കാക്കനാട്: ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ തൃക്കാക്കര നഗരസഭ ഭരിക്കുക എന്ന ലക്ഷ്യത്തോടെ മുന്നണികൾ. നഗരസഭാ ഭരണം ആർക്കാകുമെന്ന് തീരുമാനിക്കുന്നത് 43 വാർഡുകളിലായുള്ള 60,923 വോട്ടർമാരാണ്. വോട്ടർമാരിൽ 29,285 പുരുഷൻമാരും 31,634 സ്ത്രീകളും നാല് ട്രാൻസ്ജെൻഡേഴ്സുമാണ് ഉള്ളത്.

2010-ലാണ് തൃക്കാക്കര പഞ്ചായത്തിനെ 43 വാർഡുകളുള്ള നഗരസഭയാക്കി ഉയർത്തിയത്. പഞ്ചായത്ത് ആയിരുന്നപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും മാറി മാറിയായിരുന്നു ഭരണം.

നഗരസഭയായുള്ള ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കേവല ഭൂരിപക്ഷം ലഭിച്ചു. 2010-2015-ൽ കോൺഗ്രസിലെ പി.ഐ. മുഹമ്മദാലിയും ഷാജി വാഴക്കാലയുമായിരുന്ന ചെയർമാൻമാർ.

28 യു.ഡി.എഫ്. അംഗങ്ങളുടെയും രണ്ട് സ്വതന്ത്രമാരുടെയും പിന്തുണയോടെയായിരുന്നു ഭരണം.

2010-ലെ കൗൺസിലിൽ 13 അംഗങ്ങളായിരുന്നു എൽ.ഡി.എഫിന്. ഈ കൗൺസിൽ കാലത്ത് അംഗസംഖ്യ 20-ലേക്ക് കുതിച്ചു. ഇരു മുന്നണികൾക്കും ഭൂരിപക്ഷമില്ലാതയോടെ സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു.

കെ.കെ. നീനു, ഷീല ചാരു, ഉഷ പ്രവീൺ എന്നിവർ ഒന്നിനു പിറകെ ഒന്നായി അധ്യക്ഷരായി. ഇതിനിടെ രാഷ്ട്രീയ നീക്കത്തിൽ ഒരുവർഷം കോൺഗ്രസിലെ എം.ടി. ഓമനയും ചെയർപേഴ്സനായി. തുടർന്ന് മറ്റൊരു നീക്കത്തിലൂടെ സി.പി.എം. ഭരണം തിരിച്ചുപിടിക്കുകയും ചെയ്തു.

ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തനം.