കൊല്ലം: ആന്റിനയും ഹെല്‍മെറ്റും മുതല്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുംവരെ 75 ചിഹ്നങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ കാത്തിരിക്കുന്നത്.

മനസ്സില്‍ പോരാട്ടവീര്യം നിറഞ്ഞ സ്ഥാനാര്‍ഥികളെ, കോര്‍ത്തുവെച്ചരിക്കുന്ന രണ്ടുവാള്‍, രണ്ടുവാളും ഒരു പരിചയും, എരിയുന്ന പന്തം എന്നീ ചിഹ്നങ്ങള്‍ തൃപ്തിപ്പെടുത്തിയേക്കും. കായികപ്രേമികള്‍ക്ക് ക്രിക്കറ്റ് ബാറ്റ്, ഫുട്ബോള്‍, ഹോക്കിസ്റ്റിക്കും പന്തും, ടെന്നീസ് റാക്കറ്റ്, കാരംബോര്‍ഡ് എന്നിവ തിരഞ്ഞെടുക്കാം.

പഴങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് ആപ്പിള്‍, മുന്തിരിക്കുല, മാങ്ങ, പൈനാപ്പിള്‍ എന്നിവയെ ആശ്രയിക്കാം. വാഹനപ്രേമികള്‍ക്ക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍, തീവണ്ടി എന്‍ജിന്‍, കപ്പല്‍ എന്നിവ തിരയാം. കൈവണ്ടിയുമാകാം. സംഗീതപ്രേമികള്‍ക്ക് വയലിന്‍, പെരുമ്പറ, ട്രംപറ്റ്, ഹാര്‍മോണിയം, ചെണ്ട, ഓടക്കുഴല്‍ എന്നിവയുണ്ട്.

പൂക്കളില്‍ റോസാപ്പൂവ്, പച്ചക്കറിയില്‍ കാരറ്റ് എന്നിവമാത്രമേ തിരഞ്ഞെടുക്കാനുള്ളൂ.

സ്വതന്ത്രര്‍ക്കുള്ള മറ്റു ചിഹ്നങ്ങള്‍

അലമാര, മഴു, ബലൂണ്‍, ബെഞ്ച്, ബ്ലാക്ക് ബോര്‍ഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി (ബക്കറ്റ്), ക്യാമറ, മെഴുകുതിരികള്‍, കോട്ട്്, ശംഖ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, ഇലക്ട്രിക് സ്വിച്ച്, ഗ്യാസ് സ്റ്റൗ, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റില്‍, പട്ടം, എഴുത്തുപെട്ടി, താഴും താക്കോലും, കലപ്പ, പ്രഷര്‍ കുക്കര്‍, മോതിരം, റബ്ബര്‍ സ്റ്റാമ്പ്, കത്രിക, തയ്യല്‍ മെഷീന്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ ഫാന്‍, മേശവിളക്ക്, ടെലിഫോണ്‍, പമ്പരം, വൃക്ഷം, കുട, പമ്പ്, ടാപ്പ്, വിസില്‍, ജന്നല്‍. സ്വതന്ത്രരുടെ ചിഹ്നങ്ങള്‍ അനുവദിക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ക്ക് മുന്‍ഗണന ലഭിക്കും. ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമേ രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ക്കും പ്രത്യേക ചിഹ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്.

ദേശീയ കക്ഷികള്‍ ഏഴ്

ഏഴ് ദേശീയ രാഷ്ട്രീയകക്ഷികളാണ് തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ പട്ടികയിലുള്ളത്. ബഹുജന്‍ സമാജ് പാര്‍ട്ടി-ആന, ബി.ജെ.പി.-താമര, സി.പി.ഐ.-ധാന്യക്കതിരും അരിവാളും, സി.പി.എം.-ചുറ്റികയും അരിവാളും നക്ഷത്രവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ, എന്‍.സി.പി.-നാഴികമണി, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്-പുഷ്പങ്ങളും പുല്ലും.

സംസ്ഥാന പാര്‍ട്ടികള്‍

കേരള സംസ്ഥാന രാഷ്ട്രീയകക്ഷികള്‍ക്കുള്ള ചിഹ്നങ്ങള്‍: നാലുപാര്‍ട്ടികളാണ് ഈ ഗണത്തില്‍ -ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്-ഏണി. ജനതാദള്‍ (സെക്യുലര്‍)-തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്ത്രീ. കേരള കോണ്‍ഗ്രസ് (എം)-രണ്ടില. ആര്‍.എസ്.പി.-മണ്‍വെട്ടിയും മണ്‍കോരിയും.

രജിസ്റ്റേഡ് പാര്‍ട്ടികള്‍

മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പാര്‍ട്ടികളും കേരള നിയമസഭയിലോ തദ്ദേശസ്ഥാപനങ്ങളിലോ പ്രാതിനിധ്യമുള്ള രജിസ്റ്റേഡ് പാര്‍ട്ടികളും 28 എണ്ണമുണ്ട്.

ചിഹ്നങ്ങള്‍ അനുവദിക്കുന്നതിങ്ങനെ

സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രികയില്‍ മൂന്നു ചിഹ്നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ആവശ്യപ്പെടാം. ഒരുചിഹ്നം ഒരാള്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെങ്കില്‍ അത് അയാള്‍ക്കുതന്നെ നല്‍കും.

രണ്ടോ അതിലധികമോ ആളുകള്‍ ഒരേചിഹ്നം ആവശ്യപ്പെട്ടാല്‍ നറുക്കെടുപ്പിലൂടെ അവകാശിയെ നിശ്ചയിക്കും. ദേശീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന പാര്‍ട്ടികള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള ചിഹ്നങ്ങള്‍തന്നെ നല്‍കും.

മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാര്‍ട്ടികള്‍ക്കും ഈ പരിഗണന പരമാവധി ലഭിക്കും. സംസ്ഥാന നിയമസഭയിലോ തദ്ദേശസ്ഥാപനങ്ങളിലോ പ്രാതിനിധ്യമുള്ള രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് കഴിവതും അവര്‍ ആവശ്യപ്പെടുന്ന ചിഹ്നം നല്‍കും. ഇതില്‍പ്പെടാത്ത രജിസ്റ്റേഡ് പാര്‍ട്ടികള്‍ക്ക് സ്വതന്ത്രചിഹ്നങ്ങളില്‍നിന്ന് ലഭ്യതയനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ നല്‍കും.

content highlights: from antenna to mobile phone; election symbols for independent candidates