കൊച്ചി : രക്തം മാറ്റിക്കയറ്റി ആശുപത്രിയില്‍ നിന്നെത്തിയിട്ട് അധികദിവസമായില്ല. പക്ഷേ, അതുകൊണ്ടെന്താ... വീട്ടിനകത്ത് ഒതുങ്ങിക്കൂടാനൊന്നും അബീഷയെ കിട്ടില്ല. കുഞ്ഞുണ്ണിക്കരയിലെ വോട്ടര്‍മാരെ കാണാന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങും. സ്‌കൂട്ടറിലാണ് മണ്ഡല പര്യടനം. ഉച്ചയാകും വീട്ടില്‍ മടങ്ങിയെത്താന്‍. പിന്നെ വൈകീട്ട് വീണ്ടും പ്രചാരണത്തിലേക്ക്.

വയ്യാത്ത കുട്ടിയെന്ന സഹതാപം കേട്ട് ഒതുങ്ങിക്കൂടിയ ഒരു കാലമുണ്ട് കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കരയിലെ ഈ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക്. തലസീമിയ മേജറെന്ന രക്തജന്യരോഗം തിരിച്ചറിയുന്നത് മൂന്നു മാസം പ്രായമുള്ളപ്പോഴാണ്. അന്നുമുതലുള്ള ചികിത്സയാണ്. ഇപ്പോള്‍ 28 വയസ്സായി. 24 ദിവസം കൂടുമ്പോള്‍ ശരീരത്തിലെ രക്തം മാറ്റണം. മൂന്നുവയസ്സുള്ള മകള്‍ക്കും ഇതേ അസുഖമാണ്. മജ്ജ മാറ്റിവയ്ക്കലാണ് കുഞ്ഞിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചികിത്സ തുടങ്ങിയെങ്കിലും കോവിഡ് കാരണം തുടരാനായില്ല.

വയ്യായ്ക തീര്‍ക്കുന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാനാണ് അബീഷയുടെ ശ്രമം. 'എന്നെപ്പോലെ ഒരുപാട് പേരുണ്ട്. അവര്‍ക്ക് പ്രചോദനമാകുകയാണ് ലക്ഷ്യം. ഞങ്ങള്‍ക്കും ചിലതെല്ലാം ചെയ്യാനാകുമെന്ന് തെളിയിക്കണം', അബീഷയുടെ വാക്കുകളില്‍ തെളിയുന്നത് ആത്മവിശ്വാസമാണ്.
വീട്ടിനുള്ളില്‍ ഒതുങ്ങുമെന്ന് എല്ലാവരും വിധിയെഴുതിയവള്‍ മിടുക്കിയായാണ് പഠിച്ചത്. ബി കോം ജയിച്ചു. ഒരു വര്‍ഷത്തോളം സഹകരണബാങ്കില്‍ ജോലി ചെയ്തു. ഇതിനിടെയായിരുന്നു ആഷിക്കുമായുള്ള വിവാഹം. സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യവും ഇനി  മുന്നിലുണ്ട്.

തലസീമിയ മേജര്‍

രക്തജന്യരോഗമാണിത്. സംസ്ഥാനത്ത് ആയിരത്തോളം തലസീമിയ മേജര്‍ രോഗികളുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി പറയുന്നത്. ശരീരത്തിനാവശ്യമായ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. രക്തം മാറ്റലാണ് ഭൂരിഭാഗവും പിന്തുടരുന്നത്. മജ്ജ മാറ്റിവയ്ക്കലിലൂടെ ചെറിയൊരു ശതമാനത്തിന് രോഗം ഭേദമാകുന്നുണ്ട്. തലസീമിയ ബാധിതയായ ഒരു യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറയുന്നു.

content highlights: thalassemia major patient abeesha contesting in local body election