ ഒരു തണുപ്പന്‍ മട്ട്. എങ്കിലും അടിമാലിയുടെ മനസ്സറിയാന്‍ ആദ്യ യാത്ര പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു. തിരഞ്ഞെടുപ്പ് രംഗം പൊടിപൊടിക്കുമ്പോഴും ഓഫീസിന് മുന്‍പില്‍ പതിവുപോലെ തന്നെ വ്യാഴാഴ്ചയിലെ ആഴ്ചച്ചന്ത പൊടിപൊടിക്കുന്നുണ്ട്. എന്നാല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ആളനക്കം കുറവായിരുന്നു.

വോട്ടോ അറിഞ്ഞില്ല...

കൊരങ്ങാട്ടി ആദിവാസി കോളനിയില്‍നിന്നു വീടിന് അപേക്ഷ നല്‍കിയതിനെ കുറിച്ച് അറിയാനായി എത്തിയ ചിന്നത്തായിയോട് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന് മറുപടി. ഇവരെപ്പോലെ ആദിവാസി മേഖലയിലുള്ള ഒട്ടേറെപ്പേര്‍ തിരഞ്ഞെടുപ്പിനെപ്പറ്റി അറിയാതെ പോകുന്നുണ്ട്. പിന്നെ യാത്ര ചിന്നപാറകുടിയിലേക്കായിരുന്നു. അമ്പല കവലയില്‍വെച്ച് കണ്ടത്തിന്‍കര തങ്കച്ചനെ കണ്ടു. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചു. ഇവിടെ മത്സരിക്കുന്ന രണ്ട് പേരും മുന്‍പേ മെമ്പറായിരുന്നവരാണ്. കുടിയിലെ റോഡും പാലവുമെലാം നന്നാക്കി.

കുറച്ച് വീടുകള്‍ പണി പൂര്‍ത്തിയാക്കാനുണ്ട്, അതുകൂടി പൂര്‍ത്തിയാക്കണമെന്നാണ് തങ്കച്ചന്റെ അഭിപ്രായം. ടൗണിലെ ജൗളിക്കടയില്‍ വസ്ത്രം വാങ്ങാനെത്തിയവര്‍ക്കും, വ്യാപാരിക്കും പറയാനുണ്ടായിരുന്ന പ്രധാന പരാതി ടൗണില്‍ ഒരു പൊതു ശൗചാലയം ഇല്ല എന്നതാണ്.

പൊതുവായ ഒരു ട്രാഫിക്ക് നിയമവുമില്ലെന്ന് വ്യാപാരിയായ രാജീവ് കുമാര്‍ പറഞ്ഞു. ഇത്തവണ രണ്ട് മുന്നണിയുടെയും പ്രകടന പത്രികയില്‍ പ്രധാന കാര്യം ശൗചാലയമാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ട് പതിറ്റാണ്ടായി ഇത് കേള്‍ക്കുന്നുവെന്നായിരുന്നു സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമയായ മനോഹരന്റെ മറുപടി.

മുട്ടരുത് കുടിവെള്ളം

ദേവിയാര്‍, പത്താം മൈല്‍ മേഖലയിലെത്തിയപ്പോള്‍ ദേവിയാറിലെ ജലനിധി കുടിവെള്ള പദ്ധതിയായിരുന്നു കാണുന്നവരുടെയെല്ലാം പരാതി. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികളെ നേരില്‍ കണ്ടു. എല്ലാവരും ഒരാഴ്ച കൊണ്ട് ക്ഷീണിച്ചിട്ടുണ്ട്. ഉറക്കമില്ലാതെ രാത്രി പോലുമുള്ള പ്രചാരണം. ഒരു സ്ഥാനാര്‍ഥി നേരിട്ട് പറഞ്ഞു. മുഖത്ത് മാസക് വെച്ച് വരുന്നതിനാല്‍ സ്ഥാനാര്‍ഥികളെ മനസ്സിലാവുന്നില്ലെന്നാണ് കൊരങ്ങാട്ടി കുടിയിലെ അളകന്റെ പരാതി. വീട് കിട്ടിയതല്ലെ വോട്ട് ചെയ്യണമെന്നും അളകന്‍ പറയുന്നു.

പ്ലാമലയിലെ കുടികളില്‍ വോട്ടില്ലാത്ത നാല് പേരെ നേരില്‍ കാണാനായി. ആരും വോട്ട് ചേര്‍ക്കാന്‍ ഇതുവഴി വന്നിട്ടില്ലെന്നും ഈ വയോധികന്‍ പറയുന്നു. കുറത്തികുടി പോകുവാന്‍ വേണ്ടിയാണ് ഞങ്ങള്‍ പുറപ്പെട്ടതെങ്കിലും റോഡില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്ന് ജീപ്പ് ഡ്രൈവറായ അളകപ്പന്‍ പറഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പിന് പഴയ പ്രൗഢിയില്ലെന്ന് അഞ്ചാംമൈലില്‍ വെച്ച് യാദൃശ്ചികമായി കണ്ട 80-കാരനായ പൈലി ചേട്ടന്റെ കമന്റ്. വൈകീട്ട് അടിമാലി ടൗണില്‍ എത്തുബോള്‍ നാട്ടുകാരുടെ സംസാര വിഷയം വെള്ളിയാഴ്ച രാവിലെ കേരളത്തില്‍ വീശാവുന്ന ചുഴലിക്കാറ്റായിരുന്നു. തിരഞ്ഞെടുപ്പ് ചര്‍ച്ചകളെല്ലാം വഴിമാറിയിരിക്കുന്നു. പ്രകൃതി ഏതോ ദുരുന്തത്തെ പ്രതീക്ഷിക്കുന്നതു പോലുള്ള അന്തരീക്ഷവും. നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴയും.

content highlights: adimali panchayath election